പ്ലസ് വൺ വിദ്യാർഥിനിയുടെ ആത്മഹത്യ; പ്രേരണകുറ്റത്തിന് യുവാവ് അറസ്റ്റിൽ
കരുനാഗപ്പള്ളി: തൊടിയൂർ സ്വദേശിനിയായ പ്ലസ് വൺ വിദ്യാർഥിനി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ പ്രേരണകുറ്റത്തിന് യുവാവ് അറസ്റ്റിൽ. കോഴിക്കോട് കൊയിലാണ്ടി അരിക്കുളം സ്വദേശി സുരേഷ് (37) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഗൾഫിലേക്ക് കടക്കാൻ ശ്രമം നടത്തുന്നതിനിടെ ഗുജറാത്തിലെ ഗ്രാമത്തിൽ നിന്നാണ് ഇയാൾ അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
മാർച്ച് 12ന് വൈകീട്ട് ആറുവരെ അയൽവാസികളോടൊപ്പം തിരുവാതിര കളിച്ചുകൊണ്ടുനിന്ന പെൺകുട്ടി ഒരു ഫോൺ കാൾ വന്നതിനെ തുടർന്ന് വീട്ടിലേക്ക് കയറിപ്പോകുകയും പിന്നീട് കാണാതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയുമായിരുന്നു. തുടർന്ന്, കരുനാഗപ്പള്ളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത ശേഷം പെൺകുട്ടിയുടെ മൊബൈൽ ഫോൺ പരിശോധനക്ക് വിധേയമാക്കിയപ്പോൾ സുരേഷിന്റെ വിഡിയോ കാൾ കണ്ടെത്തുകയും ഫോണിലൂടെയുള്ള ഇയാളുടെ നിരന്തര ശല്യം സഹിക്കാൻ കഴിയാതെയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് തിരിച്ചറിയുകയും ചെയ്തു.
തുടർന്ന്, ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്റെ നിർദേശപ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ ഒളിവിലാണെന്ന് മനസ്സിലാക്കുകയും പിന്നീട്, സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നിരന്തരമായി നടത്തിയ അന്വേഷണത്തിൽ ഇയാൾ ഗുജറാത്തിലേക്ക് കടന്നതായി കണ്ടെത്തുകയും ചെയ്തു. പ്രതിയുടെ സ്ഥാനം മനസ്സിലാക്കിയ പൊലീസ് സംഘം ഗുജറാത്തിലെത്തി അവിടത്തെ ഗ്രാമത്തിൽ നിന്ന് സാഹസികമായി ഇയാളെ പിടികൂടുകയായിരുന്നു.
കരുനാഗപ്പള്ളി എ.സി.പി പ്രദീപ് കുമാറിന്റെ മേൽനോട്ടത്തിലും ഇൻസ്പെക്ടർ മോഹിത്തിന്റെ നേതൃത്വത്തിലും എസ്.ഐമാരായ ഷിജു, ജിഷ്ണു, ഷാജിമോൻ, സന്തോഷ്, എസ്.സി.പി.ഒമാരായ ഹാഷിം, രാജീവ് കുമാർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.