കുണ്ടറ: വിവിധ പഞ്ചായത്തുകളിലെ പാതയോരങ്ങൾ മാലിന്യം കൊണ്ട് നിറഞ്ഞു സങ്ങളായിട്ടും നിർമാർജനത്തിന് നടപടിയില്ല. മഴപെയ്തു തുടങ്ങിയതോടെ ഓടകൾ കവിഞ്ഞ് മലിനജലം റോഡിലേക്ക് ഒഴുകുന്ന സ്ഥിതിയാണ്. ഇളമ്പള്ളൂർ പഞ്ചായത്ത് ഓഫിസിന്റെ നിർജീവ മനോഭാവവും ഒരു ഏലാക്ക് മരണമണിയും പരിസരവാസികൾക്ക് അനാരോഗ്യ ചുറ്റുപാടുകളും സൃഷ്ടിക്കുന്നു. ഇളമ്പള്ളൂർ പഞ്ചായത്തിലെ പനംകുറ്റി ഏലത്തോടാണ് വലിയതോതിൽ മാലിന്യം നിറഞ്ഞ രോഗാണു സംഭരണയായി മാറിയത്.
റോഡിൽ നിന്ന് വയലിലേക്കുള്ള നീരൊഴുക്ക് തടയും വിധമാണ് വയൽ നികത്തൽ പുരോഗമിക്കുന്നത്. കെട്ടിക്കിടക്കുന്ന മലിനജലം ഭൂമിയിലേക്ക് അലിഞ്ഞിറങ്ങി സമീപത്തെ കിണറുകളിലേക്ക് വ്യാപിക്കുമോ എന്ന് ആശങ്കയിലാണ് പരിസരവാസികൾ. മാലിന്യനിർമാർജനത്തിന് പലതവണ പുരസ്കാരം ലഭിച്ച പഞ്ചായത്ത് ആണ് ഇളമ്പള്ളൂർ. മാലിന്യം തോട്ടിൽ ദുർഗന്ധ ഭീഷണി ഉയർത്തിയിട്ടും പഞ്ചായത്തിന് അനക്കമില്ല.
കുണ്ടറ പഞ്ചായത്ത് ഓഫിസിന് മുന്നിലുള്ള ഓടയും കാട് മൂടി കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. തൊഴിലുറപ്പിന്റെ നേതൃത്വത്തിൽ ജല നടത്തം സംഘടിപ്പിച്ച് മാസങ്ങളായെങ്കിലും എവിടെയും നീരൊഴുക്ക് സ്വതന്ത്രമായില്ല.
പെരിനാട് പഞ്ചായത്തിൽ പതിനൊന്നാം വാർഡിലെ പാറപ്പുറത്ത് പഞ്ചായത്ത് റോഡിന് ഇരുവശങ്ങളിലും കക്കൂസ് മാലിന്യം ഉൾപ്പെടെ തള്ളുന്നത് പതിവായിട്ടും നടപടി ഇല്ല. പലതവണ പരാതി കൊടുത്തപ്പോൾ ഇവിടെ മാലിന്യം നിക്ഷേപിക്കരുത് എന്ന് ഒരു ബോർഡ് പഞ്ചായത്ത് സ്ഥാപിച്ചു. ഇത് ഏതോ സമൂഹവിരുദ്ധർ തള്ളി ഇടുകയും ചെയ്തു. ഒരു ഭാഗം താഴ്ന്ന പ്രദേശമായതിനാൽ മഴയാകുമ്പോൾ കിണറുകളിലേക്ക് മലിനജലം ഒഴുകിയെത്തുമോ എന്ന ഭയത്തിലാണ് നാട്ടുകാർ.
തഹസീൽദാർക്ക് ഉൾപ്പെടെ പരാതികൾ നൽകിയിട്ടും പരിഹാരമില്ലാതെ പ്രശ്നം തുടരുകയാണ്. കൊല്ലം തിരുമംഗലം ദേശീയപാതയിൽ ആശുപത്രി മുതൽ പള്ളിമുക്ക് വരെയുള്ള റെയിൽവേ റോഡിനോട് ചേർന്ന് പാതയോരത്ത് വൻതോതിൽ ആണ് മാലിന്യം പതിവായി നിക്ഷേപിക്കുന്നത്. പേരയും പഞ്ചായത്തിൽ വരമ്പേൽ ഭാഗത്തും വലിയതോതിൽ മാലിന്യ നിക്ഷേപം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.