നഗരസഭയിലെ ഐക്കരക്കോണം ഇഞ്ചത്തടം ഭാഗത്ത്
കണ്ടെത്തിയ അജ്ഞാതജീവിയുടെ കാൽപ്പാട്
പുനലൂർ: നഗരസഭയിലെ ഐക്കരക്കോണത്തും പുലിയോട് സാദൃശ്യമുള്ള അജ്ഞാതജീവിയെ കണ്ടതോടെ ജനങ്ങൾ ഭയപ്പാടിൽ. അഞ്ചുദിവസം മുമ്പ് നഗരസഭയിലെ തെങ്ങുതറയിൽ റബർതോട്ടത്തിൽ ടാപ്പിങ് തൊഴിലാളി പുലിയെ കണ്ടതിനെതുടർന്ന് വനംവകുപ്പ് നിരീക്ഷണ കാമറ സ്ഥാപിച്ചിരുന്നു. തിങ്കളാഴ്ച രാത്രി 12.30 ഓടെ ഐക്കരക്കോണം ഇഞ്ചത്തടം റോഡിൽ കാറിൽ സഞ്ചരിച്ചിരുന്ന പ്രദേശവാസിയായ യുവാവാണ് പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടത്. റോഡിന് കുറുകെ ചാടിയ ജീവിക്ക് പിന്നാലെ നായ്ക്കളും കുരച്ചെത്തിയിരുന്നു. കാർ കണ്ടതോടെ ജീവി കാട്ടിലേക്ക് കയറി രക്ഷപ്പെട്ടു. യുവാവ് അറിയിച്ചതനുസരിച്ച് പ്രദേശവാസികൾ എത്തി തിരഞ്ഞെങ്കിലും ജീവിയെ കണ്ടെത്താനായില്ല.
അഞ്ചലിൽനിന്ന് വനംവകുപ്പിന്റെ ആർ.ആർ.ടി സംഘം ചൊവ്വാഴ്ച രാവിലെ സ്ഥലത്തെത്തി. ഇവരുടെ പരിശോധനയിൽ ജീവിയുടെ കാൽപ്പാടുകൾ കണ്ടെത്തി. എന്നാൽ ഇത് പുലിയുടേതാണെന്ന് സ്ഥിരീകരിച്ചില്ല. കാട്ടുപൂച്ച, പാക്കണ്ടൻ പോലെയുള്ള ജീവിയുടെ കാൽപ്പാടാകാനാണ് സാധ്യതയെന്നും സംഘം പറഞ്ഞു. പലയിടങ്ങളിലും ഇത്തരം ജീവികൾ രാത്രിസമയത്ത് ഇറങ്ങാറുണ്ടത്രെ. എന്നാൽ മുൻകരുതലെന്ന നിലയിൽ രാത്രിയിൽ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും അജ്ഞാതജീവികളെ കണ്ടെത്തിയാൽ അറിയിക്കണമെന്നും സംഘം സൂചിപ്പിച്ചു. തെങ്ങുംതറയിൽ കാമറ സ്ഥാപിച്ചെങ്കിലും ഇതുവരെയും പുലിയുടെ ദൃശ്യം ലഭിച്ചില്ല.
കല്ലടയാറിന്റെ തീരത്തുള്ള നഗരസഭയിലെ പലഭാഗങ്ങളിലും കാട്ടുപന്നിയും മലമ്പാമ്പുകളും സാധാരണമാണ്. തൊട്ടടുത്തുള്ള ചാലിയക്കര, ഉപ്പുകുഴി തുടങ്ങിയ പ്രദേശങ്ങളിൽ പുലിയിറങ്ങി വളർത്തുമൃഗങ്ങളെ പിടിക്കാറുണ്ട്. ഇവിടങ്ങളിൽ നിന്ന് പുലി നഗരസഭയിലെ മറ്റ് ജനവാസമേഖലയിലേക്കും എത്തുന്നതിന് വലിയ ദൂരമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.