വീടുകളിലെ ചികിത്സക്ക്​ മാര്‍ഗ നിര്‍ദേശങ്ങളായി

കൊല്ലം: സംസ്ഥാന സര്‍ക്കാറും ആരോഗ്യവകുപ്പും സമയാസമയങ്ങളില്‍ നിഷ്‌കര്‍ഷിക്കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസൃതമായി, ജില്ലയില്‍ രോഗ ലക്ഷണം പ്രകടിപ്പിക്കാത്ത കോവിഡ് രോഗം സ്ഥിരീകരിച്ചവരെ വീടുകളില്‍ തന്നെ താമസിപ്പിച്ച് ചികിത്സിക്കാൻ കലക്​ടർ അനുമതി നൽകി.

ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഉപാധികളോടെ ജില്ല മെഡിക്കല്‍ ഓഫിസറെ ചുമതലപ്പെടുത്തി. വീടുകളില്‍ താമസിച്ച് ചികിത്സ സ്വീകരിക്കാന്‍ കഴിയുമോ എന്ന് തീരുമാനിക്കുന്നത് അതത് പ്രദേശത്ത് അധികാരപരിധിയുള്ള ആരോഗ്യ വകുപ്പി​െൻറ മെഡിക്കല്‍ ഓഫിസറുടെ പദവിയില്‍ താഴെയല്ലാത്ത ഉദ്യോഗസ്ഥനായിരിക്കും.

കോവിഡ് സ്ഥിരീകരിക്കുന്നത് ആരോഗ്യവകുപ്പ് അംഗീകരിച്ച പരിശോധന മാര്‍ഗത്തിലായിരിക്കണം. രോഗ ബാധയുള്ളയാള്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നയാള്‍ ആയിരിക്കരുത്. ഗൃഹചികിത്സ സ്വീകരിക്കുന്നയാള്‍ മറ്റേതെങ്കിലും ഗുരുതര രോഗബാധയുള്ളയാളായിരിക്കരുത്.

ഗര്‍ഭിണികള്‍, നവജാത ശിശുക്കള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്കും 12 വയസ്സിന് താഴെയുള്ള കുട്ടികളേയും 60 വയസ്സിന് മുകളില്‍ പ്രായമായവരേയും ഗൃഹചികിത്സ സ്വീകരിക്കാന്‍ അനുവദിക്കില്ല.

എന്നാല്‍, 12 വയസ്സിന് താഴെയുള്ള ഒരു കുട്ടിയുടെ കൂടെ മാതാപിതാക്കളോ രക്ഷാകര്‍ത്താവോ കൂടി റൂം ഐസൊലേഷനില്‍ പോകാന്‍ തയാറാണെങ്കില്‍ അത് അംഗീകരിച്ച് മൂന്നാമതൊരാള്‍ക്ക് പരിപാലന ചുമതല നല്‍കാം. മാനസിക പ്രശ്‌നമുള്ളവരെ ഗൃഹ ചികിത്സക്ക് വിധേയരാക്കാന്‍ പാടില്ല.

കോവിഡ് രോധബാധിതര്‍ക്ക് ഗൃഹ ചികിത്സ, സുരക്ഷിത സാഹചര്യത്തില്‍കഴിഞ്ഞ് സ്വീകരിക്കാന്‍ തക്കവണ്ണം ശുചിമുറിയും മതിയായ വെൻറിലേഷന്‍ സൗകര്യവുമുള്ള പ്രത്യേക മുറി വീട്ടില്‍ തന്നെ ഉണ്ടായിരിക്കണം. പ്രായമായവരോ മറ്റ് അസുഖങ്ങള്‍ക്ക് ചികിത്സയിലിരിക്കുന്നവരോ വീട്ടിലുണ്ടെങ്കില്‍ അവര്‍ക്ക് കഴിയാന്‍ പ്രത്യേകമായ താമസസൗകര്യങ്ങള്‍ അതത് വീടുകളില്‍ ഉണ്ടായിരിക്കണം. കഴിയുന്നിടത്തോളം ഇത്തരം ആള്‍ക്കാരെ കോവിഡ് രോഗ ബാധിതര്‍ കഴിയുന്ന വീട്ടില്‍നിന്ന്​ മാറ്റി താമസിപ്പിക്കണം.

റൂം ഐസൊലേഷനില്‍ കഴിയുന്ന രോഗികള്‍ക്ക് ഭക്ഷണം/മരുന്ന് എന്നിവ നല്‍കുന്നതിന്​ മൂന്നാമതൊരാളെ അതേ കുടുംബത്തില്‍നിന്നുതന്നെ നിശ്ചയിക്കാം. എന്നാല്‍ സമ്പര്‍ക്കം വഴി രോഗബാധിതനാകാതിരിക്കാന്‍ ഇദ്ദേഹം ട്രിപ്പിള്‍ ലെയര്‍ മാസ്‌ക്, ഗ്ലൗസ് എന്നിവ ഉപയോഗിച്ച് എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണം.

ടെലി മെഡിസിന്‍/കൗണ്‍സലിങ് സംവിധാനത്തിലൂടെയായിരിക്കും രോഗ ബാധിതര്‍ക്കും ശുശ്രൂഷിക്കുന്നവർക്കും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിർദേശം നല്‍കുന്നത്. രോഗബാധിതര്‍ ചികിത്സയില്‍ കഴിയുന്ന വീട്ടില്‍ സന്ദര്‍ശകരെ അനുവദിക്കില്ല.

വീടുകള്‍ പതിവായി അണുനശീകരണം നടത്തണം. അതിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഫോണിലൂടെ ആരോഗ്യവകുപ്പുദ്യോഗസ്ഥര്‍ നൽകണം. ഗൃഹചികിത്സയില്‍ കഴിയുന്ന രോഗിയുടെ വീട്ടിലെ ജൈവ മാലിന്യങ്ങള്‍ ആഴത്തില്‍ കുഴിച്ചുമൂടുകയോ കത്തിച്ചുകളയുകയോ ചെയ്യണം.

മറ്റുള്ളവ ഒരു ശതമാനം സോഡിയം ഹൈപ്പോക്ലോറേറ്റ് ലായനി ഉപയോഗിച്ച് ശുചീകരിക്കണം. ചികിത്സ ആരംഭിച്ച് പത്താംദിവസം അല്ലെങ്കിൽ രോഗ ബാധിതന്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ പരിപാലന ചുമതലയുണ്ടായിരുന്നയാളെ ആൻറിജന്‍ ടെസ്​റ്റിന് വിധേയമാക്കണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.