കൊല്ലം: പ്രബല ശക്തിയായി അധികാരത്തിലിരിക്കുന്ന പതിവ് തുടരാൻ എൽ.ഡി.എഫും ആദ്യതവണ മുൻസിപ്പാലിറ്റി ഭരണം പിടിച്ച ചരിത്രത്തിലേക്ക് തിരികെ പോകാൻ യു.ഡി.എഫും ഞെട്ടിക്കുന്ന മുന്നേറ്റം നടത്താൻ എൻ.ഡി.എയും ലക്ഷ്യമിടുമ്പോൾ കരുനാഗപ്പള്ളിയിൽ പോരിന് എരിവേറെ. ഇതിനൊപ്പം സ്വതന്ത്ര കക്ഷികളുടെ വെല്ലുവിളിയും ചേരുമ്പോൾ കടുപ്പത്തിൽ തന്നെയാണ് പോരാട്ടം മുറുകുന്നത്.
പുതുതായി എത്തിയ രണ്ട് വാർഡുകൾ കൂടി ചേർന്ന് ആകെ 37 ഡിവിഷനുകളിലേക്ക് പോരാട്ടം നടക്കുന്നതിൽ 31 ഇടങ്ങളിലും ത്രികോണ പോരാട്ടമാണ്. ചെറുകക്ഷികളുടെയോ സ്വതന്ത്രരുടെയോ ആധിക്യമില്ലാതെ, ഭൂരിഭാഗം വാർഡുകളിലും മൂന്ന് മുന്നണികൾ പരസ്പരം ഏറ്റുമുട്ടുമ്പോൾ ഓരോ സീറ്റും നിർണായകമാകും. ആറിടങ്ങളിൽ മാത്രമാണ് നാല് കടന്ന് സ്ഥാനാർഥികളുടെ എണ്ണം ഉയർന്നത്. ടി.ടി.ഐ എന്ന ഒരൊറ്റ വാർഡിലാണ് അഞ്ച് സ്ഥാനാർഥികൾ വരുന്നത്. മൂന്നിടങ്ങളിൽ എസ്.ഡി.പി.ഐയും ഒരിടത്ത് വെൽഫെയർ പാർട്ടിയും മത്സരിക്കുമ്പോൾ മൂന്നിടത്താണ് സ്വതന്ത്രർ സ്ഥാനാർഥികളായി എത്തുന്നത്.
ആലപ്പാട്, മാംപൊഴിൽ, മൂന്നാംമൂട്, മരുതൂർകുളങ്ങര, ചാരമുറിമുക്ക്, മരുതൂർകുളങ്ങര, നമ്പരുവികാല, നമ്പരുവികാല ക്ഷീരസംഘം, താച്ചയിൽ, കരുനാഗപ്പള്ളി ടൗൺ, താലൂക്ക് ആശുപത്രി, മൈക്രോവേവ്, പടനായർകുളങ്ങര, കെ.എസ്.ആർ.ടി.സി, കന്നേറ്റി, തറയിൽമുക്ക്, കണ്ണംപള്ളി, കേശവപുരം, ചെമ്പകശേരികടവ്, മുത്തേത്തുകടവ്, കോഴിക്കോട്, കായിക്കര കടവ്, പണിക്കർകടവ് , തോട്ടുംകരപാലം, ചെരുവേലിൽമുക്ക്, നെടിയവിള, മാൻനിന്നവിള, പള്ളിക്കൽ, പകൽവീട്, തുറയിൽകുന്ന്, ആലുംകടവ് എന്നീ വാർഡുകളിലാണ് എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളുടെ ത്രികോണ മത്സരം നടക്കുന്നത്.
ഇതിൽ കഴിഞ്ഞ തവണ ഒരു വോട്ടിന് സി.പിഎം ജയിച്ച പണിക്കർകടവിൽ സ്വതന്ത്രനാണ് എൽ.ഡി.എഫ് മുന്നണി സ്ഥാനാർഥി. പുള്ളിമാൻ ജങ്ഷനിൽ സ്വതന്ത്രൻ, മുസ്ലിം എൽ.പി.എസ് വാർഡിൽ എസ്.ഡി.പി.ഐ, പുള്ളിമാൻ ലൈബ്രറി വാർഡിൽ എസ്.ഡി.പി.ഐ, ടി.ടി.ഐ വാർഡിൽ വെൽഫെയർ പാർട്ടിയും എസ്.ഡി.പി.ഐയും, ഒട്ടത്തിൽ മുക്ക് വാർഡിൽ സ്വതന്ത്രൻ, എസ്.കെ.വി സ്കൂൾ വാർഡിൽ സ്വതന്ത്രൻ എന്നിങ്ങനെയാണ് മറ്റ് ആറ് വാർഡുകളിൽ മുന്നണി സ്ഥാനാർഥികൾ അല്ലാതെ ഉള്ള സ്ഥാനാർഥികൾ.
യു.ഡി.എഫിൽ കോൺഗ്രസ് 31 വാർഡുകളിലും മുസ്ലിം ലീഗ് മൂന്ന് വാർഡുകളിലും ആർ.എസ്.പി രണ്ടിടത്തും മാണി സി കാപ്പന്‍റെ പാർട്ടിയായ കേരള ഡെമോക്രാറ്റിക് പാർട്ടി ഒരിടത്തും മത്സരിക്കുന്നു. എൽ.ഡി.എഫിൽ സി.പി.എം 24 സീറ്റിലും സി.പി.ഐ 12 സീറ്റിലും ഇടതു സ്വതന്ത്രൻ ഒരിടത്തും നിൽക്കുന്നു. എൻ.ഡി.എയിൽ ഒരിടത്ത് മാത്രം ബി.ഡി.ജെ.എസ് സ്ഥാനാർഥിയുണ്ട്.
2005ൽ കരുനാഗപ്പള്ളി മുൻസിപ്പാലിറ്റി രൂപീകരിച്ചപ്പോൾ ഭരണം പിടിച്ച യു.ഡി.എഫ് കഴിഞ്ഞ 15 വർഷമായി ഭരണനേതൃത്വത്തിൽ നിന്ന് പുറത്താണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 35 വാർഡുകളിൽ 25 വാർഡും പിടിച്ച് ആണ് എൽ.ഡി.എഫ് അധികാരത്തിൽ ഏറിയത്. യു.ഡി.എഫ് ആറും ബി.ജെ.പി നാലും ആണ് നേടിയത്. കഴിഞ്ഞ തവണത്തെപോലെ തകർപ്പൻ ജയവുമായി ‘ഭരണതുടർച്ച’ ഉണ്ടാകും എന്ന വിശ്വാസത്തിലാണ് എൽ.ഡി.എഫ് ക്യാമ്പ്. എന്നാൽ, പഞ്ചായത്ത് കാലം മുതൽ കൈയിൽ ഇരുന്ന പണിക്കർ കടവ് വാർഡ് ഒരു വോട്ടിന് സി.പി.എമ്മിന് അടിയറവെക്കേണ്ടിവന്നത് പോലുള്ള വീഴ്ചകൾ തങ്ങളുടെ അമിത ആത്മവിശ്വാസം കാരണമായിരുന്നു എന്ന തിരിച്ചറിവിന്‍റെ പാതയിലാണ് യു.ഡി.എഫ് നേതാക്കൾ.
പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ മേഖലയിൽ പിടിച്ച വോട്ടുകൾ ആണ് എൻ.ഡി.എക്ക് ആത്മവിശ്വാസം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.