സ്വന്തമായി 75 സെന്‍റ്​ പുരയിടം; മുഴുപ്പട്ടിണിയിൽ വയോധികൻ

ഓയൂർ: ലക്ഷക്കണക്കിന് രൂപയുടെ ആസ്തിയുണ്ടായിട്ടും ഒറ്റപ്പെട്ട് മുഴുപ്പട്ടിണിയിൽ വയോധികൻ മൺകുടിലിൽ. വെളിനല്ലൂർ പഞ്ചായത്തിൽ അമ്പലംകുന്ന് വാർഡിൽ കിളിയൂർ മൂഴിയിൽ വീട്ടിൽ പ്രകാശ് (68) എന്ന വയോധികനാണ് ഈ ദുർഗതി. ഉറ്റവരോ ഉടയവരോ ആശ്രയത്തിനില്ലാത്ത ഇദ്ദേഹം ഏഴു വർഷം മുമ്പ്​ സ്വന്തമായി മണ്ണ് കൊണ്ട് നിർമിച്ച കുടിലിലാണ് താമസം. ഓല പാകിയ മേൽക്കൂര ദ്രവിച്ചതോടെ മൂന്നുനാല് വർഷം മുമ്പ്​ ഒരു പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയിരുന്നു. കാലക്രമേണ അതും വിണ്ടുകീറി. മഴയിൽ ചോർന്നൊലിക്കുന്നത് കാരണം നിലത്ത് കിടന്നുറങ്ങാൻ കഴിയാതെ ഇരുന്ന് നേരം വെളുപ്പിക്കുകയാണിദ്ദേഹം. ആരെങ്കിലുമെത്തിക്കുന്ന ഭക്ഷണം പോലും ഉള്ളിൽ സൂക്ഷിക്കാൻ കഴിയില്ല. 75 സെന്‍റ്​ വസ്​തു സ്വന്തമായി ഇദ്ദേഹത്തിന്‍റെ പേരിലുണ്ട്​. കാട്​ മൂടിയ ഈ വസ്തുവിലാണ്​ കുടിൽകെട്ടി താമസം. തെങ്ങുകയറ്റ തൊഴിലാളിയായ പ്രകാശ് 35 വർഷം മുമ്പ്​ ചാത്തന്നൂർ ചിറക്കര സ്വദേശിനിയെ വിവാഹം കഴിച്ചു. ഇതിൽ ഇവർക്ക് രണ്ട് മക്കളുണ്ട്. 20 വർഷം ദമ്പതികൾ പിണങ്ങിപ്പിരിഞ്ഞതോടെയാണ്​ പ്രകാശ്​ ഒറ്റപ്പെട്ടത്​. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ ചിലർ മനോരോഗ ചികിത്സകേന്ദ്രത്തിലെത്തിച്ചു. ഏറെ നാളത്തെ ചികിത്സക്കുശേഷം അസുഖം ഭേദമായിട്ടും ആരും കൂട്ടിക്കൊണ്ടു പോകാത്തതിനെത്തുടർന്ന് ആശുപത്രി അധികൃതർ ഇദ്ദേഹത്തെ അമ്പലംകുന്ന് കിളിയൂരിൽ വാഹനത്തിൽ കൊണ്ടുവന്ന് ഇറക്കിവിട്ടു. ഇതിനി​ടെ, ഇദ്ദേഹത്തിന്‍റെ വീട് പൂർണമായും നശിച്ച് വാസയോഗ്യമല്ലാതായി. തുടർന്ന്,​ പ്രകാശ് പിന്നീട് അമ്പലംകുന്നിലും പരിസരത്തുമുള്ള സ്ഥാപനങ്ങളിൽ ചെറിയ ജോലികൾ ചെയ്താണ് ജീവിച്ചുപോന്നത്. ഇപ്പോൾ ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയിലാണ്​. ബന്ധത്തിലെ ഒരു സഹോദരിയും മകളും വല്ലപ്പോഴും കൊണ്ടുകൊടുക്കുന്ന ആഹാരം കഴിച്ചും വാങ്ങിക്കൊടുക്കുന്ന അരി വേവിച്ചുമാണ് ജീവൻ നിലനിർത്തുന്നത്. വെളിനല്ലൂർ പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും ആരോഗ്യവകുപ്പും പൊലീസ്​ ഉദ്യോഗസ്ഥരും മുൻകൈ​യെടുത്ത് ഇദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.