കൊടുമൺ: മറവിരോഗം ബാധിച്ച് കിടപ്പിലായ വിമുക്തഭടനെ മർദിച്ച് നഗ്നനാക്കി വലിച്ചിഴച്ച ഹോം നേഴ്സ് കൊല്ലം വിളക്കുടി കുന്നിക്കോട് ഭാസ്കര വിലാസത്തിൽ വിഷ്ണു (37) അറസ്റ്റിലായി. പന്തളം തെക്കേക്കര തട്ട പറപ്പെട്ടി സായി വീട്ടിൽ (സന്തോഷ് ഭവനം ) ശശിധരൻ പിള്ളക്കാണ് (60) വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെ മർദനമേറ്റത്. ശശിധരൻ പിള്ള ഏഴ് വർഷമായി കിടപ്പിലാണ്. ബി.എസ്.എഫിൽനിന്ന് വിരമിച്ച ഇദ്ദേഹത്തെ പരിചരിക്കാൻ അടൂരിലെ ഏജൻസി മുഖാന്തരം ഒന്നരമാസം മുമ്പാണ് വിഷ്ണുവിനെ നിയോഗിച്ചത്. തഞ്ചാവൂരിൽ ഗവൺമെന്റ് സർവിസിൽ അധ്യാപികയായ ഭാര്യ എം.എസ്. അനിതയാണ് സഹായിയെ ഏർപ്പാടാക്കിയത്.
വടികൊണ്ട് മുഖത്ത് കുത്തേറ്റ ശശിധരന്റെ ഇടതുകണ്ണിനു താഴെ അസ്ഥിക്ക് പൊട്ടലുണ്ട്. ബെൽറ്റ് കൊണ്ടുള്ള അടിയേറ്റ് ഇടതുമുട്ടിന് താഴെ മുറിവും തറയിൽ തള്ളിയിട്ട് വലിച്ചതുകാരണം മുതുകിന് ചതവും സംഭവിച്ചു. പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. 23ന് ഉച്ചക്ക് അനിത വീട്ടിലേക്ക് ഫോണിൽ വിളിച്ചപ്പോൾ അസ്വഭാവികമായ ബഹളം കേട്ടു. തുടർന്ന് അയൽവാസിയെ വിളിച്ച് അറിയിച്ചു.
അവർ വീട്ടിലെത്തി നോക്കിയപ്പോൾ ശശിധരൻപിള്ളയുടെ മുഖത്തും ശരീരത്തിലും പാടുകൾ കണ്ട് കാര്യം തിരക്കി. തറയിൽ വീണെന്നായിരുന്നു വിഷ്ണുവിന്റെ മറുപടി. ബന്ധുക്കൾ വീട്ടിലെ സി.സി ടി.വി പരിശോധിച്ചപ്പോൾ വിഷ്ണു ശശിധരൻ പിള്ളയെ മർദിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു. അനിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത കൊടുമൺ പൊലീസ്, പരുമലയിലെ സ്വകാര്യ ആശുപത്രി പരിസരത്തുനിന്ന് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തു. അടുക്കളയിൽനിന്ന് മർദിക്കാനുപയോഗിച്ച വടിയും ബെൽറ്റും കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.