കൊല്ലം: ഭക്ഷണശാല ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കുന്നതിനുള്ള സമയപരിധി അവസാനിക്കാൻ അഞ്ച് ദിവസം കൂടി. ജനുവരി 31ന് അവസാനിക്കേണ്ടിയിരുന്ന സമയപരിധി 15 ദിവസത്തേക്ക് കൂടി നീട്ടിനൽകുകയായിരുന്നു.
ഹോട്ടൽ, ബേക്കറി, തട്ടുകട, കാറ്ററിങ് എന്നിങ്ങനെ ഭക്ഷണം വിൽക്കുന്ന എല്ലാ വിഭാഗം സംരംഭങ്ങളിലും ഭക്ഷണം കൈകാര്യം ചെയ്യുന്ന തൊഴിലെടുക്കുന്ന തൊഴിലാളികൾക്കെല്ലാം കാർഡ് നിർബന്ധമാണ്. പരിശോധനയിൽ ഹെൽത്ത് കാർഡില്ലാത്ത ജീവനക്കാരെ കണ്ടെത്തിയാൽ സ്ഥാപനം പൂട്ടിക്കുന്ന നടപടിയാണ് കൈക്കൊള്ളുക.
ജനുവരിയിൽ സമയപരിധി അവസാനിക്കാറായപ്പോൾ ജില്ലയിൽ 50 ശതമാനത്തോളം സ്ഥാപനങ്ങളിൽ മാത്രമാണ് ജീവനക്കാർക്ക് ഹെൽത്ത് കാർഡുണ്ടായിരുന്നത്. ഈ സാഹചര്യത്തിൽ കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രത്യേക ക്യാമ്പും സംഘടിപ്പിച്ചിരുന്നു.
ഇപ്പോഴും വലിയവിഭാഗം തൊഴിലാളികൾക്ക് കാർഡ് ലഭ്യമായിട്ടില്ലെന്നും സമയം വേണമെന്നും വ്യാപാരികൾക്കിടയിൽനിന്ന് ആവശ്യമുയരുന്നുണ്ട്. മാർച്ച് 31 വരെയെങ്കിലും സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുഖ്യമന്ത്രിക്ക് ഉൾപ്പെടെ നിവേദനം നൽകിയിരിക്കുകയാണ്.
ഹെൽത്ത് കാർഡിന്റെ ഭാഗമായി നിരവധി നിർദേശങ്ങൾ വ്യാപാരികളുടെ മേൽ അടിച്ചേൽപിക്കാൻ ശ്രമിക്കുകയാണെന്ന് ആക്ഷേപവുമുയരുന്നുണ്ട്. ടൈഫോയ്ഡ് വാക്സിൻ എടുക്കണമെന്ന നിർദേശം നിലവിൽ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന തൊഴിലാളികൾക്കും ചെറുകിട വ്യാപാരികൾക്കും അധിക സാമ്പത്തികഭാരം വരുത്തിവെക്കുന്ന ഒന്നാണെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
ലാബ് പരിശോധനകൾ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം ചെയ്താൽ മതിയെന്ന നിർദേശത്തിന്റെ മറവിൽ തൊഴിലാളികളെയും വ്യാപാരികളെയും കൊണ്ട് ആരോഗ്യ പ്രവർത്തകർ നിർബന്ധിച്ച് ലാബ് ടെസ്റ്റ് ചെയ്യിപ്പിക്കുകയും അതുവഴി സാമ്പത്തിക ബുദ്ധിമുട്ട് സൃഷ്ടിക്കുകയുമാണെന്ന് ആരോപണവുമുണ്ട്.
ഡോക്ടർക്ക് ആവശ്യമെന്ന് തോന്നുന്ന എല്ലാ പരിശോധനകളും എന്നാണ് ഉത്തരവിൽ പറയുന്നത്. ഡോക്ടർമാർ സ്വകാര്യ ലാബുകളുമായി ചേർന്ന് കമീഷൻ വ്യവസ്ഥയിൽ ടെസ്റ്റുകൾക്കെഴുതുന്ന സാഹചര്യമുണ്ടെന്നും വ്യാപാരികൾ പറയുന്നു. ഇക്കാര്യത്തിൽ ഉത്തരവിൽ വ്യക്തത വരുത്തണമെന്നും സമയം നീട്ടിനൽകണമെന്നുമാണ് ആവശ്യമുയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.