കൊല്ലം: കൊല്ലം, പുനലൂർ വഴിയുള്ള വീക്കിലി ട്രെയിനായ താംബരം-തിരുവനന്തപുരം നോർത്ത് എ.സി എക്സ്പ്രസിന് (06035, 06036) വ്യാഴാഴ്ച ഒരുവയസ്സ് പൂർത്തിയാകുന്നു. 2024 മേയ് 15ന് താൽക്കാലികമായി ആരംഭിച്ച സർവിസാണ് ‘ജനകീയ ട്രെയിൻ’ എന്ന ഖ്യാതിനേടി ഒരുവർഷമായി കുതിച്ചുപായുന്നത്. ഈ ട്രെയിൻ സ്ഥിരം സർവിസാക്കമെന്നാവശ്യമാണ് ഉയരുന്നത്. മീറ്റർ ഗേജ് കാലഘട്ടത്തിൽ രണ്ട് ചെന്നൈ ട്രെയിനുകളുണ്ടായിരുന്ന ചെങ്കോട്ട-പുനലൂർ-കൊല്ലം റെയിൽപാത വഴി, ഗേജ് മാറ്റത്തിനുശേഷം ഒരു ചെന്നൈ സർവിസ് മാത്രമാണ് പുനരാരംഭിച്ചത്. ആറു വർഷങ്ങൾക്ക് ശേഷമാണ് രണ്ടാമത്തെ ചെന്നൈ സർവിസ് ഇതു വഴി പുനരാരംഭിച്ചത്.
ഒരു വർഷം മുമ്പ് ചെന്നൈയിലെ താംബരത്ത് നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് ആരംഭിച്ച എ.സി എക്സ്പ്രസ് വലിയ രീതിയിലുള്ള ജനപ്രീതിയാണ് നേടിയത്. തിരുവനന്തപുരത്തുനിന്ന് ചെങ്കോട്ട വഴി മറ്റ് സർവിസുകൾ ലഭ്യമല്ലാത്തതും ഈ ട്രെയിനിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. തെക്കൻ കേരളത്തിനും തെക്കൻ തമിഴ്നാട്ടിലും ഒരുപോലെ പ്രയോജനപ്രദമായ സർവിസാണിത്. ഒരോ യാത്രയിലും വെയ്റ്റിങ് ലിസ്റ്റുമായി പോകുന്ന ട്രെയിൻ ബാക്കി എല്ലാ സ്പെഷൽ ട്രെയിനുകളും നിർത്തിയിട്ടും റെയിൽവേ തുടർന്നും ഓടിച്ചു.
പൊതുവേ യാത്രക്കാർ കുറയുന്ന പരീക്ഷാകാലത്തുപോലും നിറയെ യാത്രക്കാരുമായാണ് യാത്ര. അവധിക്കാലത്ത് എല്ലാ സർവിസുകളിലും പെട്ടെന്ന് തന്നെ ടിക്കറ്റ് തീരുന്ന സ്ഥിതിയായിരുന്നു. ചെങ്കോട്ട-പുനലൂർ - കൊല്ലം റെയിൽ പാതയിലെ റെയിൽവേ സ്റ്റേഷനുകളുടെ എല്ലാം പ്ലാറ്റ്ഫോമുകളുടെ നീളം വർധിപ്പിക്കുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾ പൂർത്തിയായി കഴിഞ്ഞാൽ 18 കോച്ചുകളുള്ള താംബരം എക്സ്പ്രസിന് 22 എൽ.എച്ച്ബി കോച്ചുകൾ നൽകാൻ സാധിക്കും. ഇത് കൂടുതൽ യാത്രക്കാർക്ക് പ്രയോജനപ്രദമാകും.
തെക്കൻ കേരളത്തിലുള്ളവർക്ക് വളരെ ചുരുങ്ങിയ സമയം കൊണ്ട് ചെന്നൈയിൽ എത്തിച്ചേരാൻ പറ്റും എന്നതും പ്രത്യേകതയാണ്. പശ്ചിമഘട്ട മലനിരകളിലൂടെയുള്ള യാത്ര വളരെ മനോഹരമായ അനുഭൂതി സമ്മാനിക്കുന്നു എന്നത് വിനോദയാത്രക്കാരുടെ ഇഷ്ട സർവിസായും ട്രെയിനിനെ മാറ്റിയത്. റെയിൽവേക്ക് മികച്ച വരുമാനവും യാത്രക്കാർക്ക് സൗകര്യവും പ്രദാനം ചെയ്യുന്ന ഈ സർവിസ് സ്ഥിരമാക്കാൻ ജനപ്രതിനിധികളുടെ ഇടപെടൽ അനിവാര്യമാണെന്ന് യാത്രക്കാർ ചൂണ്ടികാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.