കൊല്ലം: രണ്ട് എസ്.ഐമാര്‍ പ്രതിയായ സ്ത്രീധന പീഡനക്കേസില്‍ ആരോപണ വിധേയയായ വനിത എസ്.ഐക്ക് സ്ഥലം മാറ്റം. വനിത എസ്.ഐ ഐ.വി ആശയെ കൊല്ലം എസ്.എസ്.ബി യൂനിറ്റില്‍ നിന്ന് പത്തനംതിട്ടയിലേക്കാണ് സ്ഥലം മാറ്റിയത്. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. കേസില്‍ പ്രതിയായിട്ടും ആശ രഹസ്യാന്വേഷണ വിഭാഗത്തില്‍ തുടരുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സംരക്ഷണമാണ് ഇതിനു പിന്നിലെന്നായിരുന്നു ആക്ഷേപം. ഈ പശ്ചാത്തലത്തിലാണ് ആശക്കെതിരിലെ നടപടി. ഇതിനിടെ ഇവർക്കെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചതായാണ് അറിയുന്നത്.
അതേസമയം, പരാതിക്കാരിയുടെ ഭര്‍ത്താവും കേസിലെ ഒന്നാം പ്രതിയുമായ വര്‍ക്കല എസ്.ഐ അഭിഷേക് അവധിയിലാണെങ്കിലും ചുമതലയില്‍ തുടരുകയാണ്. കേസിൽ ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ ജില്ലകോടതി തള്ളിയിട്ടും അറസ്റ്റ് വൈകുന്നതിലും വനിത എസ്.ഐ നാട്ടിൽ തന്നെ ഡ്യൂട്ടിയിൽ തുടരുന്നതിലും വ്യാപക വിമർശനം ഉയർന്നിരുന്നു.
ഇതിനിടെ, മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടു കണ്ട കുടുംബത്തിന് അന്വേഷണത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഇപ്പോഴത്തെ സ്ഥലം മാറ്റ നടപടി. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകിയിരിക്കുന്നതിനാലാണ് കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാത്തതെന്നാണ് വിവരം. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി അജിതാബീഗത്തെയും കുടുംബം നേരില്‍ കണ്ട് വിവരങ്ങള്‍ പങ്കുവച്ചിരുന്നു.
അഭിഷേകും ആശയും പ്രത്യേകമായി ഹൈകോടതിയിൽ ഫയല്‍ചെയ്ത ജാമ്യാപേക്ഷ 28നും 30നും കോടതി പരിഗണിക്കും. പ്രോസിക്യൂഷനൊപ്പം മുന്‍കൂര്‍ജാമ്യത്തെ എതിര്‍ത്ത് പരാതിക്കാരി ഹൈക്കോടതിയില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇരുവരെയും കൂടാതെ അഭിഷേകിന്റെ അമ്മ അലീസ്, സഹോദരന് അഭിജിത്ത് എന്നിവരും കേസിലെ പ്രതികളാണ്. ഇതിനിടെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ അപേക്ഷയില്‍ പരാതിക്കാരിയുടെ മൊഴി കമീഷണര്‍ ഓഫീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.