കൊല്ലം: ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രോട്ടോക്കോൾ ലംഘനവുമായി ബന്ധപ്പെട്ട പരാതിയിൽ ലോക്‌സഭാ സെക്രട്ടേറിയറ്റ് അച്ചടക്ക നടപടിക്ക് ശിപാർശ ചെയ്തു. കൊല്ലം ജില്ലയിൽ രണ്ട് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പ്രോട്ടോക്കോൾ ലംഘനവും മോശം പെരുമാറ്റവും സംബന്ധിച്ച് കൊടിക്കുന്നിൽ സുരേഷ് എം.പി സമർപ്പിച്ച പരാതിയിലാണ് ലോക്‌സഭാ സെക്രട്ടേറിയറ്റ് നടപടി സ്വീകരിച്ചത്.
2025 ഒക്ടോബർ 23ന് മൺറോത്തുരുത്ത് ഫാമിലി ഹെൽത്ത് സെന്ററിന്‍റെ ഉദ്ഘാടന ചടങ്ങ് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന്റെയും കൊടിക്കുന്നിൽ സുരേഷ് എം.പിയുടെയും സാന്നിധ്യത്തിൽ നടത്താൻ നിശ്ചയിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ടതാണ് പരാതി. മുൻകൂട്ടി ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടും, കൊല്ലം ജില്ലാ പ്രോഗ്രാം മാനേജർ (എൻ.എച്ച്.എം) ഡോ. ദേവ് കിരൺ, കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എം.എസ്. അനു എന്നിവർ പങ്കെടുത്തില്ല.
അവരുടെ അഭാവത്തിൽ പ്രോട്ടോക്കോളിന്റെ വ്യക്തമായ ലംഘനവും ഒരു കേന്ദ്ര മന്ത്രിയുടെയും പാർലമെന്റ് അംഗത്തിന്റെയും സാന്നിധ്യത്തോടുള്ള അവഗണനയും പ്രകടമാണന്ന് കണ്ടെത്തി. ലോക്സഭ സ്പീക്കർക്ക് സമർപ്പിച്ച പരാതിയിൽ ദിശ യോഗങ്ങളിൽ പങ്കെടുക്കാൻ വിസമ്മതിക്കുക, എൻ.എച്ച്.എമ്മിന് കീഴിലുള്ള കേന്ദ്രാവിഷ്കൃത പദ്ധതികളെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ നൽകാതിരിക്കുക, പാർലമെന്ററി മേൽനോട്ട ഉത്തരവാദിത്തങ്ങൾ തുടർച്ചയായി അവഗണിക്കുക എന്നിവയുൾപ്പെടെ ഉദ്യോഗസ്ഥരുടെ നിസ്സഹകരണത്തിന്റെ ആവർത്തിച്ചുള്ള സംഭവങ്ങൾ ചൂണ്ടികാട്ടിയിരുന്നു.
വിഷയം പരിഗണിച്ച ലോക്‌സഭയിലെ പ്രിവിലേജസ് കമ്മിറ്റി, ഉചിതമായ അച്ചടക്ക-ഭരണ നടപടി ശുപാർശ ചെയ്ത് പരാതി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കൈമാറി. ഉന്നയിച്ച ആശങ്കകൾ പരിശോധിച്ച് ആവശ്യമായ തുടർനടപടികൾക്കായി മന്ത്രാലയത്തിന് അയച്ചിട്ടുണ്ടെന്ന് കമ്മിറ്റി ഡെപ്യൂട്ടി സെക്രട്ടറി പുറപ്പെടുവിച്ച കത്തിലും സ്ഥിരീകരിച്ചു. പ്രോട്ടോക്കോൾ ലംഘനങ്ങളും ഔദ്യോഗിക പ്രവർത്തനങ്ങളോടുള്ള അവഗണനയും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ഭരണ അധികാരികളും തമ്മിലുള്ള ഏകോപനത്തെ ദുർബലപ്പെടുത്തുമെന്നും ആരോഗ്യ മന്ത്രാലയം ഉടനടി നടപടി സ്വീകരിക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.