കൊല്ലം: കുണ്ടറയിൽ സി.പി.ഐയിൽ നിന്ന് രാജിവെച്ച നേതാക്കളടക്കം മുന്നൂറോളം അംഗങ്ങൾ സി.പി.എമ്മിലേക്ക്. പാർട്ടി കുണ്ടറ മണ്ഡലം സമ്മേളനത്തിൽ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 11 പേരും മൂന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരും 20 ലോക്കൽ കമ്മിറ്റി അംഗങ്ങളും 29 ബ്രാഞ്ച് സെക്രട്ടറിമാരും പേരയം, കുണ്ടറ, ഇളമ്പള്ളൂർ സൗത്ത്, നോർത്ത്, പെരിനാട് ഈസ്റ്റ്, വെസ്റ്റ് എന്നീ ലോക്കൽ കമ്മിറ്റികളിൽ നിന്നുള്ള 325 ലേറെ പാർട്ടി അംഗങ്ങളും കുമ്പളം സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് അടക്കം 12 ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളും ഒരു സി.ഡി.എസ് ചെയർപേഴ്സനും നാല് സി.ഡി.എസ് അംഗങ്ങളും രണ്ട് ഗ്രാമപഞ്ചായത്ത് അംഗങ്ങളും വർഗ ബഹുജന സംഘടന ഭാരവാഹികളുമാണ് രാജിവെച്ചതെന്ന് നേതാക്കൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
പാർട്ടി ജില്ല സെക്രട്ടറിയുടെ സ്വജനപക്ഷപാതപരമായ നിലപാടുകളും സംസ്ഥാന നേതൃത്വത്തിന്റെ കഴിവുകെട്ട സമീപനവുമാണ് തങ്ങളെ രാജിയിലേക്ക് നയിച്ചതെന്നും അവർ ചൂണ്ടിക്കാട്ടി. കുണ്ടറയിൽ ആകെയുള്ള 1285 അംഗങ്ങളിൽ 320 പേരാണ് പാർട്ടി വിട്ടത്.
ഏപ്രിൽ അവസാനവാരം ചേർന്ന കുണ്ടറ മണ്ഡലം സമ്മേളനത്തിൽ 25 അംഗ മണ്ഡലം കമ്മിറ്റിയേയും 13 ജില്ല സമ്മേളന പ്രതിനിധികളേയും ഐക്യകണ്ഠേന തെരഞ്ഞെടുത്തു. എന്നാൽ മണ്ഡലം സെക്രട്ടറിയെ തെരഞ്ഞെടുക്കാൻ പുതിയ കമ്മിറ്റിയുടെ യോഗം കൂടിയപ്പോൾ 18 വർഷം മണ്ഡലം സെക്രട്ടറിയായി പ്രവർത്തിച്ച ആർ. സേതുനാഥിനെ വീണ്ടും സെക്രട്ടറിയാക്കാൻ ജില്ലനേതൃത്വം വാശിപിടിച്ചു. നിലവിലെ സെക്രട്ടറി സെക്രട്ടറി ടി. സുരേഷ്കുമാർ തുടരണമെന്ന ഭൂരിപക്ഷ അഭിപ്രായം പരിഗണിക്കപ്പെട്ടില്ല.
സെക്രട്ടറിയെ പിന്നീട് തെരഞ്ഞെടുക്കാമെന്ന നിർദ്ദേശത്തോടെ മണ്ഡലം കമ്മിറ്റി യോഗം അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ അതിൽ തീരുമാനം ഉണ്ടായില്ല. ജില്ലയിൽ ആദ്യം നടന്ന മണ്ഡലം സമ്മേളനം ബോധപൂർവം അലങ്കോലപ്പെടുത്തുകയായിരുന്നുവെന്നും നേതാക്കൾ പറഞ്ഞു. ഇത്തരം സാഹചര്യങ്ങളാണ് പാർട്ടിവിടാനുള്ള കാരണം. ടി.സുരേഷ് കുമാർ, ജലജ ഗോപൻ,സോണി വി. പളളം, ആർ. ശിവശങ്കര പിള്ള, എം. ഗോപാലകൃഷ്ണൻ, ഇ. ഫ്രാൻസിസ്, ജോൺ വിൻസൻറ് , ഒ.എസ്. വരുൺ, മുഹമ്മദ് ഷാൻ, പ്രിഷിൽഡ വിത്സൻ, കുമാരി ജയ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
കൊല്ലം: കുന്നത്തൂരിലെ ഇടതുപക്ഷ എം.എൽ.എ കോവൂർ കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള ആർ.എസ്.പി (ലെനിനിസ്റ്റ്)യിൽ നിന്ന് രാജി. ഒരുതലത്തിലും പാർട്ടിയുടെ പ്രവർത്തനം നടക്കുന്നില്ലെന്ന് ആരോപിച്ച് യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റാണ് രാജിവെച്ചത്. ആറുവർഷമായി സംസ്ഥാന പ്രസിഡന്റായ താൻ പുന:സംഘടന നടത്താൻ കഴിയാതെ വന്നതിനാൽ 46 വയസ് കഴിഞ്ഞിട്ടും ആ പദവിയിൽ തന്നെ തുടരേണ്ടി വരുന്നതിന്റെ ജാള്യതകൊണ്ട് കൂടിയാണ് രാജിവെക്കുന്നതെന്ന് ആർ.വൈ.എഫ് (എൽ) പ്രസിഡന്റ് എസ്. മഹേഷ് കുമാർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പാർട്ടിയെ ഇടതുമുന്നണി ഘടകകക്ഷിയാക്കാപോലും തയാറായിട്ടില്ല.
എൻ.ഡി.എ ഘടകക്ഷിയായ എൻ.പി.പിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.വാർത്ത സമ്മേളനത്തിൽ എൻ.പി.പി സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ഗോവിന്ദ്, ജില്ല പ്രസിഡന്റ് എ.ജി. ഹരീന്ദ്രനാഥ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.