ആരോപണങ്ങളിലും പ്രതിഷേധത്തിലും മുങ്ങി കൗൺസിൽ യോഗം

കൊല്ലം: കരാറുകാരന്‍റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ നൽകുന്നതിനുള്ള റിലീസിങ് ഓർഡറിൽ വ്യാജ ഒപ്പും സീലും പതിപ്പിച്ചുള്ള തട്ടിപ്പും കുടുംബശ്രീ യൂനിറ്റുകളുമായി ബന്ധപ്പെട്ട ക്രമക്കേടും ആരോപണങ്ങളായും പ്രതിഷേധമായും നിറഞ്ഞതോടെ ബഹളത്തിൽ മുങ്ങി കോർപറേഷൻ കൗൺസിൽ യോഗം.

പൊതുചർച്ചക്കൊടുവിൽ ബി.ജെ.പി, കോൺഗ്രസ്, ആർ.എസ്.പി കൗൺസിലർമാർ ബഹിഷ്കരണത്തിലേക്ക് നീങ്ങിയതോടെ അജണ്ടകൾ ചർച്ച ചെയ്യാതെ പാസായതായി മേയർ പ്രസന്ന ഏണസ്റ്റ് പ്രഖ്യാപിച്ചു. ഡെപ്പോസിറ്റ് ക്രമക്കേട് അറിഞ്ഞയുടൻ ഫയൽ പരിശോധിക്കുന്നതുൾപ്പെടെ അടിയന്തര നടപടി സ്വീകരിച്ചതായി മേയർ പറഞ്ഞു.

ആരായാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അഴിമതി എന്ന് പറഞ്ഞ് പുകമറ സൃഷ്ടിക്കാൻ അനുവദിക്കില്ലെന്നും നുണപ്രചാരണങ്ങളെ തള്ളിക്കളയണമെന്നും അവർ പറഞ്ഞു. വെള്ളിയാഴ്ച സ്റ്റിയറിങ് കമ്മിറ്റി യോഗം നടന്ന മുറിക്കുപുറത്ത് ഡെപ്പോസിറ്റ് തട്ടിപ്പ് വിഷയത്തിൽ ബി.ജെ.പി കൗൺസിലർമാരുടെ നേതൃത്വത്തിൽ യുവമോർച്ചക്കാർ പ്രതിഷേധമുയർത്തിയതിന്‍റെ അലയൊലികൾ നിറഞ്ഞതായിരുന്നു തിങ്കളാഴ്ച രാവിലെ നടന്ന കൗൺസിൽ യോഗം.

ആരോപണ വിധേയൻ എന്ന് പ്രതിപക്ഷം പറയുന്ന താൽക്കാലിക ജീവനക്കാരന്‍റെ കരാർ നീട്ടുന്ന അജണ്ട ഉൾപ്പെടുന്ന കൗൺസിൽ യോഗം തുടങ്ങുന്നതിന് മുമ്പ് തന്നെ ഗേറ്റിൽ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. ചർച്ചയിൽ പങ്കെടുത്ത പ്രതിപക്ഷ കൗൺസിലർമാർ ആരോപണങ്ങളിൽ നിന്ന് പിടിവിടാതെ നിന്നപ്പോൾ ഭരണകക്ഷിക്കാർ യുവമോർച്ചക്കാരുടെ പ്രതിഷേധത്തിനെതിരെയായിരുന്നു പ്രധാനമായും ശബ്ദമുയർത്തിയത്.

അജണ്ടക്ക് മുമ്പ് പൊതുചർച്ചക്ക് അരമണിക്കൂർ മേയർ അനുവദിച്ചതോടെ വാദപ്രതിവാദങ്ങളുമായി കൗൺസിൽ ഹാൾ മുഖരിതമായി. ലൈഫ് മിഷൻ പട്ടികയിൽ അനർഹർ കയറിക്കൂടിയെന്നും കുടുംബശ്രീ തട്ടിപ്പിൽ വീട്ടമ്മമാരെ പറ്റിച്ചുവെന്നും വ്യാജ ഒപ്പ് സംഭവത്തിൽ വലിയ അഴിമതിയാണ് നടന്നതെന്നും ആരോപിച്ച് ബി.ജെ.പിയുടെ ടി.ജി. ഗിരീഷ് ആണ് ചർച്ചക്ക് തുടക്കം കുറിച്ചത്.

അഴിമതി ചൂണ്ടിക്കാണിച്ച ഫയലുകൾ കത്തിച്ചെന്നും ഉളുപ്പുണ്ടെങ്കിൽ മേയർ രാജിവെക്കണം എന്നതുൾപ്പെടെ ആരോപണങ്ങളുമായി സംസാരം തുടർന്നത് ഭരണകക്ഷിയിൽനിന്ന് കനത്ത പ്രതിഷേധം ഏറ്റുവാങ്ങി.

ലൈഫ് മിഷൻ വിഷയത്തിൽ ഓട്ടിസം ബാധിതനെന്ന് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി പട്ടികയിൽ കയറിപ്പറ്റി എന്ന ഗിരീഷിന്‍റെ വാദം തെറ്റാണെന്നും ചൂണ്ടിക്കാട്ടിയ യുവാവ് മാനസികരോഗബാധിതനാണെന്ന സർട്ടിഫിക്കറ്റ് ആണ് ഉള്ളതെന്നും കുടുംബത്തിന് ഇക്കാര്യം പരസ്യമാകുന്നതിൽ മനോവിഷമമുണ്ടെന്നും കൗൺസിലർ അമ്പിളി മറുപടി നൽകി.

ഡെപ്പോസിറ്റ് ക്രമക്കേടിൽ പങ്കുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്ന താൽക്കാലിക ജീവനക്കാരനെ കൗൺസിൽ ഹാളിൽ ഇരുത്തി വിഷയം ചർച്ച ചെയ്യുന്നതിനെതിരെ കോൺഗ്രസിന്‍റെ കുരുവിള ജോസഫ് പ്രതിഷേധമറിയിച്ചു.

കുടുംബശ്രീ യൂനിറ്റുകളുമായി ബന്ധപ്പെട്ട് 2004 മുതൽ അഴിമതി ഉണ്ടായപ്പോൾ ലഘൂകരിച്ച് കണ്ടതിന്‍റെ ഫലമാണ് ഇപ്പോഴും ക്രമക്കേടുകൾ ആവർത്തിക്കുന്നതിന് കാരണമെന്നും കർശന നടപടി വേണമെന്നും ആർ.എസ്.പി കൗൺസിലർ പുഷ്പാംഗദൻ ആവശ്യപ്പെട്ടു.

ഉദ്യോഗസ്ഥരെ കയറൂരിവിടുന്നത് കോർപറേഷന്‍റെ സൽപ്പേര് കളഞ്ഞുകുളിക്കുന്നതിലേക്ക് എത്തിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി. മേയറുടെ ചേംബറിന് മുന്നിൽ യുവമോർച്ചക്കാർ പ്രതിഷേധിച്ച രീതിക്കെതിരെ കടുത്ത ഭാഷയിൽ കൗൺസിലർ എം. സജീവ് വിമർശിച്ചു.

നുണകൾ ആവർത്തിച്ച് പ്രചരിപ്പിക്കുകയാണെന്നും കൊലപാതകികൾ ഉൾപ്പെടെയാണ് കോർപറേഷന് ഉള്ളിൽ കയറി പ്രതിഷേധിച്ചതെന്നും അദേഹം പറഞ്ഞു. വികസന പ്രവർത്തനങ്ങളില്ല എന്ന ആക്ഷേപത്തിന് മറുപടിയായി കൊല്ലം എം.പി എന്ത് വികസനം കൊണ്ടുവന്നു എന്ന് സജീവ് ചോദ്യമുന്നയിച്ചതും ഒച്ചപ്പാടിന് ഇടയാക്കി. എം.പിയെ ആക്ഷേപിച്ചു എന്നായി കോൺഗ്രസ്, ആർ.എസ്.പി കൗൺസിലർമാരുടെ പരാതി.

സെക്യൂരിറ്റി ഡെപ്പോസിറ്റ് വിഷയത്തിൽ ശക്തമായ നടപടിയെടുക്കണമെന്നും ആരെയും സംരക്ഷിക്കില്ലെന്നുമാണ് ഭരണകക്ഷിയുടെ നിലപാടെന്ന് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനായ ജി. ഉദയകുമാർ വ്യക്തമാക്കി. തെറ്റുകാർക്കെതിരെ സമരം ചെയ്യാൻ തങ്ങളുടെ ഒപ്പം പ്രതിപക്ഷത്തെ ക്ഷണിക്കുകയും ചെയ്തു. ഡെപ്പോസിറ്റ് തുക തിരികെ നൽകുന്നതിൽ കാലതാമസമുണ്ടാകുന്നത് പരിശോധിക്കണമെന്ന് ഹണി ബെഞ്ചമിൻ ആവശ്യപ്പെട്ടു.

താൽക്കാലിക ജീവനക്കാരൻ നിരപരാധിയാണെന്നും ഇദ്ദേഹത്തെ ക്രൂശിച്ച് യഥാർഥ തെറ്റുകാരെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും ഉള്ള വാദമാണ് ഭരണപക്ഷത്തിൽ പലരും യോഗത്തിലുടനീളം ഉയർത്തിയത്. പുറത്ത് നിന്നുള്ളവരെ എത്തിച്ച് കോർപറേഷനുള്ളിൽ പ്രതിഷേധത്തിന് നേതൃത്വം നൽകിയ കൗൺസിലർ ഗിരീഷിനെ സസ്പെൻഡ് ചെയ്യണമെന്നും ക്രിമിനൽ കേസ് എടുക്കണമെന്നും ആവശ്യമുയർന്നു.

അസഹിഷ്ണുതയാണ് പ്രതിപക്ഷത്തിനുള്ളതെന്ന് ഡെപ്യൂട്ടി മേയർ കൊല്ലം മധു പറഞ്ഞു. നിസാമുദീൻ, അഭിമന്യു, സ്ഥിരം സമിതി അധ്യക്ഷരായ ഗീതാകുമാരി, എസ്. ജയൻ, എ.കെ. സവാദ് എന്നിവരും സംസാരിച്ചു.

മേയറുടെ മറുപടിക്ക് ശേഷം അജണ്ട ചർച്ചയിലേക്ക് കടക്കവേ കോൺഗ്രസ് പാർലമെന്‍ററി പാർട്ടി നേതാവ് ജോർജ് ഡി. കാട്ടിൽ ക്രമക്കേട് ആരോപണത്തെക്കുറിച്ച് സംസാരിക്കാൻ ശ്രമിച്ചത് മേയർ തടഞ്ഞതോടെയാണ് പ്രതിപക്ഷ പ്രതിഷേധം കടുത്തത്.

കൗൺസിലർമാർ ബഹിഷ്കരിക്കാൻ തീരുമാനിച്ചതോടെ അജണ്ട ചർച്ചയില്ലാതെ പാസായെന്ന് മേയർ പ്രഖ്യാപിച്ചു. ബി.ജെ.പി കൗൺസിലർമാർ ഹാളിനുള്ളിലെ സീറ്റിലിരുന്ന് മുദ്രാവാക്യം വിളി തുടർന്നു. പിന്നീട് കോർപറേഷൻ ഓഫിസിന് മുന്നിലും ഇവർ പ്രതിഷേധിച്ചു. 

സമൂഹത്തിന്‍റെ മനോഭാവം മാറണം-മേയർ

കൊല്ലം: ലോക മാനസികാരോഗ്യദിനത്തിൽ നടന്ന കോർപറേഷൻ കൗൺസിൽ യോഗത്തിനിടെ മാനസികവെല്ലുവിളി നേരിടുന്നവർക്ക് നേരെയുള്ള സമൂഹത്തിന്‍റെ മനോഭാവം മാറണമെന്ന അഭ്യർഥനയുമായി മേയർ പ്രസന്ന ഏണസ്റ്റ്.

ലൈഫ് മിഷൻ അർഹത പട്ടികയിൽ വ്യാജ ഓട്ടിസം സർട്ടിഫിക്കറ്റുമായി ഒരു കുടുംബം കയറിക്കൂടിയെന്നും ആ വ്യക്തിക്ക് ഒരു പ്രശ്നവുമില്ലെന്നും ബി.ജെ.പി കൗൺസിലർ ടി.ജി. ഗിരീഷ് ആരോപിച്ചതാണ് ഈ ചർച്ചയിലേക്ക് നയിച്ചത്.

ഓട്ടിസമല്ലെന്നും കൗമാരത്തിൽ മാനസികാരോഗ്യ പ്രശ്നമുണ്ടായ യുവാവിന്‍റെ കുടുംബത്തിന് ആ സർട്ടിഫിക്കറ്റ് അനുസരിച്ചാണ് പട്ടികയിൽ ഇടംകിട്ടിയതെന്നും കൗൺസിലർ അമ്പിളി മറുപടി നൽകി. യുവാവിന് ഇടക്കിടെ മാനസിക പ്രശ്നമുണ്ടാകുന്നുണ്ട്.

വിദേശത്ത് ജോലിക്ക് പോയിട്ടും ഇക്കാരണത്താൽ തിരികെ വന്നു. കുടുംബം വാടകവീട്ടിലാണ് കഴിയുന്നത്. യുവാവിന്‍റെ രോഗവിവരം പുറത്തറിഞ്ഞാൽ കുടുംബത്തിന് പ്രശ്നമാണെന്ന് മാതാവ് തന്നോട് പറഞ്ഞതായും കൗൺസിലർ അമ്പിളി പറഞ്ഞതോടെയാണ് ഇത്തരം സാഹചര്യങ്ങൾ നേരിടുന്നവരോടുള്ള സമൂഹത്തിന്‍റെ മോശം നിലപാട് മാറ്റേണ്ടതിനെക്കുറിച്ച് മേയർ വാചാലയായത്. ഒരമ്മയും തന്‍റെ മകൻ മാനസികരോഗിയാണെന്ന് കാട്ടി വീടിനായി ശ്രമിക്കില്ലെന്നും മേയർ പറഞ്ഞു.

Tags:    
News Summary - Council meeting drowned in accusations and protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.