തകർന്നുകിടക്കുന്ന ശാസ്താംകോട്ട-ചവറ പൈപ്പ് റോഡ്
ശാസ്താംകോട്ട: ഏറെ പ്രതീക്ഷയോടെ നിർമിച്ച ശാസ്താംകോട്ട - ചവറ പൈപ്പ് റോഡിന്റെ ഭാഗങ്ങൾ തകർന്നനിലയിൽ. 1957 ൽ ഇൻഡോ- നോർവീജിയൻ പദ്ധതി പ്രകാരം ശാസ്താംകോട്ട തടാകത്തിൽനിന്ന് കൊല്ലം പട്ടണത്തിലേക്ക് കുടിവെള്ളം കൊണ്ടുപോകുന്നതിനായി നിർമിച്ചതാണ് പൈപ്പ് റോഡ്.
ശാസ്താംകോട്ട, മൈനാഗപ്പള്ളി, തേവലക്കര, പന്മന പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡ് ചവറ ടൈറ്റാനിയത്തിന് മുന്നിലാണ് അവസാനിക്കുന്നത്. 15 മീറ്റർ വീതിയിൽ നേർരേഖ പോലുള്ള റോഡിന് 11 കിലോമീറ്ററായിരുന്നു ദൈർഘ്യം. ആദ്യകാലത്ത് സിമന്റ് പൈപ്പുകളാണ് വെള്ളം കൊണ്ടുപോകുന്നതിന് ഉപയോഗിച്ചിരുന്നതെന്നതിനാൽ വാട്ടർ അതോറിറ്റി ഇതുവഴി വാഹനഗതാഗതം അനുവദിച്ചിരുന്നില്ല.
കാലക്രമേണ റോഡിന് ഇരുവശവും താമസക്കാരുടെ എണ്ണം വർധിച്ചതോടെ വാഹന ഗതാഗതം അനുവദിക്കണമെന്ന ആവശ്യം ശക്തമായി. അന്ന് ജലവിഭവമന്ത്രിയായിരുന്ന എൻ.കെ. പ്രേമചന്ദ്രൻ ഇടപെട്ട് റോഡിന്റെ മധ്യഭാഗത്തുകൂടി മൂന്ന് മീറ്റർ വീതിയിൽ റോഡ് ടാർ ചെയ്യാൻ തീരുമാനിച്ചു. രണ്ടരക്കോടി രൂപ ചെലവഴിച്ച് 2010 ൽ വാട്ടർ അതോറിറ്റിതന്നെ റോഡ് ടാർ ചെയ്തു.
പിന്നീട് വർഷങ്ങളോളം അറ്റകുറ്റപ്പണികൾ ചെയ്യാത്തതിനാൽ റോഡ് തകർന്നു. പ്രതിഷേധം ശക്തമായതോടെ കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഇടപെട്ട് മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് വികസന ഫണ്ടിൽനിന്നുള്ള 60 ലക്ഷം രൂപ ചെലവഴിച്ച് 2011 ൽ ശാസ്താംകോട്ട മുതൽ വേങ്ങവരെ മൂന്ന് കിലോമീറ്റർ റോഡ് പുനർനിർമിച്ചെങ്കിലും നിർമാണത്തിലെ അപാകതമൂലം ഈ ഭാഗം തകർന്ന് തുടങ്ങി.
അടുത്ത സമയത്ത് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ 15 ലക്ഷവും മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ പത്ത് ലക്ഷം രൂപയും ചെലവഴിച്ച് വേങ്ങമുതൽ കോവൂർ അഞ്ച് പൈപ്പ് വരെ നന്നാക്കിയിട്ടുണ്ട്. അവിടെനിന്ന് ആറ്റുപുറംവരെ തകർന്ന് കിടക്കുകയാണ്. ആറ്റുപുറംമുതൽ ഓഡിറ്റോറിയം ജങ്ഷൻവരെ ഗ്രാമപഞ്ചായത്ത് അംഗം വർഗീസ് തരകന്റെ വാർഡിലേക്കുള്ള വിഹിതം അഞ്ചു ലക്ഷം രൂപ ഉപയോഗിച്ച് ടാർ ചെയ്തിരുന്നു. ഇവിടം മുതൽ പഞ്ചായത്തിന്റെ അതിർത്തിവരെ ഇനി ടാർ ചെയ്യാനുണ്ട്.
തേവലക്കര പഞ്ചായത്തിലൂടെ കടന്നുപോകുന്ന ഭാഗം പൂർണമായും പന്മന പഞ്ചായത്തിന്റെ തുടക്കഭാഗത്തും കാൽനടപോലും അസാധ്യമാകുന്നതരത്തിൽ റോഡ് തകർന്ന് കിടക്കുകയാണ്.
പന്മന പഞ്ചായത്തിലെ കുരീത്തറ ജങ്ഷൻ മുതൽ ടൈറ്റാനിയം ജങ്ഷൻവരെ ഡോ. സുജിത് വിജയൻപിള്ള എം.എൽ.എയുടെ ഫണ്ട് ഉപയോഗിച്ച് പുനർനിർമിച്ചിട്ടുണ്ട്. കുന്നത്തൂർ അടക്കമുള്ള കിഴക്കൻ മേഖലയിലുള്ളവർക്ക് മറ്റ് റോഡുകളെ ആശ്രയിക്കാതെ എളുപ്പത്തിൽ ദേശീയപാതയിൽ എത്തിച്ചേരാൻ കഴിയുന്ന റോഡാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.