പച്ചപ്പുൽ ക്ഷാമവും
രൂക്ഷം
കൊട്ടിയം: ദിനംതോറും വർധിക്കുന്ന കൊടുംചൂടിൽ ക്ഷീരമേഖലയിലും പ്രതിസന്ധി രൂക്ഷം. ചൂട് കൂടിയതോടെ പാൽ ഉൽപാദനത്തിലും വൻ കുറവുണ്ടായെന്ന് ക്ഷീരവകുപ്പ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. മുൻ മാസങ്ങളിൽ ജില്ലയിലുണ്ടായിരുന്ന പ്രതിദിന പാൽ ഉൽപാദനത്തിൽനിന്ന് പത്ത് ശതമാനത്തോളം കുറവ് വന്നിട്ടുണ്ട്. ഈ സ്ഥിതി തുടർന്നാൽ ജില്ലയിലെ പാൽ ഉൽപാദനത്തിൽ ചുരുങ്ങിയത് 30 ശതമാനത്തിന്റെയെങ്കിലും കുറവുണ്ടാകുമെന്നാണ് ക്ഷീരവികസന വകുപ്പിന്റെ കണക്കുകൂട്ടൽ.
പശുക്കളിലെ രോഗബാധയും കാലാവസ്ഥ വ്യതിയാനവും കറവ വറ്റിയ പശുക്കളുടെ എണ്ണം കൂടിയതുമെല്ലാം കാരണമാകുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. മാർച്ചിലെ കണക്കെടുപ്പിൽ പാൽ ഉൽപാദനം ഇനിയും കുറയുമെന്നാണ് വിലയിരുത്തൽ.
കാലിവളർത്തലിന് ചെലവേറിയതും അധ്വാനത്തിന് ആനുപാതികമായി പാൽവില കൂടാത്തതുംമൂലം ഒട്ടേറെപ്പേരാണ് ക്ഷീരമേഖല ഉപേക്ഷിക്കുന്നത്. വെയിൽ ശക്തമായതോടെ ജില്ലയിൽ പച്ചപ്പുൽ ക്ഷാമവും രൂക്ഷമായി. വൈക്കോൽ കൊടുത്താണ് പല ക്ഷീരകർഷകരും പശുക്കളുടെ ജീവൻ നിലനിർത്തുന്നത്. പശുക്കൾക്ക് വിശപ്പകറ്റാമെന്നല്ലാതെ വൈക്കോൽ നൽകിയാൽ പാൽ ഉൽപാദനത്തിൽ വർധനയുണ്ടാകില്ല.
പച്ചപ്പുല്ലിന് പകരം എന്നും വൈക്കോലാണെങ്കിൽ കന്നുകാലികൾ ആവശ്യത്തിന് തിന്നാനും മടിക്കും. ചൂട് കൂടിനിൽക്കുന്നതിനാൽ കന്നുകാലികളെ തൊഴുത്തിനു പുറത്തെത്തിച്ച് വളരെനേരംമേക്കാനും കഴിയില്ല. കൂടുതൽ നേരം വെയിലത്തുനിൽക്കുന്ന കന്നുകാലികൾക്ക് പലവിധ രോഗങ്ങൾ പിടിപെടുന്നു.
തമിഴ്നാട്ടിൽ നിന്നെത്തുന്ന വൈക്കോലിന് വില കൂടുകയാണ്. 18 കിലോയുടെ റോളിന് 200 രൂപയാണ് വില. പുറമെ വണ്ടിക്കൂലിയും നൽകണം. പരുത്തിപ്പിണ്ണാക്ക്, തവിട്, തേങ്ങാപ്പിണ്ണാക്ക്, പരുത്തിക്കുരു എന്നിവയുടെ യെല്ലാം വില വർധിച്ചു. 50 കിലോ കാലിത്തീറ്റക്ക് 1550 രൂപ വരെയായി വില.
ക്ഷീരസംഘങ്ങൾ വഴി വൈക്കോലും പച്ചപ്പുല്ലും സംഭരിച്ച് വിതരണം ചെയ്യുക, കാലിത്തീറ്റയുടെ വില കുറയ്ക്കാൻ സർക്കാർ വിപണിയിൽ ഇടപെടൽ നടത്തുക, സബ്സിഡി നിരക്കിൽ ക്ഷീരകർഷകർക്ക് വായ്പ അനുവദിക്കുക, ഇതരസംസ്ഥാനങ്ങളിൽനിന്ന് ഗുണനിലവാരം കുറഞ്ഞ പാൽ ഇറക്കുമതി ചെയ്യുന്നത് നിർത്തുക തുടങ്ങി ഒട്ടേറെ ആവശ്യങ്ങളാണ് ക്ഷീരകർഷകർ ഉന്നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.