കുന്നത്തൂർ താലൂക്ക് വികസനസമിതി യോഗത്തിൽ ജനപ്രതിനിധികളും രാഷ്ടീയ പാർട്ടി പ്രതിനിധികളും പങ്കെടുക്കാത്തതിനെ
തുടർന്ന് ഒഴിഞ്ഞുകിടക്കുന്ന കസേരകൾ
ശാസ്താംകോട്ട: താലൂക്കിന്റെ വികസനവും അടിസ്ഥാനപരവുമായ കാര്യങ്ങൾ ചർച്ച ചെയ്യേണ്ട വികസനസമിതി യോഗത്തിൽ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുക്കാത്തതിനാൽ യോഗം കൂടാനാകാതെ പിരിഞ്ഞു. ശനിയാഴ്ച താലൂക്ക് കോൺഫറൻസ് ഹാളിൽ വിളിച്ചുചേർത്ത യോഗമാണ് ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും അലംഭാവം മൂലം നടക്കാതെ പോയത്. കോവൂർ കുഞ്ഞുമോൻ എം.എൽ.എയാണ് യോഗത്തിൽ അധ്യക്ഷത വഹിക്കേണ്ടിയിരുന്നത്.
അദ്ദേഹം എത്തിയില്ല. അധ്യക്ഷത വഹിക്കാൻ കഴിയുമായിരുന്ന ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും എത്തിയില്ല. താലൂക്ക് പരിധിയിൽ ഏഴ് പഞ്ചായത്ത് പ്രസിഡന്റുമാർ യോഗത്തിൽ എത്തേണ്ടിയിരുന്നങ്കിലും മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാത്രമാണ് എത്തിയത്. രാവിലെ 10.30ന് വിളിച്ചുചേർത്ത യോഗം 12 ആയിട്ടും തുടങ്ങാത്തതിനാൽ അദ്ദേഹം പിന്നീട് മടങ്ങി. നിരവധി രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് യോഗത്തിൽ പങ്കെടുക്കാൻ കഴിയുമെങ്കിലും രണ്ടോ-മൂന്നോ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ മാത്രമാണ് പങ്കെടുത്തത്. എന്നാൽ ഒരുവിധപ്പെട്ട ഉദ്യോഗസ്ഥർ എല്ലാം രാവിലെതന്നെ എത്തിയിരുന്നു. ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങൾ ചർച്ച ചെയ്യേണ്ട താലൂക്ക് വികസനസമിതി യോഗം ചേരാത്തതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.