കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് തകർന്ന ഓട്ടോറിക്ഷ
കടയ്ക്കൽ: മരണക്കെണിയായി പാലോട് - മടത്തറ പാത മാറിയതോടെ അപകടങ്ങളിൽ ജീവൻ പൊലിയുന്നത് നിത്യസംഭവമാകുന്നു. അപകടങ്ങൾ തുടർക്കഥയാവുകയും നിരപരാധികളുടെ ജീവൻ പൊലിയുകയും ചെയ്യുമ്പോഴും അധികൃതർ നോക്കുകുത്തിയാകുന്നു എന്ന ആക്ഷേപം ശക്തമാണ്. തിങ്കളാഴ്ച വൈകിട്ട് പാതയിൽ കൊല്ലായിൽ വടക്കതുമുക്ക് ജങ്ഷനിൽ കെ.എസ്.ആർ.ടി.സി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് കൊല്ലായിൽ ടാക്സി സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവർ ഇസ്ഹാഖ് മുഹമ്മദിന്റെ ജീവൻ പൊലിഞ്ഞതാണ് ഏറ്റവും ഒടുവിലായി നടന്ന അപകടം. നിമിഷനേരം കൊണ്ട് ചോരക്കളമായി മാറിയ റോഡിൽ നിന്നാണ് നാട്ടുകാർ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചത്.
അപകടങ്ങളുടെ പ്രധാനകാരണം അശാസ്ത്രീയമായ റോഡ് നിർമാണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഡ്രൈവർമാരുടെ കാഴ്ച പൂർണ്ണമായും മറക്കുന്ന കൂർത്ത വളവുകളും, റോഡിന്റെ ചില സ്ഥലങ്ങളിൽ ആവശ്യത്തിന് വീതിയില്ലാത്തതും നിമിഷനേരം കൊണ്ട് ദുരന്തങ്ങൾ ക്ഷണിച്ചുവരുത്തുകയാണ്. മഴക്കാലത്ത് റോഡരികിലെ കാടുകൾ വെട്ടിമാറ്റാത്തതിനാൽ എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ കാണാൻ സാധിക്കാത്ത അവസ്ഥയാണ്. കൂടാതെ, രാത്രികാലങ്ങളിൽ തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതും റോഡിലെ വഴുക്കലും അപകടസാധ്യത ഇരട്ടിയാക്കുന്നു. വേഗപരിധി പാലിക്കാതെയും മുന്നിലെ വാഹനങ്ങളെ അപകടകരമായ രീതിയിൽ മറികടക്കാൻ ശ്രമിക്കുന്നതും ദുരന്തങ്ങളുടെ വ്യാപ്തി വർധിപ്പിക്കുന്നു.
ദിനംപ്രതി നൂറുകണക്കിന് കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളും സ്കൂൾ വാഹനങ്ങളും കടന്നുപോകുന്ന ഈ പാതയിൽ ഏറ്റവും കൂടുതൽ അപകടത്തിൽപ്പെടുന്നത് ഇരുചക്ര വാഹനയാത്രക്കാരാണ്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഇവിടെയുണ്ടായത്. പല കുടുംബങ്ങളുടെയും ഏക അത്താണികളാണ് ഈ റോഡിലെ ചോരക്കളത്തിൽ ഇല്ലാതായത്. വിദ്യാർഥികളും പ്രദേശവാസികളും ജീവൻ കൈയിൽ പിടിച്ചാണ് ഇതുവഴി യാത്ര ചെയ്യുന്നത്. തുടർച്ചയായ അപകടങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ മോട്ടോർ വാഹന വകുപ്പും പൊതുമരാമത്ത് വകുപ്പും അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
അപകടസാധ്യതയുള്ള പ്രധാന വളവുകളിൽ ''ബ്ലിങ്കർ'' ലൈറ്റുകൾ, റിഫ്ലക്റ്ററുകൾ, കാഴ്ച സുഗമമാക്കുന്ന കോൺവെക്സ് മിററുകൾ എന്നിവ ഉടനടി സ്ഥാപിക്കണമെന്നും അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങും തടയാൻ ഹമ്പുകൾ, എ.ഐ ക്യാമറകൾ എന്നിവ സ്ഥാപിക്കുകയും പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും മിന്നൽ പരിശോധനകൾ കർശനമാക്കണമെന്നും ആവശ്യമുയരുന്നു. കാഴ്ച മറയ്ക്കുന്ന കാടുകൾ വെട്ടിമാറ്റുകയും രാത്രി യാത്രക്കാർക്കായി ആവശ്യത്തിന് എൽ.ഇ.ഡി തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കുകയും ചെയ്യണം. മറ്റൊരു നിരപരാധിയുടെ ജീവൻ കൂടി ഈ പാതയിൽ പൊലിയുന്നതിന് മുൻപ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊതുമരാമത്ത് വകുപ്പും ജനപ്രതിനിധികളും ഉണർന്നു പ്രവർത്തിക്കണമെന്നും ശാശ്വതമായ പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളിലേക്ക് കടക്കുമെന്നും പ്രദേശവാസികൾ മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.