ആവേശത്തോടൊഴുകി യുവത്വം കൊല്ലം: കേരള സർവകലാശാല യൂനിയൻ യുവജനോത്സവത്തിൻെറ ആദ്യദിനത്തിൽ ആവേശത്തോടെ ഒഴുകിയെത്തി യുവത്വം. രാവിലെ മുതൽ എസ്.എൻ കോളജ് കാമ്പസിലേക്ക് മത്സരാർഥികളും കാണികളുമായി ആയിരങ്ങളാണ് നിറഞ്ഞെത്തിയത്. മത്സരങ്ങളില്ലായിരുന്നിട്ടും ആവേശമൊട്ടും ചോരാതെ സൗഹൃദവർത്തമാനങ്ങൾ പറഞ്ഞും കളിചിരികൾ പങ്കിട്ടും അവർ മണിക്കൂറുകൾ ചെലവഴിച്ചു. ഇടക്കിടക്ക് വന്ന മഴക്കാറിനും ആ ആവേശത്തിനെ തണുപ്പിച്ചില്ല. വൈകീട്ട് 'ആക്ടീവ് റേഡിയോ' ബാൻഡിൻെറ പാട്ടുകൾ ആസ്വദിക്കാനും നിറഞ്ഞ സദസ്സ് ആവേശത്തോടെയാണ് എത്തിയത്. ഉദ്ഘാടന ചടങ്ങിന് മുമ്പ് സദസ്സിനെ കൈയിലെടുത്ത് ഒരു മണിക്കൂറോളം ബാൻഡ് പാട്ടുകൾ അവതരിപ്പിച്ചു. ആറേകാലോടെയാണ് ഉദ്ഘാടന ചടങ്ങിന് തുടക്കമായത്. അധ്യക്ഷയായ മേയർ പ്രസന്ന ഏണസ്റ്റ് പ്രസംഗം തുടങ്ങിയപ്പോഴേക്കും വലിയൊരുസംഘം തിരിച്ചുപോക്ക് ആരംഭിച്ചിരുന്നു. മന്ത്രിയുടെ ഉദ്ഘാടനപ്രസംഗം കേൾക്കാൻ സദസ്സിൽ ഇരുന്നതിനേക്കാൾ കൂടുതൽ പേർ പുറത്തുനിൽക്കുന്നതായിരുന്നു കാമ്പസിലെ കാഴ്ച. ഒന്നര മണിക്കൂറോളം നീണ്ട ഉദ്ഘാടന ചടങ്ങിനൊടുവിലാണ് പ്രധാന വേദിയിലെ ആദ്യ ഇനമായ മോഹിനിയാട്ടത്തിന് നറുക്കെടുപ്പ് നടന്നത്. 41 പേരാണ് മോഹിനിയാട്ടത്തിന് ചമയമണിഞ്ഞെത്തിയത്. ഒരു മണിക്കൂർ നീണ്ട ഇടവേളക്കുശേഷം രാത്രി ഒമ്പത് കഴിഞ്ഞാണ് മോഹിനിയാട്ടത്തിന് തുടക്കമായത്. അപ്പോഴും കാഴ്ചക്കാരായി നല്ലൊരു സദസ്സ് കാത്തിരുന്നു. എസ്.എൻ വനിത കോളജിലെ വേദിയിൽ നടന്ന കഥകളിയിൽ ഏഴുപേരും ഫാത്തിമ മാത നാഷനൽ കോളജിൽ നടന്ന ഗസലിൽ 36 പേരും ആദ്യദിനം മാറ്റുരച്ചു. മണിക്കൂറുകൾ നീണ്ട മത്സരകാഴ്ചകൾക്കൊപ്പം ആവേശവുമായി സദസ്സും ഉണർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.