പരവൂർ: ബീഡി വാങ്ങിനൽകാത്തതിന് പിതാവിന്റെ തല തല്ലിത്തകർക്കുകയും കാൽ അടിച്ചൊടിക്കുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പരവൂർ കൂനയിൽ പുതുവീട് സുനിൽ മന്ദിരത്തിൽ സുനിൽ (31) ആണ് പിടിയിലായത്.
വിദേശത്തായിരുന്ന യുവാവ് കഴിഞ്ഞദിവസമാണ് തിരികെയെത്തിയത്. പിതാവ് സുകുമാരനോട് പുകവലിക്കാൻ ബീഡി വാങ്ങിക്കൊടുക്കാൻ ആവശ്യപ്പെട്ടെങ്കിലും നിരസിച്ചു. പ്രകോപിതനായ യുവാവ് ചുറ്റിക കൊണ്ട് പിതാവിന്റെ തലക്കടിച്ച് പൊട്ടിക്കുകയായിരുന്നു. ജീവരക്ഷാർഥം ഓടി രക്ഷപ്പെടാൻ ശ്രമിച്ച സുകുമാരന്റെ കാൽ കമ്പി വടി കൊണ്ട് അടിച്ചൊടിച്ചു.
വീട്ടിലേക്ക് ആരെയും അടുപ്പിക്കാതെ ആയുധവുമായി പ്രകോപിതനായി പെരുമാറിയ യുവാവ് പിതാവിനെ ആശുപത്രിയിൽ കൊണ്ടുപോകാനും അനുവദിച്ചില്ല. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പരവൂർ പൊലീസ് സംഘം തന്ത്രപൂർവം ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. രക്തം വാർന്ന് കിടന്ന സുകുമാരനെ പൊലീസ് ഉടൻ നെടുങ്ങോലം താലൂക്കാശുപത്രിയിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. സ്ഥിതി ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചണ വിഭാഗത്തിലേക്ക് മാറ്റി. മാതാവിന്റെ പരാതിയിൽ സുനിലിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. പരവൂർ ഇൻസ്പെക്ടർ എ. നിസാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ നിതിൻ നളൻ, സുരേഷ്ബാബു, നിസാം, എസ്.സി.പി.ഒമാരായ വിമൽ ചന്ദ്രൻ, സിന്ധു സി.പി.ഒമാരായ രതീഷ്, പ്രോംലാൽ, ഷെഫീർ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.