പുനലൂർ: ന്യൂസിലൻഡിൽ വിസ വാഗ്ദാനം ചെയ്ത് യുവാവിൽനിന്ന് 11.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതിയെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ നാലാംപ്രതി ഈസ്റ്റ് കല്ലട മണിവീണ വീട്ടിൽനിന്ന് ഇപ്പോൾ എറണാകുളം സൗത്ത് പാലാരിവട്ടം അടിമുറി ലെയ്നിൽ ജനതാറോഡിൽ ഹൗസ് നമ്പർ 12ൽ താമസിക്കുന്ന ചിഞ്ചു (45) ആണ് അറസ്റ്റിലായത്. പുന്നല കറവൂർ ചരുവിള പുത്തൻവീട്ടിൽ ജി. നിഷാദിൽ നിന്നാണ് 2023ൽ നാലംഗസംഘം പണം തട്ടിയത്. ന്യൂസിലൻഡിൽ 45 ദിവസത്തിനകം കപ്പലിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
ബിനിൽകുമാർ എം.ഡിയായി പെരുമ്പാവൂർ ആസ്ഥാനമായുള്ള ഫ്ലൈ വില്ലോ ട്രീ ഇൻറർനാഷനൽ എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. 2023 മേയിൽ ഫേസ്ബുക്കിൽ പരസ്യം കണ്ടാണ് നിഷാദ് സ്ഥാപനവുമായി ബന്ധപ്പെട്ട് വിസ, സർവിസ് ചാർജ് എന്നിവക്ക് തുക നൽകിയത്. ഗൂഗ്ൾ മീറ്റിലൂടെ ഇൻറർവ്യൂ നടത്തി വ്യാജ ഓഫറിങ് ലെറ്ററും നൽകി. മാസങ്ങൾ കഴിഞ്ഞിട്ടും വിദേശത്ത് പോകാൻ കഴിയാതായതോടെയാണ് തട്ടിപ്പാണെന്ന് അറിഞ്ഞത്.
നിഷാദിന്റെ പരാതിയിൽ ഒന്നാംപ്രതി ബിനിൽകുമാറിനെ മുമ്പ് പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇൻറർവ്യൂ നടത്തിയതും വ്യാജ ഓഫറിങ് ലെറ്റർ നൽകിയതും ചിഞ്ചുവാണെന്ന് പൊലീസ് പറഞ്ഞു. ചിഞ്ചുവിനെയും ഭർത്താവ് അനീഷിനെയും സമാന കേസിൽ 2023ൽ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ചിഞ്ചുവിനെതിരെ പാലാരിവട്ടം, കടവന്ത്ര, എറണാകുളം നോർത്ത്, കാലടി സ്റ്റേഷനുകളിലും തട്ടിപ്പ് കേസുണ്ടെന്നും പുനലൂർ എസ്.എച്ച്.ഒ ടി. രാജേഷ് കുമാർ പറഞ്ഞു. എസ്.ഐമാരായ കൃഷ്ണകുമാർ, പ്രമോദ്, എ.എസ്.ഐ മറിയക്കുട്ടി, സി.പി.ഒ രാജേഷ് എന്നിവരുടെ സംഘമാണ് കൊച്ചിയിൽനിന്ന് ചിഞ്ചുവിനെ അറസ്റ്റ് ചെയ്തത്. പുനലൂർ കോടതിയിൽ ഹാജരാക്കി. കേസിലെ രണ്ടും മൂന്നും പ്രതികൾ ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.