ശാസ്താംകോട്ട: കേരളത്തെ ഞെട്ടിച്ച ശാസ്താംകോട്ട കായൽദുരന്തം നടന്നിട്ട് വ്യാഴാഴ്ച 43 ആണ്ട്. 1982 ജനുവരി 16 മകരപ്പൊങ്കലിന്റെ തലേദിവസം ശാസ്താംകോട്ട കായലിൽ വള്ളം മുങ്ങി 24 പേർ മരിക്കുകയായിരുന്നു. പ്രസിദ്ധമായ ശാസ്താംകോട്ടചന്തയിൽ എത്തി സാധനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ക്ഷേത്രദർശനം നടത്തുന്നതിനും എത്തിയ പടിഞ്ഞാറേകല്ലട സ്വദേശികളാണ് ഏറെയും മരണപ്പെട്ടത്.
മുങ്ങിമരിച്ച 24 പേരിൽ 22പേരും പടിഞ്ഞാറേ കല്ലടയിലെ വിളന്തറ ദേശക്കാരായിരുന്നു. സാധനങ്ങൾ വാങ്ങി ശാസ്താംകോട്ട അമ്പലക്കടവിൽ നിന്ന് പടി. കല്ലടയിലെ വെട്ടോലിക്കടവിലേക്ക് കടത്തുവള്ളത്തിൽ ആളുകൾ കയറി. മുമ്പേ വീടണയാനുള്ള വെപ്രാളത്തിൽ വള്ളത്തിൽ പരിധിയിലധികം പേർ കയറുകയായിരുന്നു. ഒപ്പം യഥേഷ്ടം സാധനങ്ങളും. കടത്തുകാരുടെ മുന്നറിയിപ്പും ആരും വകെവച്ചില്ല. കായലിന്റെ നടുക്ക് എത്തിയതോടെ ശക്തമായ കാറ്റിൽ വള്ളം ആടിയുലയാൻ തുടങ്ങി. വള്ളം അപകടത്തിൽപ്പെടുമെന്ന് കണ്ടതോടെ തീരത്തുനിന്ന് മറ്റൊരു വള്ളമെത്തി. ഉടൻതന്നെ എല്ലാവരും ഈ വള്ളത്തിൽ കയറാൻ തിക്കിത്തിരക്കി.
തുടർന്ന് രണ്ട് വള്ളങ്ങളും മറിയുകയായിരുന്നു. വള്ളക്കാരും നീന്തൽ അറിയാവുന്നവരും ഏറെ പേരെ രക്ഷപ്പെടുത്തിയങ്കിലും 24 പേർ കായലിന്റെ കാണാക്കയത്തിൽ മുങ്ങിത്താണു. മരിച്ചവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമായിരുന്നു. രക്ഷാപ്രവർത്തകരിൽ ചിലരും മരണപ്പെട്ടു. കൊച്ചിയിൽനിന്ന് മുങ്ങൽ വിദഗ്ധർ എത്തിയാണ് രണ്ടുമൂന്ന് ദിവസത്തിന് ശേഷം മൃതദേഹങ്ങൾ കണ്ടെടുത്തത്. ആ കാലഘട്ടത്തിൽ കായലിന്റെ ആഴം സംബന്ധിച്ച് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. രക്ഷപ്പെട്ടവരെയും രക്ഷാപ്രവർത്തകരെയും കുറിച്ചുള്ള വീരസാഹസങ്ങളും ദുരന്തത്തെ അടിസ്ഥാനമാക്കി കവിതകളും അന്ന് പ്രചരിച്ചു.
കായൽദുരന്തത്തിൽ രക്ഷപ്പെട്ട പലരും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. നമ്മുടെ കായൽ കൂട്ടായ്മ പ്രവർത്തകരുടെ നേതൃത്വത്തിൽ ഇപ്പോഴും ദുരന്തം നടന്ന ദിവസം അനുസ്മരണങ്ങൾ സംഘടിപ്പിച്ചുവരുന്നു. രക്ഷപ്പെട്ടവരും ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുമടക്കം അനുസ്മരണ ചടങ്ങിൽ പങ്കെടുക്കും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.