ഉമയനല്ലൂർ കടമ്പാട്ടുമുക്കിന് സമീപം റോഡ് അടച്ചുള്ള ഓട നിർമാണത്തിനെതിരെ നാട്ടുകാർ പ്രതിഷേധിക്കുന്നു
കൊട്ടിയം: ദേശീയപാതക്കരികിലുള്ള ഇടറോഡ് അടച്ചുള്ള ഓട നിർമാണം മുപ്പതോളം കുടുംബങ്ങളെ ദുരിതത്തിലാക്കി. ഉമയനല്ലൂർ കടമ്പാട്ടുമുക്കിനടുത്ത് ദേശീയ പാതയിൽനിന്ന് വടക്കോട്ട് വീടുകളിലേക്കുള്ള റോഡ് അടച്ച് ഓടനിർമാണത്തിനായി കുഴിയെടുത്തതാണ് ബുദ്ധിമുട്ടായത്.
ഓടക്കായി വലിയ കുഴിയെടുത്തെങ്കിലും നിർമാണം നീളുകയാണ്. പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് ഓട മറികടക്കാൻ തടി വെച്ചിട്ടുണ്ടെങ്കിലും സുരക്ഷിതമല്ലെന്ന് നാട്ടുകാർ പറയുന്നു. റോഡ് അടച്ചതോടെ ഇരുചക്രവാഹനങ്ങളടക്കം വീടുകളിൽനിന്ന് പുറത്തിറക്കാൻ പറ്റാത്ത നിലയിലാണ്.
സുഖമില്ലാത്തവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയും നിലവിലുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെ മയ്യനാട് ഗ്രാമപഞ്ചായത്ത് അംഗം ഉമയനല്ലൂർ റാഫിയുടെ നേതൃത്വത്തിൽ ഓട നിർമാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന ആവശ്യവുമായി പ്രതിഷേധം നടത്തി. പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കിയില്ലെങ്കിൽ കരാർ കമ്പനിയുടെ ഓഫിസിലേക്ക് മാർച്ച് നടത്താനാണ് നാട്ടുകാരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.