ജില്ല പഞ്ചായത്തിൽ ഇത്തവണ തീപാറും പോരാട്ടം

കൊല്ലം: ജില്ല പഞ്ചായത്ത് അതിന്‍റെ തുടക്കം മുതൽ തന്നെ ഇടത് ആധിപത്യത്തിലാണുള്ളത്. ഗ്രാമപ്രദേശങ്ങൾ മാത്രം പ്രാധിനിധ്യം പേറുന്ന ഡിവിഷനുകളായതിനാൽ താഴെത്തട്ടിലെ പ്രവർത്തകർ കൂടുതലുള്ള ഇടതുപക്ഷത്തിന് എപ്പോഴും മേൽക്കൈ ലഭിക്കുക സ്വാഭാവികം. എന്നാൽ, ഇക്കുറി യു.ഡി.എഫിന് അതിൽ വിള്ളലുണ്ടാക്കാൻ കഴിയുമോയെന്ന ചിന്തയിൽ നേരത്തേതന്നെ ചർച്ചകൾ കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്.

ഒരു മിനി നിയമസഭ മണ്ഡലത്തിന്‍റെ വ്യാപ്തി പേറുന്ന ജില്ല പഞ്ചായത്ത് ഡിവിഷനുകളിൽ തീപാറുന്ന മത്സരത്തിന് കളമൊരുക്കാനുള്ള ചർച്ചകൾ ഇരുമുന്നണികളും ഒപ്പം ബി.ജെ.പിയും പയറ്റിത്തുടങ്ങി. കഴിഞ്ഞതവണത്തെ പോലെ സമ്പൂർണ ആധിപത്യം നേടാനാണ് എൽ.ഡി.എഫ് ലക്ഷ്യമിടുന്നത്. അതേസമയം, ജനങ്ങളോടൊപ്പംനിന്ന് അവരുടെ പ്രതിഷേധം വോട്ടാക്കാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. സാന്നിധ്യം ഉറപ്പാക്കി മികച്ച പോരാട്ടം കാഴ്ചവെക്കാൻ ബി.ജെ.പിയും ഒരുങ്ങുന്നുണ്ട്.

വിജയസാധ്യതയുള്ള സ്ഥാനാർഥികളുടെ ചർച്ച എല്ലാ മുന്നണികളും തുടങ്ങിക്കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിന് തീയതി പ്രഖ്യാപിച്ചതോടെ ജില്ലയിൽ രാഷ്ട്രീയ ചൂട് കനക്കുകയാണ്. കഴിഞ്ഞതവണ കോവിഡ് നിയന്ത്രണങ്ങളോടനുബന്ധിച്ചായിരുന്നു പ്രചാരണങ്ങൾ. എന്നാൽ, ഇത്തവണ ഇരുമുന്നണികളും ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന വീടുകയറൽ പ്രചാരണങ്ങൾക്കും സജീവ തെരുവ് പ്രചാരണങ്ങൾക്കും ഒരുക്കം തുടങ്ങി. ജില്ലയിലെ 11 ബ്ലോക്കുകളിലായി 68 ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുത്തി ജില്ല പഞ്ചായത്തിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഇത്തവണ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം സ്ത്രീ സംവരണമാണ്. തൊടിയൂർ, കുന്നത്തൂർ, തലവൂർ, വെട്ടിക്കവല, കരവാളൂർ, കുളത്തൂപ്പുഴ, ചടയമംഗലം, കരീപ്ര, മുഖത്തല, കൊറ്റംകര, പെരിനാട്, ചവറ എന്നീ 12 ഡിവിഷനുകൾ സ്ത്രീ സംവരണം കൂടാതെ, കലയപുരം, കുണ്ടറ ഡിവിഷനുകൾ പട്ടികജാതി സ്ത്രീ സംവരണമായും നിശ്ചയിച്ചിട്ടുണ്ട്. ആകെ 27 ഡിവിഷനുകളിലേക്കാണ് ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.

പത്തനാപുരം, ചിതറ, ആഞ്ഞൽ, ഇത്തിക്കര, കല്ലുവാതുക്കൽ, കുലശേഖരപുരം, നെടുമ്പന, നെടുവത്തൂർ, ഓച്ചിറ, ശൂരനാട്, തേവലക്കര, വെളിനല്ലൂർ, വെളിയം എന്നിവയാണ് ജനറൽ ഡിവിഷനുകൾ. കഴിഞ്ഞ തവണ 26 ഡിവിഷനുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. അതിൽ 23 ഡിവിഷനുകളും എൽ.ഡി.എഫിന് അനുകൂലമായി നിന്നപ്പോൾ, മൂന്നു ഡിവിഷനുകളിൽ മാത്രമാണ് കോൺഗ്രസിന് മേൽക്കൈ നേടാനായത്. കഴിഞ്ഞ ഭരണകാലത്ത് എൽ.ഡി.എഫിൽ പ്രധാന സ്ഥാനങ്ങളിലേക്ക് കൃത്യമായ വീതംവെപ്പാണ് നടന്നത്.

ആദ്യ രണ്ടുവർഷം സി.പി.ഐയും പിന്നീടുള്ള കാലയളവിൽ സി.പി.എമ്മും പ്രസിഡന്‍റ് സ്ഥാനം പങ്കുവെച്ചു. അതനുസരിച്ച് 2020ലെ തെരഞ്ഞെടുപ്പിനുപിന്നാലെ ചടയമംഗലം ഡിവിഷനിൽനിന്ന് വിജയിച്ച സി.പി.ഐയുടെ അഡ്വ. സാം കെ. ഡാനിയേൽ ജില്ല പഞ്ചായത്ത് പ്രസിഡന്‍റായി സ്ഥാനമേൽക്കുകയും നെടുവത്തൂരിൽ നിന്ന് വിജയിച്ച അഡ്വ. സുമലാൽ വൈസ് പ്രസിഡന്‍റാവുകയും ചെയ്തു. രണ്ടുവർഷത്തിന് ശേഷം സി.പി.എമ്മിന്‍റെ ഊഴം വന്നപ്പോൾ കുന്നത്തൂർ ഡിവിഷനിൽ നിന്ന് വിജയിച്ച പി.കെ. ഗോപൻ പ്രസിഡന്‍റായി സ്ഥാനമേറ്റു. ഇത്തിക്കര ഡിവിഷനിൽനിന്ന് വിജയിച്ച ശ്രീജ ഹരീഷ് വൈസ് പ്രസിഡന്‍റാവുകയും ചെയ്തു.

Tags:    
News Summary - local body election in kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.