പുനലൂർ: കൊലക്കേസ് പ്രതിയായി തിരുവനന്തപുരം സെൻട്രൽ ജയിലിൽ റിമാൻഡില്‍ കഴിയുന്ന സി.പി.എം കൗൺസിലർക്ക് അവധി അനുവദിച്ചതിനെ ചൊല്ലി കൗൺസിലിൽ വാക്കേറ്റം.പുനലൂർ നഗരസഭ കക്കോട് വാർഡ് കൗൺസിലർ എം.പി. അരവിന്ദാക്ഷന് കൗൺസിലർ സ്ഥാനത്തുനിന്ന് മൂന്നുമാസത്തേക്ക് അവധി അനുവദിച്ചാണ് നഗരസഭ കൗൺസിൽ തീരുമാനമെടുത്തത്. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതിയുടെ ഭാര്യ തന്റെ ഭർത്താവ് സെൻട്രൽ ജയിലിൽ തടവിൽ കഴിയുകയാണെന്നും അതിനാൽ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ കഴിയുകയില്ല എന്നും ചൂണ്ടിക്കാട്ടി നൽകിയ അപേക്ഷയെ തുടർന്നാണ് കൗൺസിൽ തീരുമാനം കൈക്കൊണ്ടത്.
കഴിഞ്ഞ മേയ് 27ന് രാത്രിയിൽ കക്കോട് ഉണ്ടായ വാക്കേറ്റത്തെയും സംഘർഷത്തെയും തുടർന്ന് ബി.ജെ.പി പ്രവർത്തകനായ സുമേഷ് കൊല്ലപ്പെട്ടിരുന്നു. ഈ കേസിലാണ് അരവിന്ദാക്ഷൻ ഉൾപ്പെടെ മൂന്നു സി.പി.എമ്മുകാർ പ്രതിയായത്.ആക്രമണത്തിൽ പരിക്കേറ്റ അരവിന്ദാക്ഷനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നുമാസത്തോളമായി സെൻട്രൽ ജയിലിൽ റിമാൻഡിലാണ്. മറ്റു രണ്ടു പ്രതികൾ കൊട്ടാരക്കര സബ് ജയിലിലും റിമാൻഡിലാണ്.
മൂന്നുമാസമോ മൂന്ന് കൗൺസിൽ യോഗമോ തുടർച്ചയായി ഹാജരാകാതിരിക്കുന്ന അംഗത്തിന് കൗൺസിലർ സ്ഥാനത്തുനിന്നും അയോഗ്യത ഉണ്ടാകും. ഇതിനെ മറികടക്കാനാണ് നഗരസഭ ഇത്തരത്തിൽ ഒരു അജണ്ട തയാറാക്കി യോഗത്തിൽ അവതരിപ്പിച്ചത്. ഇതിലെ നടപടിക്രമങ്ങൾ തെറ്റാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ജയിലിൽ കഴിയുന്ന ഭർത്താവിനുവേണ്ടി ഭാര്യ നൽകുന്ന അപേക്ഷ കൗൺസിൽ യോഗത്തിൽ പരിഗണിക്കാൻ കഴിയുകയില്ല. സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്നത് അവധി അപേക്ഷിക്കാനുള്ള യോഗ്യതയല്ല എന്നുമാണ് യു.ഡി.എഫ് പാർലമെൻററി പാർട്ടി ലീഡർ ജി. ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ അംഗങ്ങൾ കൗൺസിലിൽ അഭിപ്രായപ്പെട്ടു. ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ യോഗത്തിൽ ശക്തമായ വാക്കേറ്റം ഉണ്ടായി. എങ്കിലും പ്രതിപക്ഷ അംഗങ്ങൾ നൽകിയ വിയോജിപ്പ് നിയമപരമായി രേഖപ്പെടുത്തിയ ശേഷം എൽ.ഡി.എഫ് ഭൂരിപക്ഷം ഉപയോഗിച്ച് തീരുമാനം പാസാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.