അലിൻ വിജയൻ, അഖിൽ ദാസ്
കൊല്ലം: എസ്.ഐയെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പൊലീസിന്റെ പിടിയിലായി. പള്ളിത്തോട്ടം പനമൂട് പുരയിടത്തിൽ അലിൻ വിജയൻ(32), തങ്കശ്ശേരി പുന്നത്തല ഹിമൽ നിവാസിൽ അഖിൽ ദാസ്(32) എന്നിവരാണ് പള്ളിത്തോട്ടം പൊലീസിന്റെ പിടിയിലായത്. പൊതുസ്ഥലത്ത് മദ്യപാനം തടയാൻ ശ്രമിച്ച പള്ളിത്തോട്ടം പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടറെ ആണ് പ്രതികൾ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്.
ഞായറാഴ്ച വൈകിട്ട് തങ്കശ്ശേരി ബസ് ബേ ഭാഗത്ത് കാർ പാർക്ക് ചെയ്ത് പരസ്യ മദ്യപാനം നടക്കുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ജീപ്പിൽ പരിശോധനക്കായി എത്തിയപ്പോൾ പ്രതികൾ വാഹനം സ്റ്റാർട്ട് ചെയ്ത് പോലീസ് ഉദ്യോഗസ്ഥന് നേരെ ഓടിച്ച് ഇടിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പെെട്ടന്ന് ഒഴിഞ്ഞ് മാറിയതിനാൽ വലിയ അപകടം ഒഴിവായി. വാഹനം തട്ടി പോലീസ് ഉദ്യോഗസ്ഥന് കാൽമുട്ടിനും കൈക്കും പരിക്കേറ്റു. പള്ളിത്തോട്ടം ഇൻസ്പെക്ടർ ഷഫീഖിന്റെ നേതൃത്വത്തിൽ എസ്.ഐ രാജിവ്, എ.എസ്.ഐ സുനിൽ, എസ്.സി.പി.ഒമാരായ സുനിൽ ലാസർ, ബിനു, ശ്രീജിത്ത്, മനോജ്, സി.പി.ഒമാരായ വൈശാഖ്, അഭിലാഷ്, സാജൻ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.