കേരള സർവകലാശാല യൂനിയൻ യുവജനോത്സവത്തിൽ കിരീട ജേതാക്കളായ തിരുവനന്തപുരം മാർ ഇവാനിയോസ് ടീം മന്ത്രി വി. ശിവൻകുട്ടിയിൽനിന്ന് കിരീടം ഏറ്റുവാങ്ങുന്നു

കേരള സർവകലാശാല യൂനിയൻ യുവജനോത്സവം: ഇഞ്ചോടിഞ്ചിൽ ഇവാനിയോസ്

കൊല്ലം: അവസാന ഫലം പ്രഖ്യാപിക്കും വരെയും നീണ്ട സസ്പെൻസ്... ഒടുവിൽ ഫോട്ടോ ഫിനിഷിലൂടെ കിരീടംപിടിച്ച് തിരുവനന്തപുരം മാർ ഇവാനിയോസ്. അഞ്ചുനാൾ നീണ്ട കേരള സർവകലാശാല യൂനിയൻ യുവജനോത്സവത്തിലെ ആവേശപ്പോരാട്ടത്തിന് ഇതിലും മികച്ചൊരു ത്രില്ലിങ് ക്ലൈമാക്സില്ല.

അവസാനനിമിഷം വരെ ആവേശവും അനിശ്ചിതത്വവും നിറഞ്ഞുനിന്നതിനൊടുവിലാണ് 190 പോയന്‍റുകളുടെ ബലത്തിൽ തിരുവനന്തപുരം മാര്‍ഇവാനിയോസ് ഓവറോള്‍ കിരീടമുയർത്തിയത്. 16ാം തവണയാണ് ഇവാനിയോസ് സർവകലാശാല കലാകിരീടമുയർത്തുന്നത്. തിരുവനന്തപുരം ശ്രീസ്വാതിതിരുനാള്‍ സംഗീത കോളജ് ഒരു പോയന്‍റ് വ്യത്യാസത്തിൽ രണ്ടാമതായി. 189 പോയന്‍റ് ആണ് അവസാനം വരെ പോരാട്ടം കടുപ്പിച്ച സ്വാതിതിരുനാൾ നേടിയത്. കഴിഞ്ഞ തവണ ഇവാനിയോസിനൊപ്പം കിരീടം പങ്കിട്ട യൂനിവേഴ്സിറ്റി കോളജ് 145 പോയന്‍റുമായി മൂന്നാമതായി.

തിരുവനന്തപുരം ഗവ. വനിത കോളജ് (100) നാലാം സ്ഥാനവും ആതിഥേയരായ കൊല്ലം എസ്.എൻ കോളജ് (82) അഞ്ചാം സ്ഥാനവും കരസ്ഥമാക്കി. 35 പോയന്‍റുമായി സ്വാതിതിരുനാൾ സംഗീത കോളജിലെ സോനാ സുനിൽ കലാതിലകത്തിനുള്ള സ്വർണച്ചിലങ്ക സ്വന്തമാക്കി. ആലപ്പുഴ ചേര്‍ത്തല എസ്.എൻ കോളജിലെ എസ്. വിഷ്ണു 28 പോയന്‍റുമായി കലാപ്രതിഭ പുരസ്കാരവും നേടി. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ഏക മത്സരാര്‍ഥി സ്വാതിതിരുനാൾ സംഗീത കോളജിലെ ജെ. ഐവിൻ ഏഴ് ഇനങ്ങളിൽ പങ്കെടുത്ത് 35 പോയന്‍റ് നേടി.

യുവജനോത്സവം തുടക്കത്തിൽ 112 ഇനങ്ങളിലാണ് മത്സരം തീരുമാനിച്ചതെങ്കിലും 108 ഇനങ്ങളിലെ ഫലമാണ് പ്രഖ്യാപിച്ചത്. രംഗോലി, മിമിക്രി, മാപ്പിളപ്പാട്ട് ഇനങ്ങളിലെ ട്രാൻസ്ജെൻഡര്‍ വിഭാഗങ്ങളിലെ മത്സരം ആളില്ലാത്തതിനാൽ ഒഴിവാക്കി. മൂന്നുപേര്‍ രജിസ്റ്റര്‍ ചെയ്ത ചാക്യാർകൂത്തിൽ ഒരാൾ മാത്രം പങ്കെടുത്തതിനാൽ മത്സരം റദ്ദാക്കി.

കല തന്നെ വിപ്ലവപ്രവർത്തനം -മന്ത്രി

കൊല്ലം: കല തന്നെ വിപ്ലവപ്രവർത്തനമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. കേരള സർവകലാശാല യുവജനോത്സവം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കല വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ഉദാഹരണങ്ങൾ ചരിത്രത്തിലുണ്ട്. ആരോഗ്യപരമായ മത്സരം പ്രതിഭയെ രാകി മിനുക്കുമെന്നതിൽ സംശയമില്ലെന്നും മന്ത്രി പറഞ്ഞു.

സർവകലാശാല യൂനിയൻ ചെയർപേഴ്സൺ അനില രാജു അധ്യക്ഷത വഹിച്ചു. സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. വി.പി. അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. മേയർ പ്രസന്ന ഏണസ്റ്റ്, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയൽ, സ്വാഗതസംഘം ചെയർമാൻ പി. അനന്ദു, സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Kerala University Union Youth Festival: Mar Ivanios won

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.