കരുനാഗപ്പള്ളി: ജല അതോറിറ്റി ശാസ്താംകോട്ട സെക്ഷൻ പരിധിയിൽ വിതരണം ചെയ്യുന്ന കുടിവെള്ളം മലിനജലമാണെന്ന പരാതി വ്യാപകമാവുന്നു. കഴിഞ്ഞ രണ്ടാഴ്ചയിൽ അധികമായി തൊടിയൂർ, മാലുമേൽ മേഖലകളിലെ വീടുകളിൽ എത്തുന്ന കുടിവെള്ളം പ്രാഥമിക ആവശ്യത്തിന് പോലും ഉപയോഗിക്കാൻ കഴിയാത്ത ദുഃസ്ഥിതിയാണ്. ഇതു സംബന്ധിച്ച് ജല അതോറിറ്റിയോട് പരാതി പറഞ്ഞെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
സെക്ഷൻ ഓഫിസിന്റെ പരിധിയിൽ കുടിവെള്ള പൈപ്പുകൾ പൊട്ടി ദിവസങ്ങളോളം വെള്ളം പാഴാകുന്നത് പതിവാണ്. നെൽവയലുകൾ, താഴ്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഇത്തരത്തിൽ പൊട്ടിയ പൈപ്പിലൂടെ മലിനജലം തിരികെ ഒഴുകി കയറുന്നതാണ് കുടിവെള്ളം ഉപയോഗശൂന്യമാകാൻ പ്രധാനമായും കാരണമാകുന്നത്. എന്നാൽ, പൊട്ടിയ പൈപ്പുകൾ യഥാസമയം അറ്റകുറ്റപ്പണി നടത്തുന്നതിൽ അധികൃതർ ഗുരുതരമായ അനാസ്ഥയാണ് ഇപ്പോഴും തുടരുന്നത്. കൂടാതെ, ഈ മേഖലയിൽ കുടിവെള്ള വിതരണത്തിനായി ഉപയോഗിക്കുന്ന പൈപ്പുകളിൽ ഭൂരിഭാഗവും അര നൂറ്റാണ്ടിലധികം പഴക്കമുള്ളവയാണ്.
ഇവയുടെ ഉൾവശം ക്രമാതീതമായി ഓര് അടിഞ്ഞുകൂടിയ അവസ്ഥയായതിനാൽ ക്ലോറിനേഷൻ ഉൾപ്പെടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയാൽ പോലും ശുദ്ധമായ വെള്ളം ലഭിക്കാനുള്ള സാധ്യത പൂർണമായും വിരളമാണെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്. ജില്ലയിൽ പല ഭാഗത്തും വിവിധതരം സാംക്രമിക രോഗങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ കുടിവെള്ളം ശുദ്ധീകരിക്കാൻ അടിയന്തര ശാസ്ത്രീയ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.