ബി. അബ്ദുൽ നാസർ
കൊല്ലം: ജനകീയ കലക്ടർക്ക് യാത്രാമംഗളം നേരാനൊരുങ്ങി കൊല്ലം. രണ്ടു വർഷത്തിലേറെ നീണ്ട സേവനത്തിനുശേഷം കലക്ടർ ബി. അബ്ദുൽ നാസർ പുതിയ ചുമതലയിലേക്ക്. കൊല്ലംകാരുടെ സ്നേഹത്തിന് നന്ദിയറിയിച്ചുള്ള കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിൽ ആയിരങ്ങളാണ് അദ്ദേഹത്തിെൻറ നേതൃത്വത്തിൽ നടത്തിയ സേവനങ്ങൾക്ക് നന്ദിയർപ്പിച്ചത്. കൊല്ലത്തിന് ഇതുവരെ ലഭിച്ച കലക്ടർമാരിൽ മുൻനിരയിലും തങ്ങളുടെ ഹൃദയത്തിലുമാണ് ബി. അബ്ദുൽ നാസറിന് സ്ഥാനമെന്ന വാക്കുകളുമായാണ് പലരും സ്ഥലമാറ്റവാർത്തയോട് പ്രതികരിച്ചത്. 2019 ജൂലൈ ഒന്നിനാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. തൊട്ടടുത്ത മാസത്തെ രണ്ടാം പ്രളയകാലത്ത് ദുരിതാശ്വാസപ്രവർത്തനങ്ങൾ മുൻനിരയിൽനിന്ന് നയിച്ചു.
ദുരിതാശ്വാസസാമഗ്രികളുടെ കലക്ഷൻ സെൻററിലെത്തിയ യുവാക്കൾക്കൊപ്പം തോളോടുതോൾ ചേർന്ന് പ്രവർത്തിക്കുന്ന കലക്ടറെയായിരുന്നു കണ്ടത്. അവശ്യഘട്ടത്തിൽ നാടിനൊപ്പം നിൽക്കാൻ 'കൊല്ലം ഫോർ കേരളം' എന്ന കായികോത്സവവുമായി കലക്ടറുടെ നേതൃത്വത്തിൽ മുന്നിട്ടിറങ്ങി. ദുരിതാശ്വാസ ഫണ്ട് സമാഹരണത്തിന് സംഘടിപ്പിച്ച കബഡി, വോളിബാൾ ടൂർണമെൻറിൽ നാടിെൻറ ആവേശത്തിനൊപ്പം ചേർന്ന് ഗാലറിയിൽ ആർപ്പുവിളിക്കാനും കളത്തിൽ ഏറ്റുമുട്ടാനും മുന്നിൽതന്നെയായിരുന്നു അദ്ദേഹം. 'സേഫ് കൊല്ലം' പദ്ധതിയും ഏറെ കൈയടിനേടി. ഇതിനിടെ മാസങ്ങൾക്കകം അദ്ദേഹത്തെ സ്ഥലംമാറ്റി സർക്കാർ ഉത്തരവ് വന്നപ്പോൾ, സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും കൊല്ലംകാർ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് സർക്കാർ തീരുമാനം തിരുത്തി. ബീച്ച് ഗെയിംസിലൂടെ നാടിെൻറ ആഘോഷദിനങ്ങൾക്ക് നല്ലോർമകൾ കൂട്ടിച്ചേർക്കാനും അദ്ദേഹത്തിനായി. ആയിരക്കണക്കിന് പേരാണ് 'ഡിസ്ട്രിക്ട് കലക്ടർ കൊല്ലം' എന്ന ഫേസ്ബുക്ക് പേജ് സന്ദർശിച്ചിരുന്നത്. കോവിഡ് കാലത്ത് ജില്ലയിൽ മികവുറ്റ രീതിയിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനും മുൻനിരയിൽതന്നെ അദ്ദേഹം നിലയുറപ്പിച്ചു. കൊല്ലംകാർ യാത്രയയപ്പ് നൽകുേമ്പാൾ, വീണ്ടും വരിക എന്ന വാചകം കൂടി ചേർക്കുന്നത് തന്നെയാണ് അദ്ദേഹത്തിെൻറ പ്രവർത്തനങ്ങൾക്കുള്ള ഏറ്റവും വലിയ അംഗീകാരം.
കൊല്ലത്തെ നയിക്കാൻ അഫ്സാന പർവീൺ
കൊല്ലം: എറണാകുളം ഡിസ്ട്രിക്ട് ഡെവലപ്മെൻറ് കമീഷണറുടെ പദവിയിൽനിന്ന് കൊല്ലത്തിെൻറ ഭരണതലപ്പത്തേക്ക് അഫ്സാന പർവീൺ. ഝാർഖണ്ഡ് സ്വദേശിയും 2014 ബാച്ച് െഎ.എ.എസ് ഉദ്യോഗസ്ഥയുമാണ്. അഫ്സാന പർവീൺ കൊല്ലം കലക്ടറാകുന്നതോടെ കേരളത്തിലെ രണ്ട് ജില്ലകളുടെ സാരഥികളായി െഎ.എ.എസ് ദമ്പതികളെന്ന പ്രത്യേകതയുമുണ്ട്. എറണാകുളം കലക്ടറായ ജാഫർ മാലിക്കാണ് അഫ്സാന പർവീണിെൻറ ഭർത്താവ്. തിരുവനന്തപുരം അസിസ്റ്റൻറ് കലക്ടറായാണ് അഫ്സാന ഒൗദ്യോഗിക ജീവിതത്തിന് തുടക്കമിട്ടത്. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് സി.ഇ.ഒ, വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റി സി.ഇ.ഒ, കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി എം.ഡി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.