കൊല്ലം പബ്ലിക് ലൈബ്രറി

പൂട്ടിപ്പോയിട്ട് ഒമ്പത് മാസം; കൊല്ലത്തെ അക്ഷരത്തറവാട് ക്ഷയിക്കുന്നു

കൊല്ലം: ലോക്ഡൗൺ ഇളവിൽ തിയറ്ററുകൾ വരെ തുറന്നിട്ടും ആളനക്കമില്ലാതെ ജില്ലയുടെ അക്ഷരത്തറവാടായ പബ്ലിക് ലൈബ്രറി. ലക്ഷക്കണക്കിന് പുസ്തകങ്ങളും ആയിരക്കണക്കിന് റഫറൻസ് ഗ്രന്ഥങ്ങളും പൊടികയറി നശിക്കുകയാണ്. ചെയർമാനായ കലക്ടർക്ക് അക്ഷരസ്നേഹികൾ പരാതി നൽകിയെങ്കിലും നടപടിയുമുണ്ടായില്ല.

500 ലേറെ സജീവ അംഗങ്ങൾ ദിനംപ്രതി ലൈബ്രറിയെ ആശ്രയിച്ചിരുന്നു. ഇതുകൂടാതെ പി.എസ്.സി, ബാങ്ക് പരീക്ഷക്കായി കുട്ടികൾ തയാറെടുപ്പുകൾ നടത്താനും മറ്റും ലൈബ്രറി ഉപയോഗപ്പെടുത്തിയിരുന്നു. മറ്റ് ജില്ലകളിലെ പൊതുഗ്രന്ഥശാലകളെല്ലാം മാസങ്ങൾക്ക് മുമ്പേ തുറന്ന് കോവിഡ് പ്രോട്ടോകോൾപ്രകാരം പ്രവർത്തിച്ചുതുടങ്ങി.

കൊല്ലത്ത് പൂട്ടിയപ്പോയ അധികൃതർ പിന്നീട് തിരിഞ്ഞ് നോക്കിയിട്ടില്ല. ഭരണസമിതിയുടെ കാലാവധി അവസാനിച്ചെങ്കിലും തെരഞ്ഞെടുപ്പ് നടത്തിയിട്ടില്ലാത്തത് ശോച്യാവസ്ഥക്ക് ആക്കം കൂട്ടി. മലയാളത്തിനും ചരിത്രഗവേഷണത്തിനുമായി യു.ജി.സി അനുവദിച്ച ഗവേഷണ കേന്ദ്രം കൂടിയാണ് ഈവിധം നശിക്കുന്നത്. ലൈബ്രറി വളപ്പിലെ ഹാളും ഓഡിറ്റോറിയവും നടത്തിക്കിട്ടുന്ന വരുമാനവും വരിസംഖ്യയുമാണ് ലൈബ്രറി നടത്തിപ്പിനുള്ള മുതൽക്കൂട്ട്.

ലോക്ഡൗണിൽ ഈ വരുമാനവും നിലച്ചതോടെ ജീവനക്കാർക്ക് ശമ്പളവും മുടങ്ങി. സ്കൂളുകളും കലാലയങ്ങളും തുറന്നതോടെ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ ആവശ്യപ്പെട്ട് വിദ്യാർഥികളും രക്ഷാകർത്താക്കളും എത്തുന്നുണ്ട്. അടഞ്ഞ ഗേറ്റ് കണ്ട് ഇവർ മടങ്ങുകയാണ്. ലൈബ്രറിയുടെ മേൽനോട്ടം വഹിച്ചിരുന്ന ഓണററി സെക്രട്ടറി കെ. രവീന്ദ്രനാഥൻ അസുഖബാധിതനായതോടെയാണ് ലൈബ്രറിയുടെ നടത്തിപ്പിലും പാകപ്പിഴയുണ്ടായത്.

കലക്ടർ മുൻകൈയെടുത്ത് ഭരണസമിതി പുനഃസംഘടിപ്പിച്ച് ലൈബ്രറി തുറക്കണമെന്നാണ് വായനക്കാരുടെ ആവശ്യം. വിവിധ സംഘടനകളും ഇതുസംബന്ധിച്ച ആവശ്യവുമായി പ്രതിഷേധരംഗത്തുണ്ട്.

Tags:    
News Summary - kollam public library is decaying

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.