ജില്ല കലക്ടറുടെ നേതൃത്വത്തിൽ രാത്രികാല ഡ്രൈവർമാർക്ക് ചുക്കുകാപ്പി വിതരണം നടത്തുന്നു
ഇരവിപുരം: സമയം അർദ്ധരാത്രി ഒന്നര മണി. തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കാറിനുനേരെ അയത്തിൽ ബൈപാസ് റോഡിൽ വച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കൈ കാണിക്കുന്നു. വാഹനത്തിന്‍റെ ഒർജിനൽ രേഖകൾ കൈയിൽ ഇല്ലാത്തതിനാൽ ഡ്രൈവർ ഒന്ന് പകച്ചു. വണ്ടി ഒതുക്കി നിർത്തി പുറത്തിറങ്ങിയപ്പോൾ കലക്ടറും, ആർ.ടി.ഒയും, ജോയന്‍റ് ആർ.ടി.ഒ ശരത് ചന്ദ്രന്‍റെയും ട്രാക്ക് സെക്രട്ടറി റിട്ട. എസ്.ഐ ഷാനവാസിന്‍റെയും നേതൃത്വത്തിലുള്ള പ്രവർത്തകർ മുന്നിൽ. വാഹനത്തിന്‍റെ വിശദാംശങ്ങൾ ചോദിക്കുന്നതിനുപകരം ഒരു കപ്പ് ചുക്കുകാപ്പി നീട്ടിയപ്പോൾ എന്താണെന്ന് ആദ്യം മനസ്സിലായില്ല. കിലോമീറ്ററുകൾ താണ്ടി വരുന്നതല്ലെ കാപ്പി കുടിച്ച് വിശ്രമിച്ചിട്ടു യാത്ര തുടരാമെന്ന് കലക്ടർ പറഞ്ഞപ്പോഴാണ് ചുക്കുകാപ്പിയുടെ രഹസ്യം ഡ്രൈവർക്ക് ബോധ്യപ്പെട്ടത്.
രാത്രികാല യാത്രകളിൽ ഉറക്കം കണ്ണുകളെ കീഴടക്കുമ്പോൾ നിരത്തുകളിൽ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പും റോഡപകടങ്ങൾ കുറയ്ക്കുക എന്നലക്ഷ്യത്തോടെ രൂപീകരിച്ച ട്രോമാ കെയർ എയ്ഡ് സെന്ററും (ട്രാക്ക്) എസ്.ബി.ഐയും റോട്ടറി ക്ലബും ചേർന്നാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി മുടങ്ങാതെ രാത്രികാല ഡ്രൈവർമാർക്കായി ചുക്കുകാപ്പി വിതരണം നടത്തുന്നത്. ചുക്കുകാപ്പിയൊടൊപ്പം അപകടങ്ങൾ ഒഴിവാക്കുന്നതിനായുള്ള ബോധവൽക്കരണവും നടത്തും. റോഡപടങ്ങളുടെ നിരക്ക് ട്രാക്ക് വിദഗ്ധ സമിതി പഠനവിധേയമാക്കിയതിൽ നവംബർ, ഡിസംബർ ജനുവരി മാസങ്ങളിലാണ് രാത്രികാല റോഡപകടങ്ങൾ കൂടുതലായി നടക്കുന്നത് എന്ന് മനസ്സിലാക്കുകയും, ഉറക്കമാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ചുക്കുകാപ്പി വിതരണം തുടങ്ങിയത്.
ഡിസംബർ മാസത്തിലെ തണുപ്പും ദിർഘദൂര യാത്രാക്ഷീണവുമാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്നും കണ്ടെത്തിയിരുന്നു. കൊല്ലം ബൈപാസിൽ അയത്തിൽ ജങ്ഷനുസമീപം ആരംഭിച്ച ചുക്കുകാപ്പി വിതരണന പരിപാടി ഇത്തവണ ഉദ്ഘാടനം ചെയ്തത് കൊല്ലം ജില്ല കലക്ടർ ദേവിദാസ് ആണ്. കൊല്ലം ആർ.റ്റി.ഒ. കെ. അജിത്കുമാർ, ട്രാക്ക് സെക്രട്ടറി റിട്ട. എസ്.ഐ ഷാനവാസ്. കൊല്ലം എൻഫോഴ്സ്മെന്‍റ് ആർ.റ്റി.ഒ എ.കെ ദിലു, ട്രാക്ക് വർക്കിങ് പ്രസിഡന്‍റും ജോയിന്‍റ് ആർ.റ്റി.ഒയുമായ ശരത്ചന്ദ്രൻ, ട്രാക്ക് ട്രഷറർ ഗോപൻ ലോജിക്ക്, റോട്ടറി ക്ലബ് പ്രസിഡന്‍റ് അമീൻ, എസ്.ബി.ഐ ജനറൽ മനേജർ ആംബ്രോസ്, ട്രാക്ക് പ്രവർത്തകർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചിരുന്നു. രാത്രികാല ചുക്കുകാപ്പി വിതരണം തുടങ്ങിയതോടെ രാത്രികാല അപകടങ്ങൾ കുറഞ്ഞിട്ടുണ്ട് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.