അക്ഷയ കേന്ദ്രത്തിന് മുന്നിൽ മസ്റ്ററിങ്ങിനെത്തിയവരുടെ തിരക്ക്
ഇരവിപുരം: ക്ഷേമ പെൻഷനുകളുടെ മസ്റ്ററിങ് ആരംഭിച്ചതോടെ അക്ഷയ കേന്ദ്രങ്ങൾക്കു മുന്നിൽ വലിയ തിരക്ക് തുടങ്ങി. ബുധനാഴ്ച രാവിലെ മസ്റ്ററിങ് ആരംഭിക്കും എന്നായിരുന്നു ആദ്യ അറിയിപ്പ്. ഇതനുസരിച്ച് വൃദ്ധരും മറ്റും രാവിലെ തന്നെ അക്ഷയ കേന്ദ്രങ്ങൾക്ക് മുന്നിലെത്തിയിരുന്നു. എന്നാൽ രാവിലെ 11നാണ് മസ്റ്ററിങ് ആരംഭിച്ചത്.
ചൊവ്വാഴ്ച വൈകീട്ടാണ് ഇത് സംബന്ധിച്ച അറിയിപ്പ് അക്ഷയ കേന്ദ്രങ്ങൾക്ക് ലഭിച്ചത്. മസ്റ്ററിങ് ആരംഭിച്ച് നിമിഷങ്ങൾ കഴിയുംമുമ്പുതന്നെ സൈറ്റ് കിട്ടാത്ത അവസ്ഥയുമുണ്ടായി. ആഗസ്റ്റ് 25 വരെയാണ് മസ്റ്ററിങ് നടക്കുന്നത്. നൂറുകണക്കിന് പെൻഷൻകാരാണ് ബുധനാഴ്ച അക്ഷയ കേന്ദ്രങ്ങളിൽ മസ്റ്ററിങ്ങിനായെത്തിയത്.
ശാസ്താംകോട്ട: വിവിധ സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ പെൻഷൻ മസ്റ്ററിങ് ബുധനാഴ്ച മുതൽ ആരംഭിച്ചതോടെ അക്ഷയ കേന്ദ്രങ്ങൾ ബുദ്ധിമുട്ടിലായി. മസ്റ്ററിങ്ങിന് ഉപയോഗിക്കുന്ന ബയോമെട്രിക് ഉപകരണത്തിൽ വന്ന മാറ്റമാണ് അക്ഷയ സംരംഭകരെ വലക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ നിലവിലുണ്ടായിരുന്ന എൽ സീരീസിലുള്ള ബയോമെട്രിക് ഉപകരണങ്ങൾ മാറ്റി പുതിയ തലമുറയിൽപ്പെട്ട എൽ വൺ ഡിവൈസുകൾ നിർബന്ധമാക്കിയതാണ് പ്രശ്നങ്ങൾക്ക് കാരണം.
പുതിയ തലമുറയിൽപ്പെട്ട ഈ ഉപകരണം ലഭ്യത കുറവ് കാരണം ഉയർന്ന വിലക്കാണ് ലഭിക്കുന്നത് ഏകദേശം 4000ത്തോളം രൂപ ഇപ്പോൾ വിലയുണ്ട്. അക്ഷയ കേന്ദ്രങ്ങളിലെത്തുന്ന ഗുണഭോക്താക്കളുടെ എണ്ണമനുസരിച്ച് നാലോ അഞ്ചോ ഉപകരണങ്ങൾ ഒരു അക്ഷയ കേന്ദ്രത്തിൽ വേണ്ടി വരും. കണ്ണിനും വിരലടയാളത്തിനും പ്രത്യേകം പ്രത്യേകം ഉപകരണങ്ങൾ വേണ്ടി വരുന്നതോടെ വലിയ സാമ്പത്തിക ബാധ്യതയാണ് അക്ഷയ സംരംഭകർക്ക് ഉണ്ടാകുന്നത്. ജില്ലയിൽ പല അക്ഷയ കേന്ദ്രങ്ങൾക്കും പുതിയ ശ്രേണിയിൽപ്പെട്ട ഉപകരണങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.