representational image
കുണ്ടറ: മയക്കുമരുന്നും കഞ്ചാവുമായി രണ്ടു യുവാക്കൾ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കൊപ്പം പിടിയിലായി. മൂന്ന് ഗ്രാം എം.ഡി.എം.എയും കഞ്ചാവുമായി കുണ്ടറ പെരുമ്പുഴയില്‍ രണ്ടു യുവാക്കളെ റൂറല്‍ ഡാന്‍സാഫ്, കുണ്ടറ പൊലീസ് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.
കൊല്ലം തട്ടാമല മേവറം വാസുദേവാലയം വീട്ടില്‍നിന്ന് പെരുമ്പുഴ പെരിഞ്ഞേലി ജയന്തി കോളനിയില്‍ താമസിക്കുന്ന ആകാശ് (22), പെരിഞ്ഞേലി ജയന്തി കോളനിയില്‍ മനുഭവനത്തില്‍ വര്‍ഗീസ് നെല്‍സണ്‍ (ജാങ്കോ-22) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ വാടകക്ക് താമസിച്ചിരുന്ന പെരുമ്പുഴ അറ്റോണ്‍മെന്റ് കൊരണ്ടിപള്ളിയിലെ ഷെഡില്‍ നിന്നാണ് പിടികൂടിയത്.
കഞ്ചാവ് മയക്കുമരുന്ന് വിപണനത്തിനുള്ള പാക്കറ്റുകളും മയക്കുമരുന്ന് വിറ്റുകിട്ടിയ പണവും ഇവരില്‍നിന്ന് പടിച്ചെടുത്തു. ഇവരോടൊപ്പം പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. രണ്ടാം പ്രതി ജാങ്കോ എന്ന വർഗീസ് നെല്‍സണ്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി മാതാവിന്റെ സാന്നിധ്യത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.
കുണ്ടറ പൊലീസ് ഇയാൾക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബംഗളൂരു പോലുള്ള സ്ഥലങ്ങളില്‍നിന്നു മയക്കുമരുന്ന് കേരളത്തില്‍ എത്തിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്നതാണ് ഇവരുടെ രീതി. ഇവര്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൊല്ലം റൂറല്‍ എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് എസ്.ഐ അനില്‍കുമാര്‍, എ.എസ്.ഐ രാധാകൃഷ്ണപിള്ള, ജി.എസ്.ഐ അനില്‍കുമാര്‍, സി.പി.ഒമാരായ സജിമോന്‍, ലിവിന് ക്ലീറ്റസ്, കുണ്ടറ എസ്.ഐ ബി. അനീഷ്, സി.പി.ഒമാരായ സുനിലാല്‍, രാജേഷ്, ഡബ്ല്യു.സി.പി.ഒ സുധാമണി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.