കൊല്ലം: ശക്തികുളങ്ങരയിൽ ഭാര്യയെയും ബന്ധുക്കളെയും അയൽവാസിയെയും വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ വയോധികൻ അറസ്റ്റിലായി. ശക്തികുളങ്ങര ആവിത്തറ വീട്ടിൽ രമണി(65), സഹോദരിയും അയൽവാസിയുമായ സുഹാസിനി(57), സുഹാസിനിയുടെ മകൻ സൂരജ്(30), അയൽവാസി ഉമേഷ്(37) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ആക്രമണം നടത്തിയ രമണിയുടെ ഭർത്താവ് അപ്പുക്കുട്ടനെ (70) ശക്തികുളങ്ങര പൊലീസ് പിടികൂടി.
കുടുംബവഴക്കാണ് ആക്രമണത്തിലേക്ക് നയിച്ചത്. രമണിയും അപ്പുക്കുട്ടനും തമ്മിൽ ഏറെ നാളായി പ്രശ്നത്തിലാണ്. ഇതിനാൽ ചാത്തന്നൂരിൽ മകൾക്കൊപ്പമായിരുന്നു രമണി താമസിച്ചിരുന്നത്. വ്യാഴാഴ്ച ശക്തികുളങ്ങരയിലെ വീട്ടിലെത്തിയ രമണിയെ അപ്പുക്കുട്ടൻ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോൾ ഇടപെട്ട അയൽവാസികളുമായി വാക്കേറ്റമുണ്ടായി. ഇതിനിടെ വീട്ടിനുള്ളിൽ നിന്ന രമണിയെ വെട്ടുകയായിരുന്നു.
രമണിയുടെ തലയിൽ മാരകമായി വെട്ടേറ്റു. പിന്നാലെ വീടിന് പുറത്ത് നിൽക്കുകയായിരുന്ന സുഹാസിനിയെയും സൂരജിനെയും വെട്ടി. രമണിയെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ച ഉമേഷിയും വെട്ടുകയായിരുന്നു. പ്രതിയെ പൊലീസ് സ്ഥലത്തെത്തി കീഴ്പ്പെടുത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. രമണി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സുഹാസിനിയും സൂരജും ജില്ല ആശുപത്രിയിലും ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.