സി​റ്റി പൊ​ലീ​സി​ന്‍റെ മോ​ക്​ ഡ്രി​ല്ലി​ന്‍റെ ഭാ​ഗ​മാ​യി അ​ക്ര​മി​ക​ളെ നേ​രി​ടു​ന്നു

കൗതുകമായി സിറ്റി പൊലീസിന്‍റെ മോക് ഡ്രിൽ

കൊല്ലം: സാമുദായിക കലാപങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങൾ എങ്ങനെ നേരിടണമെന്ന പരിശീലനം നൽകുന്നതിനായി കൊല്ലം സിറ്റി പൊലീസ് നടത്തിയ മോക്ക് ഡ്രിൽ തീരദേശ വാസികളിൽ കൗതുകം ഉണർത്തി. കൊല്ലം മുണ്ടയ്ക്കൽ പാപനാശനം ബീച്ചിൽ സിറ്റി പൊലീസിന്‍റെ നേതൃത്വത്തിൽ സാമുദായിക സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന്‍റെ പ്രതീതി സൃഷ്ടിച്ചുകൊണ്ടായിരുന്നു മോക് ഡ്രില്ലിന്‍റെ തുടക്കം.

ഇരു മതവിഭാഗത്തിലേയും ആൾക്കാർ ചേരിതിരിഞ്ഞ് മാരകായുധങ്ങളുമായി പരസ്പരം ആക്രമിക്കുകയാണെന്നാണ് തീരദേശ വാസികളായ ജനങ്ങൾ കരുതിയത്. ഇവർ ഉടൻ തന്നെ വിവരം പൊലീസ് കൺട്രോൾ റൂമിലും സമീപ പൊലീസ് സ്റ്റേഷനുകളിലും അറിയിച്ചു. സിറ്റി പൊലീസ് കൺട്രോൾ റൂമിൽനിന്നും ജാഗ്രതാ സന്ദേശം ലഭിച്ചതോടെ സിറ്റി സ്പെഷൽ ബ്രാഞ്ച് ഓഫിസിൽനിന്നും വിവരം ജില്ല പൊലീസ് മേധാവിയെ ഉടൻതന്നെ അറിയിച്ചു. ജില്ല പൊലീസ് മേധാവി മെറിൻ ജോസഫിന്‍റെ അടിയന്തര സന്ദേശം എത്തിയതോടെ അക്രമത്തെ നേരിടാനും അമർച്ചചെയ്യാനുമുള്ള നിർദേശങ്ങൾ വയർലസിലൂടെ പ്രവഹിച്ചു.

വയർലസ് സന്ദേശം ലഭിച്ചയുടൻ കൺട്രോൾ റൂം വാഹനങ്ങളും, കൊല്ലം ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലെ പൊലീസ് സംഘവും സംഭവ സ്ഥലത്ത് പാഞ്ഞെത്തി. കലാപം അമർച്ച ചെയ്യാൻ കൂടുതൽ സേനാംഗങ്ങളെ ആവശ്യപ്പെട്ടുകൊണ്ടുള്ള കൊല്ലം എ.സി.പിയുടെയും സിറ്റി സ്പെഷൽ ബ്രാഞ്ച് എ.സി.പിയുടെയും സന്ദേശം ലഭിച്ച് നിമിഷങ്ങൾക്കുള്ളിൽ ദ്രുതകർമ സേനയും സായുധ സേനാംഗങ്ങളും സംഭവസ്ഥലത്ത് എത്തിച്ചേർന്നു.

ഇതേസമയം, സിറ്റി സ്പെഷൽ ബ്രാഞ്ച് ഓഫിസിൽനിന്നുള്ള നിർദേശപ്രകാരം കൊല്ലം വെസ്റ്റ്, പള്ളിത്തോട്ടം, ഇരവിപുരം, പരവൂർ എന്നീ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലെ പൊലീസ് സംഘവും സംഭവ സ്ഥലത്ത് എത്തിച്ചേർന്നു.

പൊലീസിനെ കണ്ട് 'ആക്രമികളിൽ' ചിലർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇവർ സഞ്ചരിച്ച വാഹനങ്ങൾ കൊല്ലം ഈസ്റ്റ്, പള്ളിത്തോട്ടം, ഇരവിപുരം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലെ സംഘങ്ങൾ വിവിധ സ്ഥലങ്ങളിൽ വെച്ച് ഉടൻതന്നെ പിടികൂടി. സംഘർഷം നിയന്ത്രണവിധേയമാക്കാനും 'അക്രമാസക്തരായ' ജനക്കൂട്ടത്തെ പിരിച്ചുവിടാനും പൊലീസ് കണ്ണീർവാതകവും ഗ്രനേഡുകളും പ്രയോഗിച്ചതുൾപ്പെടെ സമ്പൂർണ പ്രതിരോധപ്രവർത്തനങ്ങൾ പുറത്തെടുത്തു.

സാമുദായിക സംഘർഷം ഉണ്ടാവുന്ന സാഹചര്യങ്ങളിൽ അവയെ എങ്ങനെ നേരിടാമെന്നും എപ്രകാരം എത്രയും വേഗത്തിൽ ആക്രമികളെ പിടികൂടാമെന്നും ഉള്ള പരിശീലനം നൽകുന്നതായിരുന്നു ഈ മോക് ഡ്രിൽ എന്നും, ഇത്തരം അനിഷ്ട സംഭവങ്ങൾ നാട്ടിൽ ഉണ്ടാവാതിരിക്കാൻ പൊലീസ് എപ്പോഴും ജാഗ്രത പുലർത്തണമെന്നും സിറ്റി പൊലീസ് കമീഷണർ മെറിൻ ജോസഫ് പറഞ്ഞു. 

Tags:    
News Summary - Mock drill of city police filled with curiosity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.