പുനലൂർ: നഗരസഭയിൽ കുടിവെള്ള വിതരണത്തിനായി കരാർ എടുത്ത രണ്ടു പേർക്കെതിരെ വിശ്വാസവഞ്ചനയും വ്യാജരേഖ ചമയ്ക്കലും ഉള്‍പ്പെടെ വകുപ്പ് ചുമത്തി പുനലൂർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
കുടിവെള്ള വിതരണത്തിൽ വലിയ സാമ്പത്തിക തട്ടിപ്പുണ്ടെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫ് അംഗങ്ങൾ ആക്ഷേപം ഉന്നയിച്ച് പരാതി നൽകിയിരുന്നു. കുടിവെള്ള വിതരണത്തിനായി കരാർ എടുത്തവർ ഭരണ നേതാക്കള്‍ നിര്‍ദേശിച്ച പ്രകാരം അന്യായ ലാഭം ഉണ്ടാക്കണം എന്ന ഉദ്ദേശത്തോടെ വ്യാജ മുദ്രപത്രം വച്ച് പണം തട്ടി എന്ന് കാണിച്ച് തിരുവനന്തപുരം സ്വദേശി നിലാവ് മുരളീധരന് നായര്‍ എന്നയാളുടെ പരാതിയിലാണ് പൊലീസ് ഇപ്പോള്‍ കേസ് എടുത്തത്. കുടിവെള്ള വിതരണത്തിനായി സമീപ പഞ്ചായത്തുകൾ 5000 ലിറ്റർ ടാങ്കുകൾ ഘടിപ്പിച്ച വാഹനം ഒരു കിലോമീറ്റർ 54 രൂപ മുതൽ 75 രൂപ വരെ നിരക്കിൽ ഓടിയപ്പോൾ പുനലൂർ നഗരസഭ കൗണ്‍സില്‍ അനുമതി കൂടാതെ ഒരു കിലോമീറ്റർ 290 രൂപ നിരക്കിലാണ് വിതരണം നടത്തിയത്.
ഇത് സംബന്ധിച്ച് നഗരസഭയിലെ പ്രതിപക്ഷ അംഗങ്ങൾ നൽകിയ പരാതിയിൽ ആഭ്യന്തര വിജിലൻസ് വിഭാഗവും തദ്ദേശസ്വയംഭരണ വകുപ്പും നടത്തിയ അന്വേഷണങ്ങളിൽ ക്രമക്കേട് ബോധ്യപ്പെട്ടിരുന്നു. തുടർന്ന് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പരാതിയില്‍ നഗരസഭ ജീവനക്കാരെ കൂടി ഉള്‍പ്പെടുത്താന്‍ വേണ്ടിയുള്ള അനുമതി തേടി വിജിലൻസ് സർക്കാരിലേക്ക് കത്ത് നൽകിയിട്ടുമുണ്ട്. 2021, 2022, 2023 വർഷങ്ങളിൽ പുനലൂർ നഗരസഭയിൽ നടന്ന കുടിവെള്ള വിതരണത്തിൽ വൻതോതിൽ ക്രമക്കേട് നടന്നതായാണ് സർക്കാരിന്റെ വിവിധ ഏജൻസികൾ നടത്തിയ അന്വേഷണങ്ങളിൽ കണ്ടെത്തിയത്. വ്യാജരേഖകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് എഫ്.ഐ.ആർ ഇട്ടത് ഭരണസമിതിയെ വെട്ടിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.