കൊല്ലം കടൽത്തീരം (ഫയൽ ചിത്രം)
കൊല്ലം: കൊല്ലം പരപ്പ് മേഖലയിൽ അടക്കം സംസ്ഥാനത്തെ തീരക്കടലിലും ആഴക്കടലിലും മണൽ ഖനനം ചെയ്യാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ ആശങ്കയിലായ തീരദേശ നിവാസികൾ സംരക്ഷണ ശൃംഖലയൊരുക്കി കടുത്ത പ്രതിഷേധത്തിനൊരുങ്ങുന്നു. കൊല്ലത്തെ ഫിഷിങ് ബാങ്കായി അറിയപ്പെടുന്ന വർക്കല മുതൽ ആലപ്പുഴയിലെ അമ്പലപ്പുഴ വരെ കിലോമീറ്ററുകളോളം വ്യാപിച്ചുകിടക്കുന്ന പരപ്പ് പ്രദേശം അന്താരാഷ്ട്ര വിപണിയിൽതന്നെ വിലയുള്ള മത്സ്യങ്ങളുടെ ആവാസ കേന്ദ്രമാണ്.
ഇന്ത്യയുടെ തെക്ക് പടിഞ്ഞാറ് തീരത്തെ ഏറ്റവും വലിയ മത്സ്യസമ്പത്തിന്റെ കേന്ദ്രമായാണ് കൊല്ലം പരപ്പ് അറിയപ്പെടുന്നത്. കടലിന്റെ ഒന്നരമീറ്റർ അടിത്തട്ടിൽനിന്ന് ചെളി നീക്കംചെയ്ത് മണൽ ഖനനംചെയ്യാനുള്ള കേന്ദ്രനീക്കം മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥയെ തകർക്കുകയും മത്സ്യബന്ധന മേഖലയെ നശിപ്പിക്കുകയും ചെയ്യുമെന്ന ആശങ്കയിലാണ് മത്സ്യതൊഴിലാളികളും മത്സ്യബന്ധന മേഖലയിൽ പണിയെടുക്കുന്നവരും.
ജൈവ സമ്പത്തിന്റെയും മത്സ്യ കേന്ദ്രീകരണത്തിന്റെയും ഉറവിടം ഈ മേൽമണ്ണാണ്. രാജ്യത്തെ സുസ്ഥിരമായ പരിസ്ഥിതി ആവാസ മേഖലയെ തകർക്കുന്ന നീക്കം ഏതുസ്വഭാവത്താലും തടയുമെന്ന പ്രഖ്യാപനവുമായി വിവിധ മത്സ്യതൊഴിലാളി സംഘടനകൾ രംഗത്തു വന്നുകഴിഞ്ഞു.
മണൽ ഖനനത്തിനുള്ള താല്പര്യപത്രങ്ങൾ ഫെബ്രുവരി 18നകം സമർപ്പിക്കാനാണ് നിർദേശം. 27ന് ടെണ്ടർ നടപടികൾ പൂർത്തീകരിക്കും. കൊല്ലം തീരത്ത് മാത്രം 242 ചതുരശ്ര കിലോമീറ്റർ കടൽ ഖനനത്തിന് തുറന്ന് കൊടുക്കുമെന്നാണ് സർക്കാർ പുറത്തിറക്കിയ ടെണ്ടർ വിജ്ഞാപനം വ്യക്തമാക്കുന്നത്.
ചെമ്മീൻ ഇനങ്ങളായ ബ്ലാക്ക് ടൈഗർ, റെഡ് ടൈഗർ, നാരൻ, കരിക്കാടി, പുല്ലൻ, പൂവാലൻ ഇനങ്ങളും നെയ്മീൻ, കണവ, കണ്ണൻ കുഴവ, ഒട്ടുകണവ, പേകണവ, ഓലകണവ, കിളിമീൻ,അയല എന്നിങ്ങനെ വിലകൂടിയ ഒട്ടുമിക്ക മത്സ്യങ്ങളുടെയും വൻ ശേഖരമാണ് ഈ പ്രദേശത്തുള്ളത്. മണൽ ഖനനം നടന്നാൽ അവയുടെയെല്ലാം ആവാസ വ്യവസ്ഥ തകരും. 12 നോട്ടിക്കൽമൈൽ വരെ തീരദേശത്തിന്റെ പരിപാലനം സംസ്ഥാന സർക്കാറിനായിരുന്നത് 2011 മുതലാണ് കേന്ദ്രസർക്കാർ ഏറ്റെടുത്തത്.
പുറംകടൽ ധാതുഖനനവുമായി ബന്ധപെട്ടും ഒരുവർഷം മുമ്പ് കേന്ദ്ര സർക്കാർ നിയമം ഭേദഗതി ചെയ്തിരുന്നു. ഇതൊക്കെയാണ് വൻതോതിലെ മണൽ ഖനനത്തിന് വഴിയൊരുക്കിയിരിക്കുന്നത്. പരപ്പ് മേഖലയിൽ മാത്രം മത്സ്യ ബന്ധനവും അനുബന്ധ തൊഴിലുമായി ഉപജീവനം കഴിക്കുന്നത് ലക്ഷക്കണക്കിനാളുകളാണ്.
അതുപോലെ സർക്കാരിന് വദേശനാണ്യം നേടിത്തരുന്നതടക്കം സാമ്പത്തിക രംഗത്തും ഈ മേഖലയുടെ സംഭാവന ചെറുതല്ല. മത്സ്യമേഖലയുമായി ബന്പ്പെട്ട തൊഴിലാളി സംഘടനകൾ എല്ലാംതന്നെ പ്രതിഷേധവുമായി രംഗത്തുവന്നുകഴിഞ്ഞു. ഫെബ്രുവരി എട്ടിന് സി.ഐ.ടി.യു നിയന്ത്രണത്തിലുള്ള മത്സ്യതൊഴിലാളി യൂനിയൻ 500ലേറെ വള്ളങ്ങളും ബോട്ടുകളുമായി കടൽ സംരക്ഷണ ശൃംഖല സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.
1500ഓളം തൊഴിലാളികളെ പങ്കെടുപ്പിച്ചാണ് ഈ സമരം. മത്സ്യത്തൊഴിലാളി ഫെഡറേഷനും ഫിഷിംങ് ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷനും കേരള ലാറ്റിൻ കത്തോലിക് അസോസിയേഷനും സമര പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്. സമരം നടത്തുമെന്ന് കൊല്ലം ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.