പോളിയോ വാക്സിനേഷന്‍: ജില്ല പൂര്‍ണസജ്ജം

കൊല്ലം: പള്‍സ് പോളിയോ വാക്സിനേഷന് ജില്ല പൂര്‍ണ സജ്ജമെന്ന് കലക്ടര്‍. പോളിയോ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഞ്ച് വയസ്സിനുതാഴെയുള്ള കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് 28ന് നല്‍കും. ജില്ലയിലെ 1,27,375 കുട്ടികള്‍ക്ക് പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുന്നതിനുള്ള തയാറെടുപ്പ് പൂര്‍ത്തിയായി. വിവിധ ആരോഗ്യസ്ഥാപനങ്ങള്‍, അംഗന്‍വാടികള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങി നിശ്ചിത ബൂത്തുകളിലൂടെ വാക്‌സിനേഷന്‍ നടത്തും. 1,755 ബൂത്തുകള്‍ പ്രവര്‍ത്തിപ്പിക്കും.

വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാന്‍ ചേര്‍ന്ന ഇന്റര്‍ സെക്ടറല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ചേർന്നു. കലക്ടർ ആനി ജൂല തോമസ് അധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഐ.സി.ഡി.എസ്, വിദ്യാഭ്യാസവകുപ്പ്, ഐ.എം.എ, ഐ.എ.പി, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ പങ്കാളിത്തം ഉറപ്പാക്കും. ഇതരസംസ്ഥാന തൊഴിലാളികളുടെ കുടുംബങ്ങള്‍, കുടിയേറ്റജനവിഭാഗങ്ങള്‍ എന്നിവരിലെ കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കിയാകും മരുന്ന് നല്‍കുക. നിര്‍മാണമേഖലകള്‍, തൊഴിലാളി താമസ കേന്ദ്രങ്ങള്‍, നഗര-ഗ്രാമ പ്രദേശങ്ങളിലെ കുടിയേറ്റ ജനവിഭാഗങ്ങളുടെ താമസകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും.

ഗര്‍ഭാശയഗള കാന്‍സര്‍ തടയുന്നതിന് 14 മുതല്‍ 15 വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്ക് 4000 രൂപ വിലയുള്ള വാക്സിന്‍ ജില്ലയില്‍ സൗജന്യമായി നല്‍കുന്ന കാമ്പയിൻ തുടരുകയാണ്. ജൂലൈ 31 വരെ വാക്സിൻ സ്വീകരിക്കാനാകും. ആരോഗ്യവകുപ്പ് പ്രതിനിധികള്‍ സ്‌കൂളുകളിലെത്തി നടത്തുന്ന പരിപാടിക്ക് വേണ്ട പ്രചാരണം നൽകുന്നതിന് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി.

സ്റ്റോപ്പ് ഡയേറിയ കാമ്പയിന്‍ ജൂണ്‍ 15 മുതല്‍ ജൂലൈ 31 വരെയും സംഘടിപ്പിക്കും. വ്യക്തിശുചിത്വം ഉള്‍പ്പെടെ ആരോഗ്യശീലങ്ങള്‍ സംബന്ധിച്ച ബോധവത്കരണ പരിപാടികള്‍, ഒ.ആര്‍.എസ് വിതരണം എന്നിവ ഉറപ്പാക്കും. പൊതുജനപങ്കാളിത്തം ഉറപ്പാക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. ആരോഗ്യ, ആയുഷ്, ഹോമിയോ, തൊഴില്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, പാരിപ്പള്ളി മെഡിക്കല്‍ കോളജ്, ഐ.സി.ഡി.എസ്, പൊലീസ്, കെ.എസ്.ഇ.ബി, പി.ആര്‍.ഡി, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പീഡിയാട്രിക്സ് പ്രതിനിധികള്‍ പങ്കെടുത്തു.

Tags:    
News Summary - Polio vaccination: District fully prepared

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.