ശക്തമായ മഴയിൽ മലയോര ഹൈവേയിൽ കരവാളൂർ അടുക്കളമൂലയിൽ വെള്ളം കയറിയ നിലയിൽ
കൊല്ലം: മഴക്കെടുതി ശമനമില്ലാതെ തുടരുന്ന ജില്ലയിൽ ഒരാഴ്ചക്കിടയിലുണ്ടായ നഷ്ടം 15 കോടി കടന്നതായി ഔദ്യോഗിക കണക്ക്. തിങ്കളാഴ്ചയും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്തമഴ പെയ്തത് ദുരിതം ഇരട്ടിയാക്കി. പുനലൂർ മേഖലയിൽ രൂക്ഷമായ മഴയാണ് ഇന്നലെയും ഉണ്ടായത്. 117.4 മില്ലിമീറ്റർ മഴയാണ് പുനലൂർ മേഖലയിൽ മാത്രം രേഖപ്പെടുത്തിയത്.
ആര്യങ്കാവ്, കൊല്ലം പ്രദേശങ്ങളിലും ഇടവിട്ട് കനത്ത മഴ പെയ്തു. കല്ലട, പള്ളിക്കൽ ആറുകൾ അപകടനിലക്ക് മുകളിൽ കരകവിഞ്ഞ് ഒഴുകുകയാണ്. കഴിഞ്ഞ ദിവസം വെള്ളം കയറിയ മേഖലകളിലൊന്നും വെള്ളം ഇറങ്ങിയിട്ടില്ല. കൊല്ലം നഗരത്തിൽ അഷ്ടമുടിക്കായലിെൻറ തീരങ്ങളിലും നിരവധി സ്ഥലങ്ങളിൽ വെള്ളം കയറി ദുരിതത്തിലാണ്. ജില്ലയിൽ ആകെ 18 ക്യാമ്പുകൾ തുറന്നു. 236 കുടുംബങ്ങളിലെ 733 പേരെയാണ് ഇവിടങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചത്.
വെള്ളപ്പൊക്കക്കെടുതി രൂക്ഷമായ പത്തനാപുരം താലൂക്കിലാണ് കൂടുതൽ ക്യാമ്പുകൾ തുറന്നതും. ആറ് ക്യാമ്പുകളിലായി 76 കുടുംബങ്ങളെയാണ് പത്തനാപുരത്ത് മാറ്റിപ്പാർപ്പിച്ചത്. ഏറ്റവും കൂടുതൽ പേർ ക്യാമ്പുകളിൽ കഴിയുന്നതും ഇവിടെയാണ്, 255. കൊല്ലം, കൊട്ടാരക്കര താലൂക്കുകളിൽ നാല് വീതം ക്യാമ്പുകൾ തുറന്നു. കൊല്ലത്ത് ആറും കൊട്ടാരക്കരയിൽ 26 കുടുംബങ്ങളുമാണ് ക്യാമ്പുകളിൽ.
കരുനാഗപ്പള്ളിയിൽ മൂന്ന് ക്യാമ്പുകളിൽ 62 കുടുംബങ്ങളും പുനലൂരിൽ മൂന്ന് ക്യാമ്പുകളിൽ 47 കുടുംബങ്ങളുമുണ്ട്. കുന്നത്തൂരിൽ ഒരു ക്യാമ്പിൽ 24 കുടുംബങ്ങളെയാണ് താമസിപ്പിച്ചിരിക്കുന്നത്. വെള്ളപ്പൊക്കമുണ്ടായ ഇടങ്ങളിലും ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന സ്ഥലങ്ങളിലും ആയിരങ്ങൾ ബന്ധുവീടുകളിലേക്കും മാറിയിട്ടുണ്ട്.
പുനലൂർ: ഇടപ്പാളയത്തെ ഉരുൾപൊട്ടൽ മേഖലയിൽനിന്ന് സ്കൂളിലെ ക്യാമ്പിലേക്ക് മാറിതാമസിക്കാൻ വിസമ്മതിച്ചിരുന്ന കോളനി നിവാസികൾ ഒടുവിൽ മാറാൻ തയാറായത് അധികൃതർക്ക് ആശ്വാസമായി. ആര്യങ്കാവ് പഞ്ചായത്തിലെ ഇടപ്പാളയം നാലു സെൻറ് ലക്ഷം വീട് കോളനിയിലുള്ള 25 ഓളം കുടുംബങ്ങളിലെ നൂറോളം ആളുകളാണ് ഇടപ്പാളയം ഗവ.എൽ.പി.എസിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയത്.
ഇവർക്കാവശ്യമായ ഭക്ഷണമടക്കം എല്ലാ സൗകര്യവും പഞ്ചായത്ത് അധികൃതർ ഒരുക്കിനൽകുന്നുണ്ട്. കഴിഞ്ഞ 28ന് ഇവിടെ ഉരുൾപൊട്ടലുണ്ടായി പല വീടുകൾക്കും നാശം നേരിട്ടു. കഴിഞ്ഞ ദിവസങ്ങളിൽ മഴ കനത്തതോടെ ഈ കുടുംബങ്ങൾ ഇവിടെ ഇനിയും താമസിക്കുന്നത് അപകടത്തിനിടയാക്കുമെന്ന് കണ്ടാണ് മാറ്റിപാർപ്പിക്കാൻ അധികൃതർ തീരുമാനിച്ചത്. ശനിയാഴ്ച രാത്രി ഇവരെ മാറ്റാനായി പഞ്ചായത്ത് അധികൃതരും പൊലീസും എത്തിയിട്ടും ആരും തയാറായില്ല.
ഇവിടുള്ളവർ കശപിശയുണ്ടാക്കിയതിനെ തുടർന്ന് അധികൃതർ തിരിച്ചുപോയി. പിന്നീട്, പി.എസ്. സുപാൽ എം.എൽ.എ, പുനലൂർ ആർ.ഡി.ഒ ബി. ശശികുമാർ എന്നിവരുടെയും പഞ്ചായത്തംഗം മാമ്പഴത്തറ സലീമിെൻറയും ശ്രമഫലമായി ഞായറാഴ്ച രാത്രിയിൽ ക്യാമ്പിലേക്ക് താമസം മാറാൻ കോളനിക്കാർ തയാറാകുകയായിരുന്നു. മഴ മാറുന്നതോടെ ഇവരെ വീടുകളിലേക്ക് മടക്കും. ഉരുൾപൊട്ടൽ ഭീഷണിയുള്ള മേഖലയിലെ ഇവരുടെ സ്ഥിരതാമസം സുരക്ഷിതമല്ല. ഇത് സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ചിരിക്കുന്ന സംഘത്തിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കോളനിയിലുള്ളവരെ സ്ഥിരമായി മാറ്റി താമസിപ്പിക്കാൻ നടപടി ഉണ്ടാകുമെന്നറിയുന്നു.
പുനലൂർ: കിഴക്കൻ മേഖലയെ ഞായറാഴ്ച ഭീതിയുടെ മുൾമുനയിൽ നിർത്തിയ പേമാരിക്ക് താൽക്കാലിക ശമനം വന്നതോടെ കടുത്ത ആശങ്കക്ക് ആശ്വാസം. തുടർച്ചയായ മഴയും ഉരുൾപൊട്ടലും മലയോരമേഖലയിൽ കനത്ത നാശം വിതച്ചതിനിടക്ക് ഞായറാഴ്ച രാവിലെ അനുഭവപ്പെട്ട ശക്തമായ മഴയിൽ താലൂക്കിൽ വ്യാപകമായി വെള്ളം കയറി. പുനലൂർ പട്ടണത്തിലെ വെട്ടിപ്പുഴയിലടക്കം കയറിയ വെള്ളം ഇറങ്ങിത്തുടങ്ങി. ഒന്നുരണ്ടു ദിവസം കൂടി വലിയ മഴ ഇല്ലെങ്കിൽ താഴ്ന്ന പ്രദേശങ്ങളിൽ കയറിയ വെള്ളം പൂർണമായി ഒഴുകിമാറും. ഗതാഗതം മുടങ്ങിയിരുന്ന എല്ലാ റോഡുകളിലും വെള്ളം ഇറങ്ങിയതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെ മുതൽ ബസുകളടക്കം ഓടിത്തുടങ്ങി.
ഞായറാഴ്ച രാവിലെ രണ്ട് മണിക്കൂറോളം തിമിർത്ത മഴയാണ് വെള്ളപ്പൊക്കത്തിന് ഇടയാക്കിയത്. ഞായറാഴ്ച ഉച്ച മുതൽ കാര്യമായ മഴയില്ലായിരുന്നു. മലയോര മേഖലയിൽ തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലും രണ്ടുദിവസമായി മഴ ദുർബലമായിരുന്നു. കഴിഞ്ഞയാഴ്ചത്തെ ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടിരുന്ന അമ്പനാട്, അച്ചൻകോവിൽ തുടങ്ങിയ തോട്ടംമേഖലയും സാധാരണ നിലയിലായി. ഇവിടങ്ങളിലേക്കുള്ള റോഡുകൾ തകർന്നിരുന്നത് പഞ്ചായത്ത്, റവന്യൂ, ഫയർഫോഴ്സ്, എസ്റ്റേറ്റ് മാനേജ്മെൻറ് എന്നിവരുടെ കൂട്ടായ പരിശ്രമത്തിൽ താൽക്കാലികമായി ഗതാഗതയോഗ്യമാക്കി. ഇതുപോലെ ഒറ്റപ്പെട്ടിരുന്ന അച്ചൻകോവിൽ ഗ്രാമത്തിലും ഭീതി ഒഴിഞ്ഞു. എന്നാൽ, ഇവിടേക്കുള്ള അലിമുക്ക് റോഡിൽ തുറയിലടക്കം കലുങ്ക് തകർന്നതിനാൽ പുനലൂർ നിന്നുള്ള കെ.എസ്.ആർ.ടി.സി ബസ് അച്ചൻകോവിൽ എത്തുന്നില്ല.
ചെമ്പനരുവി കൂട്ടുമുക്ക് വരെയാണ് ഇപ്പോൾ സർവിസുള്ളത്. ഇവിടെ നിന്ന് പിന്നെയും പത്ത് കിലോമീറ്ററോളം അച്ചൻകോവിലിനുണ്ട്. ശബരിമല മണ്ഡലമഹോത്സവം കൂടി കണക്കിലെടുത്ത് തകർന്ന കലുങ്കുകൾ അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
പത്തനാപുരം: ദുരിതപ്പെയ്ത്ത് ശക്തം. ക്യാമ്പുകളില്‍ അഭയം തേടി നൂറിലധികം കുടുംബങ്ങള്‍. രണ്ട് ദിവസമായി തുടരുന്ന മഴയില്‍ മുപ്പതോളം വീടുകളാണ് തകര്‍ന്നത്. പത്തനാപുരം രണ്ട്, പിറവന്തൂര്‍ ഒന്ന്, പട്ടാഴി ഒന്ന്, പട്ടാഴി വടക്കേക്കര ഒന്ന്, തലവൂര്‍ ഒന്ന് വീതം ക്യാമ്പുകളും തുറന്നു. 21 വീടുകൾ പൂര്‍ണമായും തകർന്നിട്ടുണ്ടെന്ന് റവന്യൂ സംഘം പറയുന്നു. മുന്നൂറിലേറെ പേരാണ് വിവിധ ക്യാമ്പുകളില്‍ രണ്ട് ദിവസമായി കഴിയുന്നത്.
പത്തനാപുരം പഞ്ചായത്തിൽ നടുക്കുന്ന് എൽ.പി സ്കൂളിലെ ക്യാമ്പിലാണ് കൂടുതല്‍ ആളുകളുള്ളത്. വാഴപ്പാറ, പട്ടാഴി മേഖലകളില്‍ വൻതോതിൽ മണ്ണിടിച്ചിലുണ്ടായി. പിടവൂരിൽ ചിറ്റാശ്ശേരി സ്മിതാ ഭവനിൽ വിജയെൻറ വീടിന് മുകളിലേക്ക് തെങ്ങ് വീണ് വീട് ഭാഗികമായി തകർന്നിട്ടുണ്ട്. നടുക്കുന്ന് സ്കൂളിലെ ക്യാമ്പില്‍ കെ.ബി. ഗണേഷ്കുമാര് എം.എല്‍.എയും റവന്യൂ സംഘവും എത്തി വിവരശേഖരണം നടത്തി. തിങ്കളാഴ്ച വൈകുന്നേരത്തോടെ മഴയ്ക്ക് ശമനമുണ്ടെങ്കിലും വെള്ളം കുറഞ്ഞ് തുടങ്ങിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.