ശ്രീനാരായണ ഗുരു ഓപൺ സർവകലാശാലയുടെ ഒന്നാംഘട്ട സമർപ്പണാഘോഷചടങ്ങിൽ
ആദ്യ വിദേശ വിദ്യാർഥി അഫ്ഗാൻ സ്വദേശിനി ഹനീഫ കോഹിസ്താനിക്ക് മധുരം നൽകുന്ന
മന്ത്രി ആർ. ബിന്ദു
കൊല്ലം: വിദൂരവിദ്യാഭ്യാസ മേഖലയിൽ ശ്ലാഘനീയമായ പ്രവർത്തനം കാഴ്ചവെക്കാൻ ശ്രീനാരായണഗുരു ഓപൺ സർവകലാശാലക്ക് കഴിഞ്ഞതായി ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു. ശ്രീനാരായണഗുരു ഓപൺ സർവകലാശാല അക്കാദമിക നേട്ടങ്ങളുടെ ഒന്നാംഘട്ട സമർപ്പണാഘോഷം നിർവഹിച്ചുസംസാരിക്കുകയായിരുന്നു അവർ.
കുരീപ്പുഴയിലെ സർവകലാശാലയുടെ ആസ്ഥാനമന്ദിരത്തിൽ നടന്ന ചടങ്ങിൽ ഈ സർക്കാറിന്റെ കാലാവധി പൂർത്തിയാകുന്നതിനുമുമ്പുതന്നെ സർവകലാശാലക്ക് സ്വന്തമായ മന്ദിരം നിർമിക്കുമെന്നും മന്ത്രി പറഞ്ഞു. സർവകലാശാലയുടെ ബാലാരിഷ്ടതയെല്ലാം അവസാനിച്ചതായും അവർ ചൂണ്ടിക്കാട്ടി. സർവകലാശാല ആർജിച്ച നേട്ടങ്ങളും സവിശേഷതകളും ഒരുമിച്ച ഒന്നാംഘട്ട വികസനത്തിന്റെ സാക്ഷാത്കാരസമർപ്പണമാണ് നടന്നത്.
സർവകലാശാലയുടെ അടുത്ത 10 വർഷത്തേക്കുള്ള ഗതിനിർണയം വിവക്ഷിക്കുന്ന സ്ട്രാറ്റജിക് പ്ലാൻ ഔദ്യോഗികമായി അംഗീകരിച്ചു. സർവകലാശാല 28 ബിരുദ-ബിരുദാനന്തര പ്രോഗ്രാമുകളിൽ യു.ജി.സിയുടെ അംഗീകാരം കൈവരിച്ചതും യോഗത്തിൽ അറിയിച്ചു. സർവകലാശാല വികസിപ്പിച്ചെടുത്ത നാലുവർഷ ബിരുദ പാഠ്യപദ്ധതിരേഖ യു.ജി.സിയുടെ അംഗീകാരത്തിനായി സമർപ്പിക്കുന്ന ചടങ്ങും മന്ത്രി നിർവഹിച്ചു. വൈസ് ചാൻസലർ ഡോ.പി.എം. മുബാറക് പാഷ അധ്യക്ഷനായി. പി.വി.സി വി. സുധീർ, അഡ്വ. ബിജു കെ. മാത്യു, കവി കുരീപ്പുഴ ശ്രീകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.