കൊല്ലം കലക്ടറേറ്റിന് മുന്നിൽ ഡിവൈഡറിന് മുന്നിൽ സ്ഥാപിച്ച വിവാദ പരസ്യബോർഡുകൾ
കൊല്ലം: കോർപറേഷന് നയാപൈസയുടെ വരുമാനം നൽകാതെ അനധികൃതമായും അപകടകരമായും നഗരറോഡുകളിലെ മീഡിയനുകളിൽ സ്ഥാപിച്ച പരസ്യബോർഡുകൾക്കെതിരെ കൗൺസിലിന്‍റെ കടുംവെട്ട്. കൊല്ലം നഗരത്തിൽ ഏറ്റവും തിരക്കേറിയ എസ്.എൻ കോളജ് ജങ്ഷൻ-കലക്ടറേറ്റ് റോഡിന്‍റെ മധ്യത്തിലായുള്ള ഡിവൈഡറുകളിലെ ബോർഡുകൾക്കെതിരെയാണ് പുതിയ കൗൺസിൽ ആദ്യ യോഗത്തിൽ തന്നെ നടപടിക്ക് തീരുമാനമെടുത്തത്.
സാധാരണ ഡിവൈഡറുകൾക്ക് നടുവിൽ സമാന്തരമായി ബോർഡുകൾ സ്ഥാപിക്കുന്ന രീതിക്ക് പകരം ഡിവൈഡറുകൾക്ക് കുറുകെ വരുന്ന രീതിയിൽ നൂറുകണക്കിന് പരസ്യബോർഡുകൾ ആണ് ആഴ്ചകൾക്ക് മുമ്പ് പ്രത്യക്ഷപ്പെട്ടത്. അധികാരമെടുത്ത ശേഷം ആദ്യ ഉദ്യോഗസ്ഥ മേധാവികളുടെ യോഗത്തിൽ തന്നെ ഇവ നീക്കാൻ നിർദേശം നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് മേയർ എ.കെ. ഹഫീസ് കൗൺസിലിൽ വെളിപ്പെടുത്തി. കഴിഞ്ഞ ഭരണസമിതി ഒക്ടോബറിലാണ് ഇതിന് കരാർവെച്ചത്.
എന്നാൽ, കരാർ കൃത്യമായി പാലിക്കാതെ നിയമലംഘനം നടത്തിയാണ് ബോർഡുകൾ വെച്ചത്. ഡിവൈഡറുകളിലെ അലങ്കാര ചെടികൾ നശിപ്പിച്ചും അപകടരമായ രീതിയിലും ആണ് ബോർഡുകളെന്ന് മേയർ കൂട്ടിച്ചേർത്തു. ബോർഡുകൾ നീക്കാനുള്ള കർശന തീരുമാനം കൗൺസിൽ സ്വീകരിക്കണമെന്ന മേയറുടെ ആവശ്യത്തിന് യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ പൂർണ പിന്തുണ നൽകി. ബി.ജെ.പിയുടെ പാർലമെന്‍ററി പാർട്ടി നേതാവ് ടി.ജി. ഗിരീഷ് ആണ് ആദ്യം വിഷയം ശ്രദ്ധയിൽ എത്തിച്ചത്.
100 രൂപ പോലും നൽകാതെയാണ് ബോർഡുകൾ സ്ഥാപിച്ചതെന്ന് സ്ഥിരംസമിതി അധ്യക്ഷൻ കുരുവിള ജോസഫും കൗൺസിലിനെ അറിയിച്ചു. നഗരത്തിൽ സ്ഥാപിക്കുന്ന ഒരു പരസ്യബോർഡുകളിൽ നിന്നും കോർപറേഷന് നികുതി വരുമാനം ലഭിക്കാത്ത സ്ഥിതിയാണെന്നും അനധികൃത ബോർഡുകൾ അടിയന്തരമായി നീക്കാൻ നടപടി വേണമെന്നും സ്ഥിരംസമിതിയിൽ വിഷയം ചർച്ചയായപ്പോൾ ഇടതുപക്ഷ കൗൺസിലർ ഉൾപ്പെടെ പൂർണ പിന്തുണ അറിയിച്ചതായും കുരുവിള കൂട്ടിച്ചേർത്തു. ഈ അഭിപ്രായങ്ങൾ കൂടി മാനിച്ചാണ് മേയർ കൗൺസിലിൽ കർശന നടപടി എടുക്കാൻ തീരുമാനിച്ചത്.
ആരുടെ കുടുംബശ്രീ?
കുടുംബശ്രീ എ.ഡി.എസുകളിലും സി.ഡി.എസുകളിലും കാര്യങ്ങൾ അത്ര ശരിയല്ലെന്ന ആരോപണവുമായി യു.ഡി.എഫ്, ബി.ജെ.പി കൗൺസിലർമാർ ഒരു വശത്ത്, കുടുംബശ്രീയെ പ്രതിരോധിക്കുന്ന വാക്കുകളുമായി എൽ.ഡി.എഫ് കൗൺസിലർമാർ മറുവശത്ത്. ആദ്യ കൗൺസിലിനെ ചൂടേറിയ വാക്കേറ്റങ്ങളുടെ നിമിഷങ്ങളിലേക്ക് നയിച്ചത് കുടുംബശ്രീയുമായി ബന്ധപ്പെട്ട പരാമർശങ്ങളായിരുന്നു.
കുടുംബശ്രീ തെരഞ്ഞെടുപ്പ് ഉൾപ്പെടെ നടപടിക്രമങ്ങൾ രഹസ്യാത്മകത പാലിക്കാതെ പിടിച്ചപിടിയാലെ നടത്തുന്നു എന്ന ആരോപണമായിരുന്നു യു.ഡി.എഫിനും ബി.ജെ.പിക്കും. എ.ഡി.എസ്, സി.ഡി.എസ് തെരഞ്ഞെടുപ്പുകളിൽ രഹസ്യാത്മകത വേണമെന്നുള്ള ആവശ്യവും പുതിയ ഭരണസമിതി വന്നതോടെ കൗൺസിലർമാരെ അടുപ്പിക്കാത്ത സ്ഥിതി ഉണ്ടെന്ന പരാതിയും ഇരുകൂട്ടരും ഉയർത്തി. സി.ഡി.എസ് അംഗങ്ങൾ നിയമപരമായി തെരഞ്ഞെടുക്കപ്പെട്ടവർ ആണെന്നും കുടുംബശ്രീയെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്നും സി.പി.എമ്മിന്‍റെ പി.ജെ.രാജേന്ദ്രൻ ഉൾപ്പെടെ വാദിച്ചു.
കുടുംബശ്രീ നിങ്ങളുടേത് മാത്രമാണോ എന്ന് ചോദിച്ചായിരുന്നു ഇടതുപക്ഷത്തെ എതിർസംഘം നേരിട്ടത്. സ്ഥിരംസമിതി അധ്യക്ഷ വിൻസി ബൈജു പല അഴിമതി ആരോപണങ്ങൾ കൂടി ഉയർത്തിയതോടെ കടുത്ത വാക്പോരായി. സ്ഥിരംസമിതി അധ്യക്ഷ വിളിപ്പിച്ചിട്ട് എ.ഡി.എസ്, സി.ഡി.എസ് യോഗം ചേരാൻ പോലും കൂട്ടാക്കുന്നില്ലെന്നും വിൻസി ബൈജു പരാതിപ്പെട്ടു. കൗൺസിലർമാർ കുടുംബശ്രീ എ.ഡി.എസുകളിലും സി.ഡി.എസുകളിലും രക്ഷാധികാരികൾ ആണെന്നും കോർപറേഷൻ കൈകെട്ടിനിൽക്കാനാകില്ലെന്നും മേയർ എ.കെ. ഹഫീസും വ്യക്തമാക്കി.
മാഫിയ വാഴും തെരുവ് കച്ചവട ലോകം
മുൻകാല കൗൺസിലുകൾക്ക് സമാനമായി കൂൺപോലെ മുളക്കുന്ന തെരുവ് കച്ചവടക്കാരെ കുറിച്ച ചർച്ച പുതിയ കൗൺസിലിന്‍റെ യോഗത്തിലും നിറഞ്ഞുനിന്നു. മാഫിയ ആയി തെരുവ് കച്ചവടക്കാർ വളർന്നതായാണ് കൗൺസിലർമാർ മുതൽ മേയർ വരെ ഉന്നയിച്ചത്. തെരുവ് കച്ചവടക്കാരെ ആട്ടിയോടിക്കുകയല്ല, വെൻഡിങ് സോൺ പ്രഖ്യാപിച്ച് പുനർവിന്യസിക്കുകയാണ് വേണ്ടതെന്ന് സി.പി.ഐയുടെ ജെ. സൈജു പറഞ്ഞു.
വേണം, തെരുവ് നായ് ഷെൽറ്റർ
തെരുവ് നായ് ശല്യത്തിന് പരിഹാരമായി ഷെൽറ്റർ നിർമിക്കുകയാണ് പരിഹാരമെന്ന് മേയർ പറഞ്ഞു. ആക്കോലിൽ ഡിവിഷനിൽ ഇതിനായി 20 ഏക്കറോളം സ്ഥലം ഉള്ളതായി അറിയാൻ കഴിഞ്ഞതായും ഇത് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റിലേക്ക് മാലിന്യം എത്തിക്കാൻ പുതിയ ലൈനുകൾ സ്ഥാപിക്കേണ്ടിവരും. ഈ പദ്ധതിയും ഞാങ്കടവ് കുടിവെള്ള പദ്ധതിയും തടസ്സങ്ങൾ നീങ്ങി ശരിയാകാൻ ഇനിയും രണ്ട് വർഷത്തോളം എടുക്കും.
കൊല്ലം ബീച്ചിലെ എം.ജി പാർക്ക് ഫീസ് ഈടാക്കാതെ ജനങ്ങൾക്ക് സൗജന്യമായി പ്രവേശനം അനുവദിക്കാൻ നടപടിക്ക് ശ്രമിക്കുന്നതായും മേയർ പറഞ്ഞു. ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയവും ഉടൻ തുറക്കാൻ ശ്രമിക്കും.
ഡെപ്യൂട്ടി മേയർ ഡോ. ഉദയ സുകുമാരൻ, സ്ഥിരംസമിതി അധ്യക്ഷരായ എം.രാജശ്രീ, ടി. ലൈലാകുമാരി, ബി. അജിത് കുമാർ, എം.എസ്. ഗോപകുമാർ, സദക്കത്ത്, കൗൺസിലർമാരായ സി.ബാബു, സേവ്യർ മത്യാസ്, ഡി. കൃഷ്ണകുമാർ, ദീപു ഗംഗാധരൻ, എ.എം. മുസ്തഫ, എ.കെ. അസൈൻ, രഞ്ജിത്ത് കലുങ്കുംമുഖം, അജിത്ത് ചോഴത്തിൽ, ശശികല റാവു, എ. നിസാർ, ആർ. ഡെസ്റ്റിമോണ എന്നിവരും പൊതുചർച്ചയിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.