മാലിന്യക്കൂന പഴങ്കഥ;കൊട്ടാരക്കര ഉഗ്രൻകുന്നിൽ ബയോ മൈനിങ് തുടങ്ങി

കൊട്ടാരക്കര: മാലിന്യക്കൂമ്പാരം കാരണം വീർപ്പുമുട്ടിയിരുന്ന കൊട്ടാരക്കര നഗരസഭയിലെ ഉഗ്രൻകുന്നിന് ശാപമോക്ഷമാവുന്നു. മാലിന്യ കൂമ്പാരങ്ങൾ ശാസ്ത്രീയമായി സംസ്കരിച്ച ശേഷം ലഭിക്കുന്ന ഭൂമി മറ്റാവശ്യങ്ങൾക്കായി വീണ്ടെടുക്കുന്നതിന്റെ ഭാഗമായി കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെ.എസ്.ഡബ്ല്യു.എം.പി) നേതൃത്വത്തിലുള്ള ബയോ മൈനിങ് ഉഗ്രൻകുന്നിൽ ആരംഭിച്ചു.

സംസ്ഥാനത്താകെ 20 ഇടങ്ങളിൽ ഇത്തരത്തിൽ മാലിന്യക്കൂനകൾ ഇല്ലായ്മ ചെയ്യുന്നതിനായി ബയോ മൈനിങ് നടത്തുന്നതിന്റെ ഭാഗമായാണ് കൊട്ടാരക്കരയിലെ ഉഗ്രൻകുന്നിനേയും ഉൾപ്പെടുത്തിയത്. കൊല്ലം ജില്ലയിലെ മറ്റ് നഗരസഭകളിലും ഈ പദ്ധതി വരുന്നുണ്ട്. കാലാകാലങ്ങളായി നിക്ഷേപിച്ചിട്ടുള്ള ഖരമാലിന്യങ്ങൾ ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെ ശാസ്ത്രീയമായി വേർതിരിച്ച് നീക്കുന്ന പദ്ധതിയുടെ കരാർ ഏറ്റെടുത്തിരിക്കുന്നത് മഹാരാഷ്ട്രയിലെ നാഗ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്.എം.എസ് എൻവോകെയർ ലിമിറ്റഡ് ആണ്. പരമാവധി വേഗത്തിൽ ബയോ മൈനിങ് പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

40 സെന്റ് സ്ഥലം വീണ്ടെടുക്കും

ഉഗ്രൻകുന്നിൽ മാലിന്യം നീക്കുന്നതോടെ 40 സെന്റ് സ്ഥലം വീണ്ടെടുക്കാനാവും. 8090 മീറ്റർ ക്യൂബ് മാലിന്യം കുന്നുകൂടി കിടക്കുന്നതായാണ് കണക്ക്. പ്ലാസ്റ്റിക്, ചെരുപ്പുകൾ, ചില്ലുകൾ തുടങ്ങിയ മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിച്ച ശേഷമാണ് ഭൂമി നിരപ്പാക്കുക. നിരപ്പാക്കി മാറ്റുന്നതോടെ ഈ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കും.

ശാശ്വത പരിഹാരമാകും

ഉഗ്രൻകുന്നിൽ പദ്ധതികൾ പലതും നടപ്പാക്കിയെങ്കിലും വേണ്ടത്ര ഫലം കണ്ടിരുന്നില്ല. 2018 വരെയും മാലിന്യം മണ്ണിട്ട് മൂടുകയായിരുന്നു ചെയ്തിരുന്നത്. പിന്നീട് ഹരിതകർമ്മ സേനയുടെ നേതൃത്വത്തിൽ ക്ളീൻ കേരള പദ്ധതിവഴി മാലിന്യം തരംതിരിച്ച് സംസ്കരിച്ചു വരികയായിരുന്നു. ഇത് സമയം ഏറെ വേണ്ട നടപടിയാണ്.സ്ഥിരമായ പരിഹാരം എന്ന നിലയിലാണ് ബയോ മൈനിംഗ് പദ്ധതി നടപ്പാക്കുന്നത്.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാർഗനിർദേശം അനുസരിച്ചാണ് സംസ്കരണ നടപടികൾ. പതിനഞ്ച് മാസമാണ് കരാറിന്റെ കാലാവധിയെങ്കിലും എത്രയും വേഗത്തിൽ മാലിന്യം നീക്കി ഭൂമി വീണ്ടെടുക്കാനാണ് ലക്ഷ്യമിടുന്നത്. ലോക ബാങ്കിന്റെയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ടചർ ഇൻവെസ്റ്റ് ബാങ്കിന്‍റെയും പിന്തുണയോടെയാണ് കെ.എസ്.ഡബ്ല്യു.എം.പി പദ്ധതി നടപ്പാക്കുന്നത്. മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും, ഹരിത കർമ്മ സേനക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനും ജൈവമാലിന്യങ്ങൾ, പ്ലാസ്റ്റിക്, മറ്റ് ഖരമാലിന്യങ്ങൾ എന്നിവ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനും പ്രാദേശിക തലത്തിൽ നടപടികളെടുക്കും.

Tags:    
News Summary - Garbage dumps will be disposed of scientifically

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.