representative image

എ.ബി.സി പദ്ധതിക്ക് കൊല്ലം ജില്ലയിൽ തുടക്കം

കൊല്ലം: തെരുവുനായ് ഭീഷണി നേരിടുന്നതിന് മൃഗസംരക്ഷണവകുപ്പിന്‍റെ നേതൃത്വത്തിൽ വന്ധ്യംകരണ പ്രവർത്തനങ്ങൾക്ക് ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ തുടക്കമായി.

നായ്ക്കളെ പിടികൂടി പ്രത്യേക കേന്ദ്രങ്ങളിൽ എത്തിച്ച് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ ശേഷം തിരികെ പിടികൂടിയ സ്ഥലത്ത് തുറന്നത് വിടുന്ന പദ്ധതിക്കായി ജില്ലയിൽ 13 പഞ്ചായത്തുകളിലാണ് കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുള്ളത്.

ഇവയിൽ അഞ്ചിടത്ത് ശനിയാഴ്ച മുതൽ ശസ്ത്രക്രിയ ആരംഭിച്ചു. 28 ശസ്ത്രക്രിയകളാണ് ആദ്യ ദിനത്തിൽ നടന്നത്. തിങ്കളാഴ്ച മറ്റ് എട്ട് കേന്ദ്രങ്ങളിലും ശസ്ത്രക്രിയക്ക് തുടക്കമാകും.

2019ലെ പഞ്ചവാർഷിക കന്നുകാലി കാനേഷുമാരി പ്രകാരം ജില്ലയിൽ 82000ൽപരം വീടുകളിൽ വളർത്തുന്ന നായ്ക്കളും 52869ൽപരം തെരുവുനായ്ക്കളുമാണ് ഉള്ളത്. നിലവിലെ പേവിഷ ബാധ ഭീഷണി കണക്കിലെടുത്ത് വീടുകളിൽ വളർത്തുന്ന നായ്ക്കളുടെ വാക്സിനേഷനും ലൈസൻസ് എടുക്കലുമാണ് ആദ്യഘട്ട പ്രവർത്തനമായി നടന്നത്.

സെപ്റ്റംബർ 20 വരെ നടന്ന മാസ് വാക്സിനേഷൻ ഡ്രൈവിൽ ജില്ലയിലുടനീളം 44000ത്തോളം നായ്ക്കൾക്കാണ് വാക്സിൻ എടുത്തത്. അടുത്ത ഘട്ടമായാണ് എ.ബി.സി പദ്ധതിക്ക് തുടക്കമായത്. നിലവിൽ 10 ഡോക്ടർമാരെയും നായ്ക്കളെ പിടികൂടി കേന്ദ്രങ്ങളിൽ എത്തിക്കാൻ 32 ഹാൻഡ്ലർമാരെയുമാണ് നിയോഗിച്ചിരിക്കുന്നത്. ഒരു ഡോക്ടർക്ക് സഹായവുമായി നാല് ഹാൻഡ്ലർമാർ ആണ് ഉള്ളത്.

ആദിച്ചനല്ലൂർ, പുനുക്കന്നൂർ, കുളക്കട, ഉമ്മന്നൂർ, കൊല്ലം വെറ്റ് ക്രോസ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം ശസ്ത്രക്രിയ തുടങ്ങിയത്. കല്ലുവാതുക്കൽ, കുഴിമതിക്കാട്, ശാസ്താംകോട്ട, പത്തനാപുരം, പന്മന, ചിറക്കര, വെഞ്ചേമ്പ്, കടയ്ക്കൽ എന്നിവിടങ്ങളാണ് പദ്ധതിക്കായി സജ്ജമായ മറ്റ് കേന്ദ്രങ്ങൾ.

ആദ്യഘട്ടത്തിലെ സെന്‍ററുകളിൽ ശസ്ത്രക്രിയ പൂർത്തിയാകുന്നതനുസരിച്ചും പഞ്ചായത്തുകൾ തയാറാകുന്നതനുസരിച്ചും വരുന്ന ആഴ്ചകളിൽ കൂടുതൽ പഞ്ചായത്തുകളിൽ കേന്ദ്രങ്ങൾ തുടങ്ങി എ.ബി.സി പദ്ധതി വ്യാപകമാക്കാനുള്ള തയാറെടുപ്പിലാണ് മൃഗസംരക്ഷണ വകുപ്പ്. കൊല്ലം കോർപറേഷനും മുനിസിപ്പാലിറ്റികളും നേരിട്ടാണ് എ.ബി.സി പദ്ധതി നടപ്പാക്കുന്നത്. 

എ.ബി.സി പദ്ധതി ഇങ്ങനെ

പഞ്ചായത്തുകൾ ശസ്ത്രക്രിയാ കേന്ദ്രങ്ങൾ സജ്ജമാക്കി അറിയിക്കുന്നത് അനുസരിച്ചാണ് മൃഗസംരക്ഷണ വകുപ്പ് ഡോക്ടർമാരെയും ഹാർഡ്ലർമാരെയും നിയോഗിച്ച് എ.ബി.സി പദ്ധതിക്ക് തുടക്കമിടുന്നത്. അതത് പഞ്ചായത്തുകളിൽ ഉള്ള നായ്ക്കളുടെ എണ്ണം അനുസരിച്ച് ഭരണസമിതിയാണ് തുക വിനിയോഗിക്കുന്നത്.

ഒരു ലക്ഷം രൂപ മുടക്കിയാൽ 130 ഓളം ശസ്ത്രക്രിയകളാണ് നടത്താനാകുക. ശസ്ത്രക്രിയ മുറിക്കായി എയർ കണ്ടീഷൻ ഹാൾ സജ്ജമാക്കണം. കൂടാതെ നായ്ക്കളെ പാർപ്പിക്കാൻ കൂട്, ഇവക്ക് ഭക്ഷണം പാകം ചെയ്യാൻ അടുക്കള എന്നീ സംവിധാനങ്ങളും ഉണ്ടായിരിക്കണം.

പിടികൂടി എത്തിക്കുന്ന നായ്ക്കളെ അനസ്തേഷ്യ നൽകി വന്ധ്യംകരിച്ച ശേഷം നിരീക്ഷണത്തിൽ പാർപ്പിക്കും. ആൺ നായ്ക്കളെ നാല് ദിവസവും പൊൺനായ്ക്കളെ അഞ്ച് ദിവസവുമാണ് ഇത്തരത്തിൽ പാർപ്പിക്കുന്നത്. മുറിവ് ഉണങ്ങുന്നതിനായി ആന്റിബയോട്ടിക്കുകൾ നൽകും.

ശേഷം പേവിഷ പ്രതിരോധ കുത്തിെവപ്പ് നൽകും. തുടർന്ന് എവിടെ നിന്നാണോ പിടികൂടിയത് അവിടെ തിരികെ എത്തിക്കും. വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ നായ്ക്കളുടെ ചെവിയിൽ 'വി' അടയാളം പതിപ്പിക്കും. പ്രതിരോധ കുത്തിെവപ്പ് നൽകിയ നായ്ക്കളെ തിരിച്ചറിയാൻ ശരീരത്തിൽ കറുപ്പ്, മഞ്ഞ നിറത്തിലുള്ള ഡൈ അടയാളമായി തേക്കും. തുടർന്നാണ് തിരികെ വിടുന്നത്.

ഒരു കേന്ദ്രത്തിൽ ദിനംപ്രതി 10 മുതൽ 15 വരെ നായ്ക്കളെ വന്ധ്യംകരിക്കാനാവും. എ.ബി.സി പദ്ധതി 90 ദിവസം തുടർച്ചയായി തുടരും. ഇതുകൂടാതെ നിലവിൽ ആരംഭിക്കുന്ന കേന്ദ്രങ്ങൾ ഭാവിയിലും തെരുവുനായ് വന്ധ്യംകരണ ശസ്ത്രക്രിയ പ്രവർത്തനങ്ങൾക്കായി നിലനിർത്താനുള്ള ശ്രമത്തിലാണ് മൃഗസംരക്ഷണ വകുപ്പ്.

Tags:    
News Summary - ABC project started in Kollam district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.