ജനുവരി അഞ്ചിന് ശാസ്താംകോട്ട പോസ്റ്റ്
ഓഫിസിൽ നിന്ന് അയച്ച കത്ത്
ശാസ്താംകോട്ട: കുന്നത്തൂർ തഹസിൽദാറുടെ ഓഫിസിലെ ജീവനക്കാരനെ അന്വേഷണത്തിൽ നിന്ന് ഒഴിവാക്കാൻ വിചിത്ര നടപടി സ്വീകരിച്ചതായി പരാതി. അന്വേഷണത്തിന് ഹാജരാകാൻ പരാതിക്കാരിക്ക് കത്ത് അയച്ചത് ഹാജരാകേണ്ട ദിവസം. പരാതിക്കാരിക്ക് കത്തുകിട്ടിയതാകട്ടെ അടുത്ത ദിവസം ഉച്ചക്ക്. കുന്നത്തൂർ താലൂക്ക് ഓഫിസിലെ ഡ്രൈവറും പടിഞ്ഞാറേക്കല്ലട സ്വദേശിയുമായ സി.എസ്. സന്തോഷ്‌കുമാറിനെതിരെ പടിഞ്ഞാറേക്കല്ലട പഞ്ചായത്ത് ഹരിത കർമ സേന അംഗമായ അശ്വതി നൽകിയ പരാതിയിലാണ് ഈ നടപടി.
സമൂഹ മാധ്യമങ്ങളിലൂടെ ഹരിതകർമ സേന അംഗങ്ങളെ അധിക്ഷേപിക്കുകയും സർക്കാറിനെ അധിക്ഷേപിക്കുകയും ചെയ്തു എന്നായിരുന്നു പരാതി. പരാതിയിൽ തെളിവുകൾ സഹിതം ജനുവരി അഞ്ചിന് എത്താൻ നിർദേശിച്ച് തഹസിൽദാർ കഴിഞ്ഞ ഡിസംബർ 31ന് അറിയിപ്പിൽ ഒപ്പിട്ടിട്ടുണ്ട്. എന്നാൽ, ഈ അറിയിപ്പ് ഓഫിസിൽ നിന്ന് ശാസ്താംകോട്ട പോസ്റ്റ് ഓഫിസിൽ എത്തിയത് ജനുവരി അഞ്ചിന്. പരാതിക്കാരിയുടെ കൈയിൽ അറിയിപ്പ് കിട്ടിയത് ജനുവരി ആറിന്.
ജീവനക്കാരനെതിരെയുള്ള അന്വേഷണം അട്ടിമറിക്കാൻ തഹസിൽദാറുടെ ഓഫിസ് ഇടപെട്ടതിന്‍റെ ഭാഗമാണ് ഈ വിചിത്ര നടപടി എന്നാണ് പരാതി. അഞ്ചിന് ഹാജരായില്ല എന്ന പേരിൽ പരാതി അവസാനിപ്പിക്കുവാനും കഴിയും. ഇതിനെതിരെ കലക്ടർ, ഓംബുഡ്സ്മാൻ, വിവരാവകാശ കമ്മീഷൻ എന്നിവർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് പരാതിക്കാരി. നടപടിക്ക് എതിരെ കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.