കമീഷണർ ഓഫിസിൽ ആത്മഹത്യ ഭീഷണിയുമായി പൊലീസ് ഉദ്യോഗസ്ഥ

കൊല്ലം: സിറ്റി പൊലീസ് കമീഷണർ ഓഫിസിൽ പൊലീസ് ഉദ്യോഗസ്ഥയുടെ ആത്മഹത്യ ഭീഷണി. ഒടുവിൽ കമീഷണർ ഇടപെട്ടതോടെ ഒന്നര മണിക്കൂറോളം നീണ്ട പിരിമുറുക്കത്തിന് അവസാനമായി. കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ സൈനികനും സഹോദരനും കസ്റ്റഡി മർദനത്തിന് ഇരയായ സംഭവത്തിൽ ആരോപണ വിധേയയായ എ.എസ്.ഐ ആണ് തന്നെ സഹപ്രവർത്തകർ വേട്ടയാടുന്നുവെന്ന് ആരോപിച്ച് ആത്മഹത്യ ഭീഷണിയുമായി പരിഭ്രാന്തി സൃഷ്ടിച്ചത്. കിളികൊല്ലൂർ സ്റ്റേഷനിൽ എ.എസ്.ഐ ആയ ഉദ്യോഗസ്ഥ, കസ്റ്റഡി മർദന വിഷയത്തിൽ കഴിഞ്ഞ മൂന്ന് വർഷമായി സേനക്കുള്ളിൽ തനിക്ക് നേരെ പകപോക്കൽ നടക്കുകയാണെന്നാണ് ആരോപണമുന്നയിച്ചത്.

ഇക്കാര്യം ഉയർത്തി ബുധനാഴ്ച രാവിലെ കിളികൊല്ലൂർ സ്റ്റേഷനിൽ ആണ് ഇവർ ആദ്യം ആത്മഹത്യ ഭീഷണി മുഴക്കിയത്. എന്നാൽ, വിഷയത്തിൽ ഇടപെടേണ്ടത് കമീഷണർ ആണെന്ന് വ്യക്തമായതോടെ വൈകിട്ട് 4.15ഓടെ ഇവർ കൊല്ലത്ത് കമീഷണറുടെ ഓഫിസിൽ എത്തുകയായിരുന്നു. കൈയിൽ പെട്രോളുമായി എത്തിയ ഇവരെ അനുനയിപ്പിക്കാൻ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരും വിവരമറിഞ്ഞ് എത്തിയ എ.സി.പിയും ഉൾപ്പെടെ ശ്രമിച്ചെങ്കിലും നടന്നില്ല. തനിക്കെതിരെ രാഷ്ട്രീയ പകപോക്കൽ നടക്കുകയാണ്.

മൂന്നുവർഷമായി ഈ പകപോക്കലിന് ഇരയാകുകയാണ്. പൊലീസ് ഉദ്യോഗസ്ഥ സംഘടനയിലെ ഔദ്യോഗിക വിഭാഗമാണ് തനിക്കെതിരായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കസ്റ്റഡി മർദന കേസിൽ എന്താണ് ഉണ്ടായതെന്ന വസ്തുതകൾ പരിശോധിക്കണം, തനിക്കെതിരെയുള്ള പകപോക്കലിന് പരിഹാരം ഉണ്ടാകണം എന്നിങ്ങനെ ആരോപണങ്ങളും ആവശ്യങ്ങളുമായി കമീഷണറെ നേരിട്ട് കണ്ട് സംസാരിക്കണമെന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥ.

വനിത പൊലീസുകാരെ ഉൾപ്പെടെ കമീഷണർ ഓഫിസിൽ എത്തിച്ച് അനുനയിപ്പിക്കാനും ശ്രമം ഉണ്ടായി. എന്നാൽ, വിജയിക്കാതെ വന്നതോടെ കമീഷണർ കിരൺ നാരായണൻ തന്നെ നേരിട്ടെത്തി ഉദ്യോഗസ്ഥയുമായി സംസാരിച്ചു. പരാതി പരിശോധിക്കാമെന്ന് കമീഷണർ ഉറപ്പുനൽകിയതോടെയാണ് വൈകിട്ട് 5.45ഓടെ അവർ മടങ്ങാൻ തയാറായത്.

പൊലീസ് സംഘടനയിൽ പ്രതിപക്ഷ അനുകൂല വിഭാഗത്തിനൊപ്പം നിൽക്കുന്നത് കാരണം ആണ് രാഷ്ട്രീയമായി തന്നെ വേട്ടയാടുന്നതെന്നാണ് ഉദ്യോഗസ്ഥയുടെ ആരോപണം. കിളികൊല്ലൂർ സംഭവത്തിൽ ആരോപണം ഉയർന്നതോടെ ഇവരെ സ്ഥലം മാറ്റിയിരുന്നു. ഇപ്പോൾ വീണ്ടും കിളികൊല്ലൂരിൽ ജോലി ചെയ്യുകയാണ്.

Tags:    
News Summary - Police officer threatens to commit suicide at Commissioner's office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.