കുളച്ചലില്‍ മത്സ്യബന്ധനബോട്ടിന് നേരെ വീണ്ടും ആക്രമണം
കൊല്ലം: ശക്തികുളങ്ങരയിൽനിന്ന് ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടിനുനേരെ വീണ്ടും ആക്രമണം. തമിഴ്നാട് കുളച്ചലിന് സമീപം ആഴകടലിൽവെച്ചാണ് മില്‍ട്ടന്റെ ഉടമസ്ഥതയിലുള്ള സെന്റ് ആന്റണീസ് എന്ന ബോട്ടിനു നേരെ ആക്രമണം ഉണ്ടായത്. കുളച്ചലില്‍ നിന്നെത്തിയ തമിഴ്നാട് മത്സ്യത്തൊഴിലാളികളാണ് ബോട്ട് തടഞ്ഞ് ആക്രമിച്ചത്. ബോട്ട് പിടിച്ചെടുത്ത് കുളച്ചലിലെ ഹാര്‍ബറിലേക്ക് കൊണ്ടുപോയി.
രാത്രിയില്‍ വിലക്ക് ലംഘിച്ച് വലവീശി മീന്‍ പിടിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. രാത്രിയില്‍ വലയിട്ട് മീന്‍ പിടിച്ചതിനെ തുടര്‍ന്നാണ് ബോട്ട് പിടിച്ചെടുത്ത് ഹാര്‍ബറിലേക്ക് മാറ്റിയതെന്ന് കുളച്ചലിലെ തമിഴ് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച ശക്തികുളങ്ങരയില്‍നിന്ന് മത്സ്യബന്ധനത്തിന് പോയ 14 ബോട്ടുകൾ കുളച്ചലിന് തെക്കുപടിഞ്ഞാറ് 60 നോട്ടിക്കല്‍മൈല്‍ അകലെ ഇന്ത്യന്മഹാസമുദ്രത്തില്വെച്ച് തമിഴ് മത്സ്യത്തൊഴിലാളികള്‍ ആക്രമിച്ച് മീന്‍പിടിത്ത ഉപകരണങ്ങള്‍ നശിപ്പിച്ചിരുന്നു. ഒമ്പത് ബോട്ടുകളിലെ വലകള്‍ നശിപ്പിച്ചു.
ബോട്ടുകളിലുണ്ടായിരുന്ന റോപ്പുകള്‍ മുറിച്ചുനീക്കി. വയര്‍ലസ്, ഇക്കോ സൗണ്ടര്‍, ജി.പി.എസ്. എന്നിവ നശിപ്പിച്ചു. ഓരോ ബോട്ടിനും 20 ലക്ഷംരൂപയോളമാണ് നഷ്ടമുണ്ടായത്. പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഹാര്‍ബറുകളില്‍ ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധം നടന്നിരുന്നു. ഇത്തരം ആക്രമണങ്ങൾക്ക് പരിഹാരം ഉണ്ടാകുമെന്ന് മന്ത്രിമാരടക്കം ഉറപ്പ് നൽകിയതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായത്.
പിടികൂടിയ ബോട്ട് ഇപ്പോൾ തമിഴ്നാട് ഫിഷറീസ് വകുപ്പിന്റെ കസ്റ്റഡിയിലാണ്. ശക്തികുളങ്ങരയില്‍നിന്ന് കുളച്ചലില്‍ മീന്‍പിടിത്തത്തില്‍ ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളെ തമിഴ്നാട്ടുകാര്‍ ആക്രമിക്കുന്നത് തുടര്‍ച്ചയായി നാലാംവര്‍ഷമാണ്. 2023ലും 2024ലും പ്രദേശത്ത് മീന്‍പിടിക്കാന്‍ വരരുതെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ആക്രമണത്തിലേക്കു തിരിഞ്ഞത്. അന്ന് ആറു ബോട്ടുകളെ ആക്രമിക്കുകയും നാലുപേരെ മാരകമായി പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.
‘ആക്രമിക്കപെട്ടത് അനധികൃത മത്സ്യബന്ധനത്തിലേർപ്പെട്ടവർ’
കൊല്ലം: മന്ത്രിതല ചർച്ചയിലെ ധാരണക്ക് വിരുദ്ധമായി മത്സ്യബന്ധനത്തിലേർപെട്ടവരാണ് കുളച്ചിലിൽ ആക്രമിക്കപെട്ടതെന്ന് ഓൾകേരള ഫിഷിങ് ബോട്ട് അസോസിയേഷൻ പ്രസിഡന്റ് പീറ്റർ മത്തായീസ് ‘മാധ്യമ’ത്തോട്പറഞ്ഞു. കഴിഞ്ഞ ദിവസത്തെ ആക്രമത്തെ തുടർന്ന് മന്ത്രി ഷിബു ബേബിജോൺ ഇടപെട്ട് ചർച്ച നടത്തുകയും കൊല്ലത്തെയും തമിഴ്നാട്ടിലെയും കലക്ടറുമാർ ഇരു പ്രദേശത്തെയും മത്സ്യതൊഴിലാളികളുമായി ചർച്ച നടത്തി മത്സ്യബന്ധനം സംബന്ധിച്ച ധാരണ രൂപപെടുകയും ചെയ്തിരുന്നു.
ഇരുകൂട്ടർക്കും സമ്മതമായ ഏരിയകളിൽ മത്സ്യബന്ധനമാകാമെന്നും രാത്രി വലവിരിക്കാൻ പാടില്ലെന്നതുമാണ് ധാരണയിലെ പ്രധാന തീരുമാനം. അസോസിയേഷനുമായി ബന്ധമില്ലാത്ത ഒറ്റപെട്ട ബോട്ടാണ് ഇന്നലെ രാത്രിയിൽ മത്സ്യബന്ധനം നടത്തിയതിന് കുളച്ചൽ ഹാർബറിലെ മത്സ്യതൊഴിലാളികൾ പിടികൂടിയത്. ഒരു പക്ഷെ കരയിലുണ്ടായ ധാരണ സംബന്ധിച്ച് അറിയാതെ നേരത്തെ കടലിൽ പോയതായിരിക്കാം അവരെന്നും പീറ്റർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.