ഇരവിപുരം: മത്സ്യബന്ധനം കഴിഞ്ഞ് ബൈക്കിൽവീട്ടിലേക്ക് മടങ്ങവെ തീരദേശ റോഡിൽ ബൈക്ക് അപകടത്തിൽപ്പെട്ട് മരിച്ചനിലയിൽ മൂന്നു മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളും സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് ഈ ആവശ്യം ഉന്നയിക്കുന്നത്. തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പറയുന്നത്. അപകടത്തിൽപ്പെട്ട് മരിച്ചവരെ പോസ്റ്റ്മോർട്ടം ചെയ്ത പാരിപ്പള്ളി മെഡിക്കൽ കോളജിലെ ഡോക്ടർ ശനിയാഴ്ച സംഭവസ്ഥലം സന്ദർശിച്ചിരുന്നു. അപകടത്തിൽപ്പെട്ട ബൈക്കിന്റെ പിൻഭാഗത്താണ് കേടുപാടുകൾ സംഭവിച്ചിരുന്നത്. ഇതാണ് സംഭവത്തിൽ ദുരൂഹതക്ക് കാരണമാക്കിയത്.
തീരദേശ റോഡിൽ മുക്കം ബീച്ചിനും താന്നിയ്ക്കും ഇടയിൽവെള്ളിയാഴ്ച പുലർച്ചയായിരുന്നു പരവൂർ കോങ്ങാൽ സ്വദേശികളായ മാഹിൻ, സുധീർ, അമീൻ എന്നിവരെ അപകടത്തിൽപ്പെട്ട് മരിച്ച നിലയിൽ കാണപ്പെട്ടത്.
മൂന്നുപേർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് തീരദേശ റോഡിൽ നിരത്തിവെച്ചിട്ടുള്ള ടെട്രാപോഡിനടുത്തെ കുഴിയിൽ വീണ ശേഷം ബൈക്കിന്റെ മുൻവശം ഉയർന്ന് ടെട്രാപോഡിൽ ഇടിച്ചു മറിയുകയും ബൈക്കിലുണ്ടായിരുന്നവർ തെറിച്ചു വീഴുകയും ചെയ്തതാകാമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. സംഭവസ്ഥലത്ത് പരിശോധന നടത്തിയ ഫോറൻസിക് സംഘത്തിനും മറ്റൊരു വാഹനം ബൈക്കിൽ ഇടിച്ചതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. തീരദേശ റോഡിലുള്ള നിരീക്ഷണ കാമറകളിൽനിന്നും ഒന്നുംതന്നെ പൊലീസ് കണ്ടെത്തിയിട്ടുമില്ല. തീരദേശ റോഡിൽ മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടുന്നതിനായി നിരീക്ഷണ കാമറകൾ സ്ഥാപിക്കുമെന്ന് മയ്യനാട് പഞ്ചായത്ത് അധികൃതർ പ്രഖ്യാപനം നടത്തിയെങ്കിലും അതു ജലരേഖയായി മാറിയ അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.