വഴിയോര കച്ചവടത്തൊഴിലാളി യൂനിയൻ സി.ഐ.ടി.യു നേതൃത്വത്തിൽ വടക്കേവിള സോണൽ ഓഫിസ് ഉപരോധിക്കുന്നു  

പഴയ ദേശീയപാത കൈയേറി കച്ചവടം നടത്തിയവരെ ഒഴിപ്പിച്ചു

ഇരവിപുരം: പഴയ ദേശീയപാതയുടെ വശങ്ങൾ കൈയേറി കച്ചവടം നടത്തിയിരുന്നവരെ വൻ പൊലീസ് സംഘത്തിന്റെ അകമ്പടിയോടെ കോർപറേഷൻ അധികൃതർ ഒഴിപ്പിച്ചു. ഒഴിപ്പിക്കൽ തടയാൻ എത്തിയ വഴിയോര കച്ചവട തൊഴിലാളി യൂനിയൻ ജില്ല ഭാരവാഹികളായ സജീവ്, ത്യാഗരാജൻ എന്നിവരെ കസ്റ്റഡിയിൽ എടുത്ത ശേഷമാണ് കച്ചവടക്കാരെ ഒഴിപ്പിച്ചത്. ഒഴിപ്പിക്കൽ നടപടിയിൽ പ്രതിഷേധിച്ച് വഴിയോര കച്ചവട തൊഴിലാളി യൂനിയൻ കോർപറേഷൻ വടക്കേവിള സോണൽ ഓഫിസിൽ ഉപരോധ സമരം നടത്തി. പഴയ ദേശീയപാതയിൽ പഴയാറ്റിൻകുഴിയിൽ റോഡ് കൈയേറി കച്ചവടം നടത്തിയിരുന്ന വരെയാണ് കോർപറേഷൻ അധികൃതർ ഒഴിപ്പിച്ചത്.

ബുധനാഴ്ച ഇവിടെ കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനായി കോർപറേഷൻ അധികൃതർ എത്തിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് ഒഴിപ്പിക്കൽ നടപടികൾ ഒഴിവാക്കി ഉദ്യോഗസ്ഥർ തിരികെ പോവുകയായിരുന്നു. കേന്ദ്രസർക്കാർ നിയമപ്രകാരം കോർപറേഷൻ വെൻഡിങ് സോണായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലമാണ് പഴയാറ്റിൻകുഴി എന്നും അതിനാൽ ഒഴിഞ്ഞു പോകാൻ പറ്റില്ലെന്നുമായിരുന്നു കച്ചവടക്കാരുടെയും യൂനിയന്റെയും നിലപാട്. യൂനിയൻ ഭാരവാഹികൾ എതിർപ്പുമായി രംഗത്തെത്തിയതിനെ തുടർന്ന് ബലപ്രയോഗത്തിലൂടെ ഇവരെ ഒഴിവാക്കി കച്ചവടക്കാരെ ഒഴിപ്പിക്കുകയായിരുന്നു.

വഴിയോര കച്ചവടതൊഴിലാളി യൂനിയൻ ജില്ല പ്രസിഡൻറ് എം. സജീവ്, സെക്രട്ടറി ത്യാഗരാജൻ, ജില്ല വൈസ് പ്രസിഡൻറ് ആർ. ശശിധരൻ, ജില്ല കമ്മിറ്റി അംഗം ഹലീൽ, ഡി.വൈ.എഫ്.ഐ പള്ളിമുക്ക് വില്ലേജ് സെക്രട്ടറി എ. അനന്തു എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Those who were encroaching on the old national highway and were trading were evicted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.