ശാസ്താംകോട്ടയിലെ ചന്തക്കുരങ്ങുകൾക്ക് അപൂർവ രോഗം

ശാസ്താംകോട്ട: ശാസ്താംകോട്ട തടാകതീരത്തെ ചന്തക്കുരങ്ങുകൾക്കിടയിൽ വൻതോതിൽ രോഗബാധ. ഒരാഴ്ചക്കുള്ളിൽ മൂന്ന് കുരങ്ങുകൾ ചത്ത നിലയിൽ കാണപ്പെട്ടതോടെ നാട്ടുകാരും പരിസ്ഥിതിപ്രവർത്തകരും ആശങ്കയിലാണ്. കുരങ്ങുകൾക്ക് പിടിപെട്ടിരിക്കുന്നത് പകർച്ചവ്യാധിയാണോയെന്ന ഭീതിയിലാണ് പ്രദേശവാസികൾ.

ടൗൺ, ശങ്കരമംഗലം നഗർ, മനക്കര, പള്ളിശ്ശേരിക്കൽ ഭാഗങ്ങളിലായി കഴിയുന്ന 150ഓളം ചന്തക്കുരങ്ങുകൾക്കിടയിലാണ് രോഗം പടരുന്നത്. ഇവ സംഘങ്ങളായി സഞ്ചരിക്കുന്നതിനാൽ രോഗവ്യാപനതോത് വർധിക്കാൻ സാധ്യതയുണ്ട്. രോഗം വ്യാപിച്ച കുരങ്ങുകൾ സാധാരണ കണ്ടുവരുന്ന അസുഖങ്ങളിൽ നിന്ന് വ്യത്യസ്തമായ ഗുരുതര ലക്ഷണങ്ങളാണ് കാണിക്കുന്നത്. തുടക്കത്തിൽ രോമങ്ങൾ ജട പിടിക്കുകയും പിന്നീട് പൂർണമായും പൊഴിഞ്ഞ് ശരീരം ചുവന്നനിറമാകുന്നു.

പിന്നാലെ തീറ്റയെടുക്കാതെ കുരങ്ങുകൾ തീർത്തും അവശരാകുന്നു. അസുഖം ബാധിച്ചവ തണുപ്പുള്ളതും ഇടുങ്ങിയതുമായ സ്ഥലങ്ങളിൽ അഭയം പ്രാപിക്കുകയും അവിടെക്കിടന്ന് ചാവുകയുമാണ് പതിവ്. ജഡം ചീഞ്ഞുനാറുമ്പോഴാണ് പലപ്പോഴും വിവരം പുറത്തറിയുന്നത്. ചന്തക്കുരങ്ങുകൾ വനംവകുപ്പിന്റെ സംരക്ഷണ പരിധിയിൽവരുന്നവയായതിനാൽ, വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പഞ്ചായത്ത് അംഗം എസ്. ദിലീപ്‌കുമാർ ഇത് സംബന്ധിച്ച് കോന്നി റേഞ്ച് ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിച്ചിട്ടുണ്ട്. അതിനിടെ ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ കഴിയുന്ന അമ്പലക്കുരങ്ങുകൾക്ക് നിലവിൽ രോഗബാധയില്ല. 

Tags:    
News Summary - Rare disease among monkeys in Sasthamkotta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.