പത്തനാപുരം: കിഴക്കൻ മലയോരമേഖലയിൽ കാട്ടുപന്നിശല്യം രൂക്ഷമായിട്ടും അധികൃതർക്ക് കുലുക്കമില്ല. കഴിഞ്ഞദിവസമാണ് ചാലിയക്കര എസ്റ്റേറ്റിൽ തോട്ടം തൊഴിലാളി കാട്ടുപന്നിയുടെ കുത്തേറ്റ് മരിച്ചത്. പത്തനാപുരം, പിറവന്തൂർ, പട്ടാഴി, പട്ടാഴി വടക്കേക്കര, തലവൂർ പഞ്ചായത്തുകളിൽ കാട്ടുപന്നിശല്യം കാരണം കൃഷി ഉപേക്ഷിച്ച കർഷകർ ഏറെയാണ്. ചില പഞ്ചായത്തുകൾ ഷൂട്ടർമാരെ കൊണ്ടുവന്ന് കാട്ടുപന്നികളെ വെടിവച്ച് കൊന്നിരുന്നു. എന്നാൽ വനമേഖലയോട് ചേർന്നുകിടക്കുന്ന പിറവന്തൂരിൽ ശാശ്വത പരിഹാരം കാണാൻ കഴിയാതെ വലയുകയാണ് പഞ്ചായത്ത് അധികൃതരും.
വന്യമൃഗശല്യം കൂടുതലായി ജനജീവിതം ദുസ്സഹമാക്കുന്ന മേഖലയാണ് പിറവന്തൂർ. കർഷകർ ഏറെയുള്ളതും ഈ മേഖലയിലാണ്. പന്നിശല്യം കാരണം നിരവധിപേരാണ് ഇവിടെ കൃഷി നിർത്തിയത്. പത്തനാപുരം ടൗണിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ഇറങ്ങിയതും മാസങ്ങൾക്ക് മുൻപാണ്. പഞ്ചായത്തിലെ നെടുപറമ്പ്, ഇടത്തറ, നടുമുരുപ്പ് മേഖലകളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. കുമ്പിക്കൽ ചരുവിളവീട്ടിൽ അഹമ്മദ്ഖാന്റെ വീടിന്‍റെ അടിത്തറ പോലും കാട്ടുപന്നികൾ ഇളക്കി.
2023 ലാണ് തലവൂർ പഞ്ചായത്തിലെ പനമ്പറ്റയിൽ ടാപ്പിങ്ങിനുശേഷം വിശ്രമിക്കുകയായിരുന്ന പരുത്തിവിള വീട്ടിൽ സുകുമാരനെ(74) പന്നി കുത്തിക്കൊന്നത്. കൈലാസം ഭാഗത്ത് തോടിനോട് ചേർന്നുള്ള റബർ തോട്ടത്തിൽ പുലർച്ചയായിരുന്നു സംഭവം. തലവൂർ മഞ്ഞക്കാലയിൽ കുഞ്ഞുമോൻ എന്നയാളെയും കഴിഞ്ഞവർഷം പന്നി ഗുരുതരമായി കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. പത്തനാപുരം കുണ്ടയത്ത് കാട്ടുപന്നി റോഡിന് കുറുകെ ചാടിയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ ഷാജിക്കും പരിക്കേറ്റിരുന്നു. ടാപ്പിങ് തൊഴിലാളികളാണ് ഏറെയും ആക്രമണത്തിന് ഇരയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.