വശങ്ങള് ഇടിഞ്ഞുതാണ അച്ചൻകോവിൽ-കുംഭാവുരുട്ടി-കോട്ടവാസൽ പാത
പത്തനാപുരം: അന്തർ സംസ്ഥാന പാതയായ അച്ചൻകോവിൽ - കുംഭാവുരുട്ടി - കോട്ടവാസൽ പാതയുടെ പല ഭാഗങ്ങളിലും ടാറിങ് ഉൾപ്പെടെ റോഡ് ഇടിഞ്ഞു താഴ്ന്നിട്ടും നവീകരണത്തിന് നടപടികളില്ല. കഴിഞ്ഞ മഴക്കാലത്താണ് ശക്തമായ നീരൊഴുക്കിനെ തുടര്‍ന്ന് പാതയുടെ വശങ്ങൾ ടാറിങ് ഉൾപ്പെടെ ഒലിച്ചു പോയത്. തമിഴ്നാട്ടിൽ നിന്നും അച്ചൻകോവിൽ ക്ഷേത്രത്തിലേക്കും കുംഭാവുരുട്ടി ടൂറിസ്റ്റ് കേന്ദ്രത്തിലേക്കും എത്തുന്ന നിരവധി ആളുകൾ ആശ്രയിക്കുന്ന പാതയാണിത്.
ജൂൺ ആദ്യവാരത്തോടെ വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം ആരംഭിക്കുകയും ദിവസേന നൂറുലധികം വാഹനങ്ങൾ ഇതുവഴി കടന്നു പോവുകയും ചെയ്യും. ശബരിമല തീർഥാടന കാലത്തും അനവധി ആളുകളാണ് ഈ പാത ആശ്രയിക്കുന്നത്. പാതയുടെ വശങ്ങളിൽ പകുതിയോളം ഭാഗം ടാറിങ് ഉൾപ്പെടെ ഇടിഞ്ഞു പോയിട്ടും അറ്റകുറ്റപണികള്‍ ഒന്നും ആരംഭിച്ചില്ല. കൊല്ലം തിരുമംഗലം ദേശീയപാതയിൽ ഗതാഗതപ്രശ്നങ്ങള്‍ ഉണ്ടാകുമ്പോൾ സമാന്തരമായി ഉപയോഗിക്കുന്ന ഏക അന്തർ സംസ്ഥാന പാതയാണിത്. അച്ചൻകോവിൽ, കുംഭാവുരുട്ടി, കോട്ടവാസൽ, മേക്കര, പിമ്പിളി വഴി ചെങ്കോട്ടയിലേക്ക് എത്താൻ കഴിയും.
പാതയുടെ വശത്തെ അപാകതകൾ പരിഹരിച്ച് നവീകരണ പ്രവർത്തനം നടത്തണമെന്ന് നിരവധി തവണ പ്രദേശവാസികളും നാട്ടുകാരും ആവശ്യപ്പെട്ടിട്ടും ഫലം ഉണ്ടായില്ല. പാതയുടെ പല ഭാഗങ്ങളിലും ടാറിങ് ഇളകി നാശത്തിന്റെ വക്കിലാണ്. രാത്രികാലങ്ങൾ കടന്നുപോകുന്ന വാഹനങ്ങൾ പാതയുടെ വശത്തെ കുഴിയറിയാതെ അപകടത്തിൽപെടാനും സാധ്യത ഏറെയാണ്.നാട്ടുകാർ തന്നെ മുൻകൈയെടുത്ത കുഴിക്ക് ചുറ്റും ചുമന്ന തുണിയും കമ്പുകളും കെട്ടി മുന്നറിയിപ്പും സ്ഥാപിച്ചിട്ടുണ്ട്. നിരവധി വാഹനങ്ങൾ ആശ്രയിക്കുന്ന പാതയുടെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യം ശക്തമാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.